
ജില്ലയിൽ ബാങ്കിംഗ് മേഖലയിൽ ഉണർവ്
പാലക്കാട്: സെപ്തംബർ 2025 പാദത്തിൽ പാലക്കാട് ജില്ലയിലെ ബാങ്കിംഗ് മേഖലയിൽ നിക്ഷേപത്തിലും വായ്പാ വിതരണത്തിലും മികച്ച വളർച്ച. സെപ്തംബർ വരെയുള്ള കണക്കുകൾ പ്രകാരം ജില്ലയിലെ ആകെ നിക്ഷേപം 62,983 കോടി രൂപയായും വായ്പകൾ 45,777 കോടി രൂപയായും വർദ്ധിച്ചു. ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടിയുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗത്തിലാണ് വിലയിരുത്തൽ. ജില്ലയുടെ വായ്പാനിക്ഷേപ അനുപാതം (സി.ഡി റേഷ്യോ) 72.68 ശതമാനമാണ്. ജില്ലയുടെ വാർഷിക വായ്പാ പദ്ധതിയുടെ (എ.സി.പി) ഭാഗമായി മുൻഗണനാ മേഖലകളിൽ 12,500 കോടി രൂപയുടെ വായ്പകൾ വിതരണം ചെയ്തു. ഇത് ലക്ഷ്യത്തിന്റെ 54.11 ശതമാനമാണ്. കാർഷിക മേഖലയിൽ സെ്ര്രപംബർ പാദം വരെ 8,510 കോടി രൂപയുടെ വായ്പകൾ വിതരണം ചെയ്തിട്ടുണ്ട്. കിസാൻ ക്രെഡിറ്റ് കാർഡ് (കെ.സി.സി), അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് (എ.ഐ.എഫ്) തുടങ്ങിയ പദ്ധതികളുടെ പുരോഗതിയും യോഗം ചർച്ച ചെയ്തു. പി.എം വിശ്വകർമ്മ, പി.എം.ഇ.ജി.പി, പി.എം മുദ്ര യോജന തുടങ്ങിയ പദ്ധതികളുടെ പുരോഗതി ബാങ്കുകൾ വിശദീകരിച്ചു. പി.എം സൂര്യഘർ മുഫ്ത് ബിജ്ലി യോജന പദ്ധതിയുടെ കണക്കുകളും വിലയിരുത്തി. പി.എം.ജെ.ജെ.ബി.വൈ, പി.എം.എസ്.ബി.വൈ, അടൽ പെൻഷൻ യോജന പദ്ധതികളിൽ പാലക്കാട് ജില്ലയിൽ വലിയ തോതിലുള്ള എന്റോൾമെന്റുകൾ നടന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കൂടാതെ, ജില്ലയിലെ 88 ഗ്രാമപഞ്ചായത്തുകളിലും ജനസുരക്ഷാ കാമ്പയിനുകൾ വിജയകരമായി പൂർത്തിയാക്കി. വായ്പാനിക്ഷേപ അനുപാതം കുറഞ്ഞ ബാങ്കുകൾ അത് വർദ്ധിപ്പിക്കുന്നതിനുള്ള കർമ്മപദ്ധതികൾ സമർപ്പിക്കാൻ റിസർവ് ബാങ്ക് പ്രതിനിധി നിർദ്ദേശിച്ചു. എസ്.സി/എസ്.ടി വിഭാഗങ്ങൾക്കുള്ള വായ്പകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ബാങ്കുകളോട് ആവശ്യപ്പെട്ടു. കുടുംബശ്രീ ബാങ്ക് ലിങ്കേജ് വായ്പകൾ നൽകുമ്പോൾ ആർ.ബി.ഐ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും യോഗം ബാങ്കുകൾക്ക് നിർദ്ദേശം നൽകി. യോഗത്തിൽ റിസർവ് ബാങ്ക് എൽ.ഡി.ഒ മുത്തുകുമാർ, ലീഡ് ഡിസ്ട്രിക്ട് ഡിവിഷണൽ മാനേജർ പി.ടി.അനിൽകുമാർ, നബാർഡ് ഡി.ഡി.എം കവിതാ റാം, കനറാ ബാങ്ക് ഡി.എം സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |