
കോന്നി: അച്ചൻകോവിൽ -കോന്നി വനപാതയിൽ തമിഴ്നാട്ടിൽ നിന്നും കാൽനടയായി വരുന്ന ശബരിമല തീർത്ഥാടകരുടെ എണ്ണം വർദ്ധിച്ചതോടെ വനം വന്യജീവി വകുപ്പ് തീർത്ഥാടകർക്ക് ജാഗ്രതാ നിർദ്ദേശങ്ങൾ നൽകി. കോന്നി അച്ചൻകോവിൽ വനപാത പൊട്ടിപ്പൊളിഞ്ഞു ഗതാഗതയോഗ്യമല്ലാതായിട്ടുണ്ട്. ആവണിപ്പാറ ഉന്നതിയിലെ കുടുംബങ്ങൾ പുറംലോകത്തേക്ക് എത്താൻ ഉപയോഗിക്കുന്ന വനപാതയാണിത്. അടുത്തിടെ തമിഴ്നാട്ടിലെ കന്യാകുമാരിയിൽ നിന്ന് കാൽനടയായി വന്ന ശബരിമല തീർത്ഥാടകർ രാത്രി വഴിതെറ്റി കാട്ടിൽ ഒറ്റപ്പെട്ടുപോയിരുന്നു. വനപാലകർ ഇവരെ കണ്ടെത്തി മണ്ണാറപ്പാറ ഫോറസ്റ്റ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.
വനപാതയിലെ ചെമ്പനരുവി, കോടമല, വളയം, കൈച്ചിറ തുടങ്ങിയ മേഖലകളിൽ തുടർച്ചയായി അപകടങ്ങൾ നടക്കുന്നുണ്ട്. വളവുകളിൽ പുല്ല് വളർന്നുനിൽക്കുന്നതിനാൽ വേഗത്തിൽ വരുന്ന വാഹനങ്ങൾ പലപ്പോഴും വന്യമൃഗങ്ങളുടെ മുന്നിൽ അകപ്പെടാൻ സാദ്ധ്യതയുണ്ട്. വളവുകളിൽ കാട്ടാനകൾ നിന്നാൽ പെട്ടെന്ന് കാണാൻ കഴിയില്ല. കാട്ടാനകൾ, മ്ലാവുകൾ, കാട്ടുപോത്തുകൾ, കരടി, കടുവ, പുലി എന്നിവയുടെ സാന്നിദ്ധ്യം പതിവായുള്ള വനമേഖലയാണിത്. അച്ചൻകോവിൽ നിന്നും വനപാതയിലൂടെ കോന്നിയിൽ എത്തുന്ന തീർത്ഥാടകർ തുടർന്ന് വടശ്ശേരിക്കര വഴിയാണ് പമ്പയിലേക്ക് പോകുന്നത്.
@അച്ചൻകോവിൽ നദിയുടെ തീരങ്ങളിൽ ഇറങ്ങുന്നവർ ജാഗ്രത പാലിക്കുക. അപ്രതീക്ഷിതമായ മലവെള്ളപ്പാച്ചിലോ ആഴമോ അപകടത്തിന് കാരണമായേക്കാം.
@ആന, കാട്ടുപോത്ത് തുടങ്ങിയ വന്യമൃഗങ്ങൾ റോഡ് മുറിച്ചുകടക്കാൻ സാദ്ധ്യതയുള്ള മേഖലയാണിത്. ഹോൺ അടിക്കുന്നത് പരമാവധി ഒഴിവാക്കുക.
@വനത്തിനുള്ളിൽ വാഹനം നിറുത്തി ഫോട്ടോ എടുക്കുന്നതും സെൽഫി എടുക്കുന്നതും ജീവന് ഭീഷണിയായേക്കാം
@വനത്തിനുള്ളിലെ റോഡുകളിൽ കുത്തനെയുള്ള ഇറക്കങ്ങളും കൊടുംവളവുകളും ഉള്ളതിനാൽ വേഗത നിയന്ത്രിക്കുക.
@വാഹനങ്ങളിൽ വരുന്നവർ അമിതവേഗത ഒഴിവാക്കുക.
@രാത്രിയാത്ര പരമാവധി ഒഴിവാക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |