
തൃശൂർ: പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അട്ടിമറി നടന്ന മറ്റത്തൂരിൽ വിവാദം കത്തിക്കേറുന്നു. കോൺഗ്രസ് ടിക്കറ്റിലും വിമതരായും മത്സരിച്ച് വിജയിച്ചവർ നേതൃത്വത്തിനെതിരെയും സി.പി.എം കുതിരക്കച്ചവടം നടത്തിയെന്നാരോപിച്ചും രംഗത്തെത്തിയതോടെ വിവാദം ചൂടുപിടിച്ചു. വിഷയം മുഖ്യമന്ത്രിയുൾപ്പെടെ ഏറ്റുപിടിച്ചതോടെ മറ്റത്തൂർ ശ്രദ്ധാകേന്ദ്രമായി. മുഖ്യമന്ത്രിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവും രംഗത്തെത്തി. ഇതിനിടെ കൂറുമാറിയവരിൽ ഒരാൾ ചതിക്കപ്പെട്ടുവെന്ന പ്രസ്താവനയുമായി രംഗത്തെത്തിയതോടെ ഭരണമുന്നണിയിലും ഭിന്നത പുറത്തുവന്നു.
മറ്റത്തൂർ പഞ്ചായത്തിലെ എട്ട് കോൺഗ്രസ് അംഗങ്ങളാണ് പാർട്ടി വിട്ട് ബി.ജെ.പിക്ക് ഒപ്പം ചേർന്ന് കോൺഗ്രസ് വിമതയെ പ്രസിഡന്റാക്കിയത്. കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച ഒരാളെ ബി.ജെ.പി പിന്തുണയോടെ വൈസ് പ്രസിഡന്റുമാക്കി. എന്നാൽ, പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡറായി തിരഞ്ഞെടുത്ത ഒരാളെ സി.പി.എം വിലയ്‌ക്കെടുത്തതാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്ന് പുറത്താക്കപ്പെട്ടവർ ആരോപിച്ചു. ഇതിനിടെ കോൺഗ്രസിന്റെ ബ്ലോക്ക് പഞ്ചായത്ത് മെമ്പറായ പ്രവീൺ എം.കുമാറും നേതൃത്വത്തിന്റെ ഇടപെടൽ ആവശ്യപ്പെട്ട് പുറത്താക്കപ്പെട്ടവർക്കൊപ്പം വാർത്താസമ്മേളനത്തിനെത്തി. ഇതെല്ലാം മുൻകൂട്ടി നിശ്ചയിച്ച നാടകമാണെന്ന ആരോപണമാണ് സി.പി.എമ്മും സി.പി.ഐയും ഉയർത്തുന്നത്.
പൊതുവികാരം കണക്കിലെടുത്തെന്ന്..!
പ്രാദേശിക രാഷ്ട്രീയവും പൊതുവികാരവും പരിഗണിച്ചാണ് സ്വതന്ത്രയെ പ്രസിഡന്റാക്കിയതെന്നും മുൻ ഭരണസമിതികളിൽ സി.പി.എം നടത്തിയ അഴിമതി മൂടിവയ്ക്കാനുള്ള തന്ത്രത്തിന്റെ പരിണതഫലമാണ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ കണ്ടതെന്നുമാണ് പുറത്തുപോയവരുടെ വാദം. കോൺഗ്രസ് അംഗമായ കെ.പി.ഔസേപ്പിനെ സി.പി.എം വിലയ്‌ക്കെടുത്തുവെന്നും ഇവർ ആരോപിച്ചു.
നേതൃത്വത്തിന് വീഴ്ച്ച..?
മറ്റത്തൂരിൽ നേതൃത്വത്തിന് വീഴ്ചയുണ്ടായതായി ഒരു വിഭാഗം ആരോപിക്കുന്നു. തിരഞ്ഞെടുപ്പിന് മുമ്പ് മറ്റത്തൂരിലെ കോൺഗ്രസും ഡി.സി.സി നേതൃത്വവും തർക്കം തുടങ്ങിയിരുന്നു. കോൺഗ്രസിന് മറ്റത്തൂരിൽ തിരിച്ചുവരാൻ കഴിയില്ലെന്ന ധാരണയായിരുന്നു നേതൃത്വത്തിനെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു. വിമതരടക്കം 10 പേരെ വിജയിപ്പിച്ചു. വിമതരായി നിന്ന് വിജയിച്ചവരെ പാർട്ടിയിലേക്ക് തിരിച്ചെടുത്തെങ്കിലും പിന്നീട് നടന്ന 'ഓപ്പറേഷൻ താമര' തിരിച്ചറിയുന്നതിൽ നേതൃത്വത്തിന് വീഴ്ച്ച സംഭവിച്ചതായി മുതിർന്ന നേതാക്കളും ആക്ഷേപിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |