
മെഴുവേലി: ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി മെഴുവേലിയിൽ കോൺഗ്രസിൽ ഭിന്നത രൂക്ഷമായി. ഒരു വിഭാഗം പാർട്ടി വിടുമെന്ന സൂചന നേതൃത്വത്തിന് നൽകി. പ്രസിഡന്റിനെ തീരുമാനിച്ചതിൽ മുതിർന്ന അംഗങ്ങളെ തഴഞ്ഞ് ആന്റോ ആന്റണി എം.പിയുടെ വ്യക്തി താൽപ്പര്യം അടിച്ചേൽപ്പിച്ചതായാണ് ആക്ഷേപം. ഇരുപത് വർഷമായി പഞ്ചായത്ത് അംഗമായി തുടരുന്ന കോൺഗ്രസിലെ ഷൈനി ലാൽ പഞ്ചായത്തിലെ ജനകീയ മുഖമായിരുന്നു. ഇത്തവണ സി.പി.എമ്മിന്റെ കൈയിലിരുന്ന രണ്ടാം വാർഡിലെ ജനറൽ സീറ്റിൽ നിന്ന് മത്സരിച്ച് വിജയിച്ച ഷൈനി പഞ്ചായത്ത് പ്രസിഡന്റ് ആകുമെന്നാണ് എല്ലാവരും കരുതിയത്. തോൽവി ഭയന്ന് കോൺഗ്രസിലെ പുരുഷൻമാർ മത്സരിക്കാൻ തയ്യാറാകാതിരുന്ന വാർഡിൽ പാർട്ടിയുടെ നിർബന്ധത്തിന് വഴങ്ങിയാണ് ഷൈനി സ്ഥാനാർത്ഥിയായത്. ദീർഘകാലം പഞ്ചായത്ത് അംഗമെന്ന നിലയിൽ അനുഭവ സമ്പത്തും പരിചയവുമുള്ള ഷൈനിയെ തഴഞ്ഞതിൽ പ്രതിഷേധിച്ച് സാധാരണ കോൺഗ്രസ് പ്രവർത്തകർ പാർട്ടി വിടുമെന്ന് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഒരുതവണ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു ഷൈനി. പിന്നീട് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായി. ഇത്തവണ പഞ്ചായത്ത് പ്രസിഡന്റാക്കുന്നത് ആദ്യമായി ജയിച്ചുവന്ന നെജോമോനെയാണ്.
മുൻ എം.എൽ.എ കെ.സി രാജഗോപാലൻ ഉൾപ്പെടെ ശക്തരായ എൽ.ഡി.എഫ് നിരയാണ് പ്രതിപക്ഷത്തുള്ളത്. ഒരു തവണപോലും പഞ്ചായത്തംഗം ആകാതിരുന്നയാളെ പ്രസിഡന്റാക്കിയാൽ യു.ഡി.എഫിന് മികച്ച ഭരണം നടത്താൻ കഴിയാതെ വരുമെന്ന് കോൺഗ്രസിലെ വിലയ വിഭാഗം നേതൃത്വത്തിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 14 അംഗ പഞ്ചായത്തിൽ യു.ഡി.എഫിന് ഒൻപതും എൽ.ഡി.എഫിന് അഞ്ചും അംഗങ്ങളാണുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |