തൊടുപുഴ: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമമിട്ട് ഉടുമ്പന്നൂർ- കൈതപ്പാറ- മണിയാറംകുടി റോഡ് നിർമ്മാണത്തിന് തുടക്കമായി. കോട്ടക്കവല വേളൂർ ഫോറസ്റ്റ് സ്റ്റേഷൻ മുതൽ കൈതപ്പാറ വരെയുള്ള ഭാഗത്തെ നിർമ്മാണമാണ് ആരംഭിച്ചിരിക്കുന്നത്. രണ്ട് കൂറ്റൻ മണ്ണുമാന്തി യന്ത്രങ്ങളുടെ സഹാത്തോടെയാണ് നിർമ്മാണം പുരോഗമിക്കുന്നത്. ആദ്യ പടിയായി റോഡിലെ കുണ്ടും കുഴിയും നികത്തും. പിന്നീട് അനുവദിനീയമായ 3.75 മീറ്റർ വീതിയിൽ കോൺക്രീറ്റ് ചെയ്ത് വികസിപ്പിക്കും. നിലവിൽ റോഡിന് വീതി കൂടുതലുള്ള സ്ഥലങ്ങളിലും വീതി കുറഞ്ഞ സ്ഥലങ്ങളിലും ഇങ്ങനെ തന്നെയായിരിക്കും നിർമ്മാണം. വെള്ളിയാഴ്ച മുതൽ ആരംഭിച്ച നിർമ്മാണം പി.എം.ജി.എസ്.വൈ: ഫേസ്- 3 പ്രകാരമാണ് നടത്തുന്നത്. പ്രവൃത്തികൾ നിരീക്ഷിക്കാൻ ഫ്ളൈയിംഗ് സ്‌ക്വാഡ് അടക്കമുള്ള വനംവകുപ്പ് ജീവനക്കാരുമുണ്ട്. അനുവദിച്ച അതിരിന് വെളിയിലുള്ള വനഭൂമിയിൽ നിന്ന് മണ്ണ് നീക്കം ചെയ്യുന്നുണ്ടോയെന്ന് പരിശോധിക്കലാണ് വനപാലകരുടെ ജോലി. നിർമ്മാണം പൂർണമായും പി.എംജി.എസ്.വൈയ്ക്ക് വിട്ട് നൽകിയിരിക്കുകയാണ്. പണി പൂർത്തിയാകുമ്പോൾ റോഡ് വനംവകുപ്പ് തിരികെ ഏറ്റെടുക്കും. മണിയാറംകുടിയിൽ നിന്ന് 18.5 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിന് രണ്ട് റീച്ചുകളിലായി 14.82 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. പണി പൂർത്തിയാക്കിയാൽ രാത്രികാല യാത്രാ നിരോധനം, 500 മീറ്റർ ഇടവിട്ട് റോഡിൽ ഹബ്ബ്, സിംഗിൾ ലൈൻ ട്രാഫിക് അടക്കമുള്ള കാര്യങ്ങൾ നിലവിൽ വരും. വിശദ പഠനത്തിന് ശേഷമായിരിക്കും നടപ്പാക്കുക.
മഹാപ്രളയത്തിൽ കൈത്താങ്ങായ റോഡ്
2018ലെ പ്രളയത്തിൽ ഹൈറേഞ്ച് മേഖലയിലേക്കുള്ള പാതകളെല്ലാം അടഞ്ഞപ്പോൾ ഭക്ഷണവും മരുന്നും അടക്കമുള്ള അവശ്യ വസ്തുക്കൾ ഇടുക്കിയിലേക്ക് എത്തിക്കാൻ ഏക ആശ്രയം ഈ പാതയായിരുന്നു. ആ വർഷം വനമേഖലയിലുള്ള പല പാതകളും പ്രകൃതി ദുരന്തത്തിൽപ്പെട്ടെങ്കിലും ഈ റോഡിൽ ഒരു ചെറിയ മണ്ണിടിച്ചിൽ പോലും ഉണ്ടായില്ലെന്നതാണ് യാഥാർത്ഥ്യം. ചെറുതോണി ഭാഗത്ത് നിന്ന് 40 കിലോമീറ്ററിൽ താഴെയുള്ള ദൂരത്തിൽ തൊടുപുഴയിൽ എത്താമെന്നതും റോഡിന്റെ പ്രത്യേകതയാണ്.
രാഷ്ട്രീയ പോരിൽ കുടുങ്ങിയ പദ്ധതി
വനമേഖലയിലൂടെ കടന്നുപോകുന്ന റോഡ് കോതമംഗലം- കോട്ടയം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ് പരിധിയിലുള്ളതാണ്. നൂറ്റാണ്ടുകളായുള്ള ഈ റോഡിനെക്കുറിച്ച് കൊച്ചി രാജവംശത്തിന്റെ കാലത്തുള്ള രേഖകളിലടക്കം സൂചിപ്പിച്ചിട്ടുള്ളതായി ചരിത്രകാരന്മാരുടെ ലേഖനങ്ങളിലും പരാമർശമുണ്ട്. റോഡിനായി കൈതപ്പാറ, മക്കുവള്ളി, മനയത്തടം, മണിയാറംകുടി ഭാഗത്തുള്ള നൂറുകണക്കിന് കുടുംബങ്ങൾ മുറവിളി കൂട്ടാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായതാണെങ്കിലും ഇപ്പോഴാണ് പല കടമ്പകൾ കടന്ന് അന്തിമ തീരുമാനമായത്. പൂർണമായും പാത തെളിക്കുന്നതിന് വനംവകുപ്പും തടസം നിന്നിരുന്നു. ഇതിന് പുറമെ മുന്നണി രാഷ്ട്രീയത്തിന്റെ പേരിൽ എം.എൽ.എമാരും എം.പിയും തമ്മിൽ ഏകോപനമില്ലാതിരുന്നതും നിർമ്മാണം വൈകുന്നതിന് ഇടയാക്കി. ഒടുവിൽ കുറഞ്ഞത് എട്ട് മീറ്റർ വീതി വേണമെന്ന് ആവശ്യപ്പെട്ട പദ്ധതിക്ക്, വനം വകുപ്പുമായി നടത്തിയ ചർച്ചയിൽ 3.75 മീറ്ററാക്കാമെന്ന തീരുമാനത്തിലെത്തിയതോടെയാണ് വീണ്ടും ചിറക് മുളച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |