ആലപ്പുഴ: രണ്ടാംകൃഷിയുടെ നെല്ല് സംഭരണം തുടരുന്ന കുട്ടനാട്ടിൽ ഗുണനിലവാരപരിശോധനയുടെ പേരിൽ മില്ലുകാർ കർഷകരെ ചൂഷണം ചെയ്യുന്നതായി പരാതി. ഈർപ്പത്തിന്റെയും പതിരിന്റെയും പേരിൽ തോന്നുംപടി കിഴിവ് ആവശ്യപ്പെടുകയും നൽകാൻ തയ്യാറാകാത്ത കർഷകരെ സമ്മർദ്ദത്തിലാക്കുകയും ചെയ്യുന്ന തന്ത്രമാണ് മില്ലുകാർ പയറ്റുന്നത്. വിഷയം മന്ത്രി ഉൾപ്പെടെയുള്ളവരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പാഡി പേയ്മെന്റ് ഉദ്യോഗസ്ഥരോ കൃഷി വകുപ്പോ പ്രശ്നത്തിൽ ഇടപെടാത്തത് കർഷകരുടെ പ്രതിഷേധത്തിനിടയാക്കുന്നു.
അമ്പലപ്പുഴ തെക്ക് നടുക്കെമേലത്തിങ്കരി, കാവിപ്പാടം തുടങ്ങിയ പാടങ്ങളിലാണ് ഏറ്റവും ഒടുവിൽ നെല്ല് സംഭരണത്തിൽ മില്ലുകാരുടെ ശീതസമരത്തിന് കർഷകർ ഇരയായത്. നടുക്കേമേലത്തിങ്കരിപാടത്ത് രണ്ടാഴ്ച മുമ്പാണ് കൊയ്ത്ത് നടന്നത്. കൊയ്തെടുത്ത നെല്ലിൽ ഈർപ്പത്തിന്റെയും പതിരിന്റെയും തോത് കൂടുതലാണെന്ന പേരിൽ മില്ലുകാർ 15 കിലോഗ്രാം വരെ കിഴിവ് ആവശ്യപ്പെട്ടു. എന്നാൽ 4.5 കിലോയിൽ കൂടുതൽ കിഴിവ് നൽകാൻ കർഷകർ തയ്യാറായില്ല. കർഷകർ വിഷയം കൃഷിമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെ ഗുണനിലവാര പരിശോധനയുടെ അടിസ്ഥാനത്തിൽ നെല്ല് സംഭരിക്കാമെന്ന് മില്ലുകാർ സമ്മതിച്ചെങ്കിലും 5.5 കിലോ കിഴിവ് ഈടാക്കിയാണ് നെല്ല് സംഭരിച്ചത്. മഴയെ ഭയന്നാണ് ഒരു കിലോ നെല്ല് അധികമായി നൽകി സംഭരണത്തിന് കർഷകർ തയ്യാറായത്. സമീപത്തെ കാവിപ്പാടത്തും സമാനമായിരുന്നു സ്ഥിതി. 4.5 കിലോ നെല്ലാണ് ഇവിടെ കിഴിവ് നൽകേണ്ടിവന്നത്.
ഗുണനിലവാര പരിശോധനയുടെ പേരിൽ ചൂഷണം
1. കൃഷി വകുപ്പിന് കീഴിൽ ശാസ്ത്രീയമായ ഗുണനിലവാര പരിശോധന സംവിധാനമില്ലാത്തതാണ് ചൂഷണത്തിനിടയാക്കുന്നത്
.2. രണ്ടാം കൃഷിയിൽ നെല്ലിന്റ അളവ് കുറവായതിനാൽ സംഭരണത്തിന് മില്ലുകാർ കൂടുതലായി എത്തിയിരുന്നില്ല
3. വിളവെടുപ്പിന്റെ തുടക്കത്തിൽ തന്നെ മില്ലുകാരുടെ നിസഹകരണമാണ് കൊയ്ത്ത് വൈകാനും കാരണമായത്.
4. 11 മില്ലുകളാണ് സംഭരണത്തിന് തയ്യാറായെത്തിയത്.
........................................
രണ്ടാം കൃഷി വിളവെടുപ്പ്
പ്രതീക്ഷിക്കുന്ന വിളവ് .................42,289 മെട്രിക് ടൺ
നെല്ല് സംഭരിച്ച കർഷകരുടെ എണ്ണം......6,767
സംഭരിച്ച നെല്ല്............................21,484 മെട്രിക് ടൺ
മില്ലുകാരുടെ ചൂഷണം തടയുന്നതിന് സർക്കാർ തലത്തിൽ ശക്തമായ സംവിധാനം ആവശ്യമാണ്. അമ്പലപ്പുഴ തെക്ക് പഞ്ചായത്തിൽ രണ്ടാഴ്ചയാണ് മില്ലുകാരെ കാത്ത് നെല്ല് പാടങ്ങളിൽ കൂട്ടിയിടേണ്ടിവന്നത്
-- ഷാജി, കർഷകൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |