
ഇസ്ലാമാബാദ്: പാകിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ഇമാദ് വസീം ഭാര്യ സാനിയ അഷ്ഫാഖുമായി വിവാഹമോചനം പ്രഖ്യാപിച്ചതിനു പിന്നാലെ താരത്തിനെതിരെ ഗുരുതര ആരോപണവുമായി സാനിയ. ആറ് വർഷം നീണ്ടുനിന്ന ദാമ്പത്യം അവസാനിപ്പിക്കുകയാണെന്ന് ഇമാദ് പരസ്യമായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സാനിയയും രംഗത്തെത്തിയത്. തങ്ങളുടെ കുടുംബം തകരാൻ കാരണം മൂന്നാമതൊരാളുടെ ഇടപെടലാണെന്ന് സാനിയ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
'വളരെയധികം വേദന നിറഞ്ഞ അവസ്ഥയിൽ നിന്നാണ് ഞാനിത് എഴുതുന്നത്. എന്റെ കുടുംബം തകർന്നു, എന്റെ കുട്ടികൾക്ക് അച്ഛനില്ല. നാല് കുട്ടികളുടെ അമ്മയാണ്. ഇതിലൊരാൾ അഞ്ച് മാസം പ്രായമാണുള്ളത്. അച്ഛന്റെ കൈകളിൽ ഇതുവരെ അവന് ഇരിക്കാൻ കഴിഞ്ഞിട്ടില്ല. ഇത് ഞാൻ പങ്കുവയ്ക്കാൻ ആഗ്രഹിച്ച കാര്യങ്ങളല്ല. പക്ഷേ നിശബ്ദതയെ ഒരിക്കലും ബലഹീനതയായി തെറ്റിദ്ധരിക്കരുത്. മിക്ക വിവാഹങ്ങളെയും പോലെ ഞങ്ങളുടെ വിവാഹത്തിലും ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. പക്ഷേ അത് തുടർന്നു.
ഭാര്യയും അമ്മയും എന്ന നിലയിൽ ഞങ്ങളുടെ കുടുംബത്തെ സംരക്ഷിക്കാൻ ഞാൻ ആത്മാർത്ഥമായി ശ്രമിച്ചു. എന്റെ ഭർത്താവിനെ വിവാഹം കഴിക്കാൻ ഉദ്ദേശിച്ചിരുന്ന മൂന്നാം കക്ഷിയുടെ പങ്കാളിത്തമാണ് ഈ വിവാഹത്തെ ബന്ധത്തെ തകർത്തത്.
ഗർഭിണിയായ സമയത്ത് ഞാൻ വൈകാരിക പീഡനം, മോശം പെരുമാറ്റം, ഗർഭഛിദ്രം എന്നിവയൊക്കെ സഹിച്ചു, എന്റെ കുട്ടികൾക്കും വീടിന്റെ അന്തസിനും വേണ്ടി എല്ലാം ഞാൻ ക്ഷമിച്ചു. വിവാഹമോചനത്തിന്റെ കാര്യം തന്നെ നിയമപരമായ തർക്കത്തിലാണ്. ഇപ്പോഴും സൂക്ഷ്മപരിശോധനയിലാണ്. സത്യം ശരിയായ വഴികളിലൂടെ പുറത്തുവരും. എന്നെ നിശബ്ദയാക്കാനോ ഭീഷണിപ്പെടുത്താനോ ശ്രമിക്കുന്നവർ അനീതിക്ക് മറുപടി ലഭിക്കാതെ പോകില്ലെന്ന് ഓർക്കുക.
കൂടാതെ, ഈ കേസിൽ കുറ്റവാളികൾക്കെതിരെ നിയമപരമായ തെളിവുകൾ ലഭ്യമാണെന്ന് മനസിലാക്കണം. പരസ്യമായി ഒന്നും പ്രതികരിക്കരുതെന്ന് എന്നെ ഭീഷണിപ്പെടുത്താൻ ശ്രമിച്ച ഓരോ വ്യക്തിയും നിയമത്തെ നേരിടേണ്ടിവരും. ഞാൻ ഇന്ന് സംസാരിക്കുന്നത് പ്രതികാരത്തിന്റെ പേരിലല്ല, മറിച്ച് എനിക്ക് വേണ്ടിയും, എന്റെ കുട്ടികൾക്കുവേണ്ടിയും, നിശബ്ദരാക്കപ്പെട്ട ഓരോ സ്ത്രീക്കുവേണ്ടിയും സത്യത്തിന്റെ പേരിലുമാണ്'.- സാനിയ കൂട്ടിച്ചേർത്തു.
വർഷങ്ങളായി നിലനിന്നിരുന്ന അഭിപ്രായവ്യത്യാസങ്ങളും തർക്കങ്ങളും പരിഹരിക്കാൻ കഴിയാഞ്ഞതിനാലാണ് വിവാഹ ബന്ധം വേർപ്പെടുത്താൻ തീരുമാനിച്ചതെന്ന് 37കാരനായ ഇമാദ് വസീം നേരത്തെ വ്യക്തമാക്കിയിരുന്നു. തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും പഴയ ചിത്രങ്ങൾ പ്രചരിപ്പിക്കരുതെന്നും ഇമാദ് അഭ്യർത്ഥിച്ചു. ഇനി മുതൽ സാനിയയെ തന്റെ പങ്കാളിയായി വിശേഷിപ്പിക്കരുതെന്നും അദ്ദേഹം ഇൻസ്റ്റാഗ്രാം കുറിപ്പിൽ പറഞ്ഞു.
വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നും താരം മുന്നറിയിപ്പ് നൽകി. പിതാവ് എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങൾ തുടർന്നും നിറവേറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ഇമാദിന്റെ പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു സാനിയ അഷ്ഫാഖ് തന്റെ ഭാഗവും വിശദീകരിച്ചത്.
2019ലായിരുന്നു ഇമാദ് വസീമും സാനിയയും വിവാഹിതരായത്. ഇവർക്ക് മൂന്ന് മക്കളുണ്ട്. പാക് ക്രിക്കറ്റിലെ സൂപ്പർ താരങ്ങളിൽ ഒരാളായ ഇമാദ് വസീമിന്റെ കുടുംബ പ്രശ്നം ആരാധകർക്കിടയിലും വലിയ ചർച്ചയായിരിക്കുകയാണ്. 2015 മുതൽ പാകിസ്ഥാൻ ക്രിക്കറ്റിൽ ഓൾറൗണ്ടറായ താരം 2024ലായിരുന്നു ടീമിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. 75 ട്വന്റി-20 മത്സരങ്ങളും 55 ഏകദിനങ്ങളിലും അദ്ദേഹം പാകിസ്ഥനായി കളിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |