കൊച്ചി: സെൻട്രൽ സ്‌കൂൾ കായികമേളയുടെ ആദ്യദിനം തന്നെ ഇരട്ടസ്വർണം നേടിയ അടിമാലി വിശ്വദീപ്തി സി.എം.ഐ പബ്ലിക് സ്‌കൂളിലെ ജെസ്ബിൻ ജെയിംസിന് നേട്ടം ആഘോഷിക്കാൻ പോലും കഴിഞ്ഞില്ല. നടുവിന് പരിക്കേറ്റ പ്ലസ്ടു കൊമേഴ്‌സ് വിദ്യാർത്ഥിക്ക് ഒരുചുവടുപോലും നടക്കാൻ കഴിയാതെവന്നതോടെ മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നിന്ന് നേരെ പോകേണ്ടിവന്നത് കൊച്ചിയിലെ പ്രമുഖ ഫിസിയോതെറാപ്പി ക്ലിനിക്കിലേക്ക്. സന്തോഷംകൊണ്ട് ചിരിക്കണോ വേദനകൊണ്ട് കരയണോ എന്ന അവസ്ഥയിലാണ് താനെന്ന് ജെസ്ബിൻ പറയുന്നു. അണ്ടർ 19 ആൺകുട്ടികളുടെ ലോംഗ് ജമ്പ്, 100 മീറ്റർ ഓട്ടം എന്നിവയിലാണ് ഈ അടിമാലിക്കാരൻ സ്വർണം നേടിയത്.
രാവിലെ നടന്ന ലോംഗ് ജമ്പിൽ 6.9 മീറ്റർ ദൂരം മറികടന്നാണ് ആദ്യസ്വർണം നേടിയത്. ഉച്ചയ്ക്ക് ശേഷം 100 മീറ്ററിലും ഒന്നാമതെത്തി. മൂന്നാം ക്ലാസ് മുതൽ കായികരംഗത്തുള്ള ജെസ്ബിന് ഈ വർഷം ഒക്ടോബറിൽ മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടന്ന സി.ബി.എസ്.ഇ ക്ലസ്റ്റർ മത്സരത്തിനിടെ ജമ്പിംഗ് പിറ്റിന് പുറത്തേക്ക് വീണ് നടുവിന് പരിക്കേറ്റിരുന്നു. ശേഷം വിശ്രമത്തിലായിരുന്നു 19കാരൻ. അടുത്തിടെയാണ് പരിശീലനം പുനരാരംഭിച്ചത്. പ്രവാസിയായ സോജനും ദേവികുളം ഫോറസ്റ്റ് ഓഫീസിലെ ക്ലർക്ക് ജിൻസിയുമാണ് മാതാപിതാക്കൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |