SignIn
Kerala Kaumudi Online
Thursday, 19 February 2026 2.52 AM IST

ടൗൺഹാൾ നവീകരണ പ്രവർത്തനങ്ങൾ ഊരാളുങ്കൽ സൊസൈറ്റിക്ക്

Increase Font Size Decrease Font Size Print Page

ആറ്റിങ്ങൽ: ആറ്റിങ്ങൽ മുനിസിപ്പൽ ടൗൺഹാൾ നവീകരണത്തിന്റെ നിർമ്മാണം ഊരാളുങ്കൽ സൊസൈറ്റി ഏറ്റെടുത്ത് നിർമ്മാണ പ്രവർത്തനങ്ങൾ ഈ ആഴ്ച ആരംഭിക്കും. 2017ൽ നാല് കോടി രൂപ ചെലവഴിച്ച് പുനർനിർമ്മാണം നടത്താൻ തീരുമാനിച്ചെങ്കിലും പ്രവർത്തനങ്ങൾ മുടങ്ങി. നഗരസഭയുടെ നേതൃത്വത്തിലാണ് പഴയഹാൾ നവീകരണത്തിന് തുടക്കമിട്ടത്. ദേശീയപാതയിൽ കച്ചേരിനടയ്ക്കും സി.എസ്.ഐ ജംഗ്ഷനും ഇടയ്ക്ക് സ്ഥിതിചെയ്യുന്ന മുനിസിപ്പൽ ടൗൺഹാൾ ആറ്റിങ്ങലിന്റെ പ്രധാന ശ്രദ്ധാകേന്ദ്രവും നഗരസഭയുടെ വരുമാന സ്രോതസുകളിലൊന്നുമാണ്. കുറഞ്ഞ വാടകയ്ക്ക് ഹാൾ ലഭിക്കുമെന്നതിനാൽ സാധാരണ കുടുംബങ്ങളിലെ ചടങ്ങുകൾക്കായി ടൗൺ ഹാളിനെയാണ് ആശ്രയിച്ചിരുന്നത്. നഗരം കേന്ദ്രീകരിച്ചുള്ള കലാ-സാഹിത്യ-സാംസ്കാരിക-രാഷ്ട്രീയ പരിപാടികളുടെ കേന്ദ്രവും ഇവിടെയായിരുന്നു. ആറ്റിങ്ങൽ ടൗൺ സർവീസ് സഹകരണബാങ്ക് വായ്പ അനുവദിക്കാൻ സന്നദ്ധരായതോടെ പദ്ധതിയുമായി മുന്നോട്ടുപോകാൻ നഗരസഭാ അധികൃതർ തയ്യാറായി.

തടസങ്ങൾ പിന്നാലെ

നഗരസഭാ കാര്യാലയത്തിന്റെ ആധാരം പണയപ്പെടുത്തിയാണ് സഹകരണ ബാങ്കിൽ നിന്നും രണ്ടുകോടി രൂപ വായ്പയെടുത്തത്. നവീകരണത്തിന് അനുമതി ലഭിച്ചതോടെ കെ.എസ്.ഇ.ബിയുടെ നിർമ്മാണ വിഭാഗത്തിന് നഗരസഭ കരാർ നൽകി പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. നിയമതടസങ്ങളുൾപ്പെടെ ആദ്യഘട്ടത്തിൽ പ്രവർത്തനങ്ങൾ നീളുന്നതിനിടയാക്കി. തടസങ്ങൾ നീങ്ങിയതോടെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ വീണ്ടും തുടങ്ങിയത്.

നിർമ്മാണ പ്രവർത്തനങ്ങൾക്ക് 4.5കോടിയുടെ പദ്ധതി രൂപരേഖയാണ് പിന്നീട് തയ്യാറാക്കിയത്.

പണികൾ പൂർത്തിയാകുമ്പോൾ

ആധുനിക സൗകര്യങ്ങളോടെ 900പേർക്ക് ഇരിക്കാവുന്ന ശീതീകരിച്ച ഹാൾ,

450 പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാനുള്ള ഡയ്നിംഗ് സൗകര്യം,

പ്രധാന ഹാളിന് പിന്നിലുണ്ടായിരുന്ന ഭാഗം സസ്യാഹാരശാലയാക്കും.

അതിനുപിന്നിൽ അടുക്കള.

ഭൂമിക്കടിയിലാണ് പാർക്കിംഗ് സൗകര്യമൊരുങ്ങുന്നത്.

നഗരസഭയ്ക്ക് വരുമാന നഷ്ടവും

ടൗൺഹാളിന്റെ നവീകരണ പ്രവർത്തനങ്ങളാരംഭിച്ചപ്പോൾ സ്വകാര്യ വ്യക്തിയുടെ കേസ്, ലോക്ഡൗൺ ഉൾപ്പെടെയുള്ള പ്രശ്നങ്ങളുണ്ടായതോടെ വീണ്ടും പണികൾ മുടങ്ങി. ഒന്നാം ഘട്ടത്തിൽ ലഭിച്ച രണ്ട് കോടിക്ക് പുറമേ നഗരസഭയുടെ പ്ലാൻ ഫണ്ടുകൾ വഴിമാറ്റി ടൗൺഹാൾ വികസനത്തിന് ചെലവഴിച്ചു. തുടർന്ന് ലോണെടുക്കാനുള്ള നഗരസഭയുടെ നീക്കം സർക്കാർ തടഞ്ഞതോടെ നവീകരണം പാതിവഴിയിലുമായി. സഹകരണ ബാങ്കിന് ഇൻസ്റ്റാൾമെന്റും പലിശയും മുടങ്ങി. മുൻ കാലങ്ങളിൽ നഗരസഭയുടെ പ്രതിവർഷവരുമാനം 25മുതൽ 30ലക്ഷം വരെയാണ്. കഴിഞ്ഞ 8വർഷം ടൗൺഹാൾ അടഞ്ഞു കിടന്നതോടെ നഗരസഭയ്ക്ക് ഒന്നരക്കോടിയിലധികം രൂപയുടെ വരുമാനനഷ്ടവുമുണ്ടായി.

നവീകരണം പൂർത്തിയാകുമ്പോൾ

വൈകിയ വേളയിലാണ് നിർമ്മാണ ചുമതല ഊരാളുങ്കൽ ഏറ്റെടുത്തത്.നവീകരണം പൂർത്തിയാകുമ്പോൾ ഒമ്പത് കോടി രൂപ നിർമ്മാണ ചെലവ് പ്രതീക്ഷിക്കുന്നു. ഇതിനകം 5.50 കോടി ചെലവഴിച്ചു കഴിഞ്ഞു.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY