ആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കള്ളിംഗ് നടക്കുന്ന തകഴി, കാർത്തികപ്പള്ളി, കരുവാറ്റ, പുന്നപ്ര സൗത്ത്, അമ്പലപ്പുഴ സൗത്ത്, ചെറുതന, പുറക്കാട്, നെടുമുടി, കുമാരപുരം എന്നീ പഞ്ചായത്തുകളുടെ പ്രഭവകേന്ദ്രത്തിന് 10 കിലോമീറ്റർ ചുറ്റളവിലുള്ള സർവൈലൻസ് സോണിൽ ഉൾപ്പെടുന്ന ആലപ്പുഴ നഗരസഭ, അമ്പലപ്പുഴ സൗത്ത്, അമ്പലപ്പുഴ നോർത്ത്, പുന്നപ്ര സൗത്ത്, പുന്നപ്ര നോർത്ത്, പുറക്കാട്, കൈനകരി, ചമ്പക്കുളം, രാമങ്കരി, വെളിയനാട്, പുളിങ്കുന്ന്, നെടുമുടി, തലവടി, മുട്ടാർ, എടത്വ, തകഴി, തൃക്കുന്നപ്പുഴ, ആറാട്ടുപ്പുഴ, കണ്ടല്ലൂർ, പത്തിയൂർ, മുതുകുളം, കരുവാറ്റ, കുമാരപുരം, ഹരിപ്പാട് നഗരസഭ, കാർത്തികപ്പള്ളി, ചിങ്ങോലി, വീയപുരം, പള്ളിപ്പാട്, ചെറുതന, ചേപ്പാട്, ചെട്ടികുളങ്ങര, ചെന്നിത്തല, മാന്നാർ, നിരണം, കടപ്ര പഞ്ചായത്തുകളുടെ പരിധിയിൽ താറാവ്, കോഴി, കാട, മറ്റു വളർത്തുപക്ഷികൾ ഇവയുടെ മുട്ട , ഇറച്ചി, കാഷ്ടം (വളം), ഫ്രോസൺ മീറ്റ്, മറ്റ് ഉത്പ്പന്നങ്ങൾ എന്നിവയുടെ ഉപയോഗവും വിപണനവും കടത്തലും ഒരാഴ്ചത്തേയ്ക്ക് നിരോധിച്ചു. പ്രഭവ കേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിൽ കള്ളിംഗ് പൂർത്തിയായി മൂന്ന് മാസത്തേയ്ക്ക് പക്ഷികളെ വളർത്തുന്നത് നിരോധിച്ചു.
അമ്പലപ്പുഴ, കാർത്തികപ്പള്ളി, കുട്ടനാട് തഹസിൽദാർമാർ പ്രത്യേക പരിശോധനാ സ്‌ക്വാഡുകൾ രൂപീകരിച്ച് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിൽ കർശന പരിശോധനയും മേൽനോട്ടവും നടത്തും.
3795 പക്ഷികളെ കൊന്നു
ഇന്നലെ വൈകിട്ട് വരെ 3795 പക്ഷികളെ കള്ളിംഗിന് വിധേയമാക്കി. നെടുമുടി, കരുവാറ്റ, തകഴി, കുമാരപുരം പഞ്ചായത്തുകളിൽ കള്ളിംഗ് പൂർത്തിയായി. കാർത്തികപ്പള്ളി, പുന്നപ്ര സൗത്ത്, ചെറുതന, അമ്പലപ്പുഴ സൗത്ത് എന്നീ പഞ്ചായത്തുകളിൽ കള്ളിംഗ്പുരോഗമിക്കുന്നു. കുമാരപുരം പഞ്ചായത്തിൽ 131 പക്ഷികളെയാണ് ഇന്നലെ കൊന്നത്. തകഴിയിൽ 286 പക്ഷികളെയും കരുവാറ്റയിൽ 715 പക്ഷികളെയും, നെടുമുടിയിൽ 2663 പക്ഷികളെയും കൊന്നൊടുക്കി. എട്ട് ദ്രുതപ്രതികരണ സംഘങ്ങളാണ് നേതൃത്വം നൽകിയത്.പക്ഷികളെ കൊന്നശേഷം വിറക്, ഡീസൽ, പഞ്ചസാര എന്നിവ ഉപയോഗിച്ച് നിശ്ചിത സ്ഥലങ്ങളിൽ കത്തിച്ച് കളയുകയാണ് ചെയ്യുന്നത്. കത്തിക്കൽ പൂർത്തിയായശേഷം പ്രത്യേക സംഘമെത്തി തിങ്കളാഴ്ച അണുനശീകരണം നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |