കൊച്ചി: ജോലി സ്ഥലത്തും ബസ് സ്റ്റോപ്പിലും വച്ച് ബഹളമുണ്ടാക്കിയ ഭർത്താവ്, യുവതിയെ മെട്രോ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിന് മുന്നിൽവച്ച് കുത്തി പരിക്കേൽപ്പിച്ചു. വയറിനും കൈകളിലും മുറിവേറ്റ ആലപ്പുഴ മുല്ലയ്‌ക്കൽ സ്വദേശി നീതു(32) എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ചോരപുരണ്ട കത്തിയുമായി സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഭർത്താവ് ഇടപ്പള്ളി ചങ്ങമ്പുഴ കൂനംതൈ മാനത്ത്പാടം വീട്ടിൽ മഹേഷിനെ (39) മെട്രോ പൊലീസ് കീഴ്പ്പെടുത്തി.
ഇന്നലെ വൈകിട്ട് കളമശേരി മുട്ടം മെട്രോ സ്റ്റേഷനിലായിരുന്നു സംഭവം. ഒരാഴ്ചയായി ഭർത്താവുമായി പിണങ്ങി ആലുവ തോട്ടയ്‌ക്കാട്ടുകരയിലെ ബന്ധുവീട്ടിലാണ് നീതു താമസിച്ചിരുന്നത്. ജോലി സ്ഥലത്തുവച്ചും ജോലി കഴിഞ്ഞ് മുട്ടത്തെ ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോഴും നീതുവിനെ മഹേഷ് ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്നാണ് യുവതി മുട്ടം മെട്രോ സ്റ്റേഷനിലെത്തിയത്. ടിക്കറ്റ് എടുക്കുന്നതിനിടെ ഇവിടെയെത്തിയ മഹേഷ് വാക്കേറ്റത്തെ തുടർന്ന് കൈവശമുണ്ടായിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നു. നീതു അപകടനില തരണം ചെയ്തതായും കൊലപ്പെടുത്തുകയായിരുന്നു മഹേഷിന്റെ ഉദ്ദേശ്യമെന്നും പൊലീസ് അറിയിച്ചു. രണ്ടു കൊല്ലം മുമ്പാണ് ചുമട്ടുതൊഴിലാളിയായ മഹേഷും നീതുവും വിവാഹിതരായത്. വിവാഹത്തിന് ശേഷം അപകടത്തിൽ പരിക്കേറ്റ മഹേഷിന് ജോലിക്ക് പോകാൻ സാധിക്കാതെയായി. സംശയരോഗത്തെ തുടർന്ന് ഭാര്യയെ മർദ്ദിക്കുന്നത് പതിവായതോടെയാണ് നീതു ബന്ധുവീട്ടിലേക്ക് താമസം മാറ്റിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |