കുമളി: കെ.ടി.ഡി.സി. അധികൃതരുടെ കെടുകാര്യസ്ഥത മൂലം തേക്കടിയിലെ ബോട്ട് ടിക്കറ്റുകളുടെ എണ്ണം പകുതിയായി കുറഞ്ഞതോടെ ഇടവേളയ്ക്ക് ശേഷം ടിക്കറ്റ് കരിഞ്ചന്ത മാഫിയ സജീവമായി.
കെ.ടി.ഡി.സി.യുടെ 120 പേർക്ക് വീതം യാത്ര ചെയ്യാവുന്ന മൂന്ന് ഇരുനില ബോട്ടുകളിൽ ഒരെണ്ണം മാത്രമാണ് ഇപ്പോൾ തടാകത്തിൽ സർവ്വീസ് നടത്തുന്നത്. ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾക്കായി ഇനിയുള്ള ദിവസങ്ങളിൽ തേക്കടിയിൽ വിനോദ സഞ്ചാരികളുടെ തിരക്ക് വർദ്ധിക്കുകയാണ് പതിവ്. ഈ സാഹചര്യത്തിൽ ടിക്കറ്റ് കൗണ്ടറിൽ കൂടുതൽ പേരെ നിറുത്തി പരമാവധി ടിക്കറ്റ് കൈക്കലാക്കി പുറത്ത് കൂടിയ നിരക്കിൽ വിൽക്കുകയാണ് കരിഞ്ചന്ത ലോബി ചെയ്യുന്നത്. ചില കെ.ടി.ഡി.സി, വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്തായോടെയാണ് ടിക്കറ്റ് വിൽപ്പന. ഇതിനായി ഒരോ ട്രിപ്പിനുമുള്ള ടിക്കറ്റ് എടുക്കുന്നതിന് സഞ്ചാരികൾക്കൊപ്പം കരിഞ്ചന്തക്കാരും ക്യൂവിൽ നിൽക്കും. പലരുടെയും പേരിൽ ടിക്കറ്റുകൾ കൈക്കലാക്കിയ ശേഷമാണ് മറിച്ചുവിൽപ്പന. തേക്കടിയിൽ ഉണ്ടായ ബോട്ട് ദുരന്തത്തെ തുടർന്നാണ് സഞ്ചാരികളുടെ പേരുവിവരങ്ങൾ ശേഖരിക്കുന്ന പതിവ് ആരംഭിച്ചത്.എന്നാൽ, ഇതിനെ അട്ടിമറിച്ചാണ് മറ്റാരുടെയെങ്കിലും പേരിലുള്ള ബോട്ട് ടിക്കറ്റുകളുമായി സഞ്ചാരികൾ സവാരിക്ക് പോകുന്നത്. സഞ്ചാരികളെ തടാകതീരത്തേക്ക് ഇറക്കിവിടുന്ന സ്ഥലത്ത് ടിക്കറ്റ് പരിശോധന ഉണ്ടെങ്കിലും ഇത് ടിക്കറ്റിൽ പേരുള്ള ആളു തന്നെയാണോയെന്ന് പരിശോധിക്കാറില്ല. ഇത് സംബന്ധിച്ച് ചിത്രം പകർത്താനെത്തിയ മാദ്ധ്യമപ്രവർത്തനെ സെക്യൂരി ഗാർഡ് അസഭ്യം പറയുകയും ഫോൺ തട്ടിതെറിപ്പിക്കുകയും ചെയ്തു. ബോട്ടിന്റെ സർവ്വീസ് സമയത്തിന് മുമ്പ് തന്നെ ടിക്കറ്റ് തീർന്നുവെന്നാണ് വിനോദ സഞ്ചാരികളോട് ജീവനക്കാർ പറയുന്നത്. ഉത്തരേന്ത്യയിൽ നിന്ന് വളരെയധികം ദൂരത്ത് നിന്ന് വരുന്നവർ കരിഞ്ചന്തയിൽ ടിക്കറ്റ് വാങ്ങാൻ നിർബന്ധിതരാകുകയാണ്.
നടക്കുന്നത് വൻ കൊള്ള
തേക്കടി തടാകത്തിൽ ദിവസവും അഞ്ച് തവണയാണ് ബോട്ട് സവാരി. ക്യൂവിൽ ഏജന്റുമാർ ആളെ കയറ്റി നിറുത്തി ടിക്കറ്റുകൾ വാങ്ങി മറിച്ചുവിൽക്കുന്നു. ഓരോ ട്രിപ്പിലും അമ്പതിലധികം ടിക്കറ്റുകൾ കൈക്കലാക്കുന്ന കരിഞ്ചന്ത ലോബി 245 രൂപയുടെ ടിക്കറ്റ് 650 മുതൽ 1000 രൂപ വരെ നിരക്കിൽ മറിച്ചുവിറ്റാണ് ലക്ഷങ്ങൾ സമ്പാദിക്കുന്നത്. കെ.ടി.ഡി.സി ജീവനക്കാർ, സൂപ്പർവൈസർ, ടൂറിസം, പൊലീസ്, ഫോറസ്റ്റ് എല്ലാത്തിനും പങ്ക് വഹിക്കുന്നു. 245 രൂപയുടെ ബോട്ട് ടിക്കറ്റാണ് 1000- 1500 രൂപയ്ക്ക് കരിഞ്ചന്തയിൽ വിൽപ്പന നടത്തുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |