കൊച്ചി: കേന്ദ്ര സിലബസ് സ്‌കൂളുകളുടെ സംസ്ഥാന കായികമേളയിലെ വിജയികൾക്ക് അർഹമായ അംഗീകാരം ഉറപ്പാക്കുമെന്ന് സംസ്ഥാന സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി. എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ അഞ്ചാമത് കേരള സെൻട്രൽ സ്‌കൂൾ സ്‌പോർട്സ് മീറ്റ് ഉദ്ഘാടനച്ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
അഞ്ചുവർഷമായി നടക്കുന്ന സെൻട്രൽ സ്‌കൂൾ മീറ്റിൽ മൂന്നിലും പങ്കെടുക്കാൻ കഴിഞ്ഞു. സെൻട്രൽ സിലബസായതിനാൽ കഴിവ് തെളിയിക്കാൻ അവസരം ലഭിക്കാതിരുന്ന കായികപ്രതിഭകളെ പ്രോത്സാഹിപ്പിക്കാൻ മീറ്റിന് കഴിയുന്നുണ്ട്. അവരുടെ കഴിവുകൾ പ്രയോജനപ്പെടുത്താൻ സ്‌പോർട്സ് കൗൺസിൽ ശ്രദ്ധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ടി.ജെ. വിനോദ് എം.എൽ.എ മീറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. പെരുമ്പാവൂർ പ്രഗതി അക്കാഡമിയിലെ രോഹിത് ശരണിന് ദീപശിഖ കൈമാറി പ്രയാണവും അദ്ദേഹം ഉദ്ഘാടനം ചെയ്‌തു. മീറ്റ് ജനറൽ കൺവീനറും നാഷണൽ കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്കൂൾസ് സെക്രട്ടറി ജനറൽ ഡോ. ഇന്ദിര രാജൻ, കേരള സ്‌പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് എം.ആർ. രഞ്ജിത്ത്, ഭവൻസ് കൊച്ചി കേന്ദ്ര ഡയറക്‌ടർ ഇ. രാമൻകുട്ടി വാര്യർ, കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്‌കൂൾസ് കേരള ജനറൽ സെക്രട്ടറിയും മീറ്റ് കോ ഓർഡിനേറ്ററുമായ സുചിത്ര ഷൈജിന്ത്, കൗൺസിൽ ഒഫ് സി.ബി.എസ്.ഇ കേരള നോർത്ത് സോൺ പ്രസിഡന്റ് ഫാ. ജോണി കാഞ്ഞിരത്തിങ്കൽ തുടങ്ങിയവർ പങ്കെടുത്തു.
ജീവിതത്തിന് ശരിയായ ലക്ഷ്യവും മനോഭാവവും സൃഷ്‌ടിക്കാൻ കായികമേഖലയ്‌ക്ക് കഴിയുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |