തിരുവനന്തപുരം: ജില്ലയിലെ തെരുവുനായ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ തീവ്രയജ്ഞ പരിപാടികളുമായി മൃഗസംരക്ഷണ വകുപ്പ്. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ പോർട്ടബിൾ എ.ബി.സി സെന്ററുകളുടെ പ്രവർത്തനം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും. ഇതുസംബന്ധിച്ച ജില്ലാതല ആലോചന യോഗവും നടന്നു. തെരുവുനായകൾക്ക് കൃത്യമായ ഭക്ഷണം നൽകുന്നത് ആക്രമണ സ്വഭാവം കുറയ്ക്കുന്നതിന് സഹായിക്കുമെന്നതിനാൽ ഫീഡേഴ്സിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്ത് തിരിച്ചറിയൽ രേഖകൾ നൽകും. ഫീഡേഴ്സിനെ ഉപദ്രവിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ പൊലീസിന് നിർദ്ദേശം നൽകും. പെറ്റ് ഷോപ്പ് റൂൾ,ബ്രീഡിംഗ് റൂൾ എന്നിവ കർശനമായി നടപ്പിലാക്കാനും രണ്ടിലധികം നാടൻ അല്ലെങ്കിൽ റെസ്ക്യൂ നായകളെ സംരക്ഷിക്കുന്നവർക്ക് ഹോം ഷെൽട്ടർ ലൈസൻസ് നൽകാനും തീരുമാനമുണ്ട്.
തീരുമാനങ്ങൾ ഇങ്ങനെ
ബ്ലോക്ക് തലത്തിൽ പുതിയ എ.ബി.സി കേന്ദ്രങ്ങൾ ആരംഭിക്കണം. എ.ബി.സി യൂണിറ്റുകളോടൊപ്പം ദത്തെടുക്കൽ കേന്ദ്രങ്ങളുംവേണം. സർക്കാർ ഷെൽട്ടറുകളിൽ രോഗികളായ നായകൾ,പ്രായമായ നായകൾ, അനാഥ നായ്ക്കുട്ടികൾ, ഗർഭിണികളായ നായകൾ എന്നിവയ്ക്കായി മതിയായ സൗകര്യങ്ങളും തുറന്ന ഇടങ്ങളും ഒരുക്കും.
ഡോഗ് ക്യാച്ചേഴ്സ്, ഡോഗ് ഹാൻഡ്ലേഴ്സ് എന്നിവർക്കായി പരിശീലനം സംഘടിപ്പിക്കും
ഉത്തരവാദിത്വമുള്ള ഫീഡിംഗ് സംബന്ധിച്ച് വർക്ക്ഷോപ്പുകൾ നടത്തും.
മാദ്ധ്യമങ്ങൾ,റസിഡൻസ് അസോസിയേഷനുകൾ എന്നിവയ്ക്ക് മൃഗക്ഷേമം സംബന്ധിച്ച ബോധവത്കരണം നൽകും
രജിസ്റ്റർ ചെയ്ത മൃഗക്ഷേമ സംഘടനകൾക്ക് സാമ്പത്തിക സഹായവും കുറഞ്ഞ വിലയ്ക്ക് അരിയും ലഭ്യമാക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |