കൊച്ചി: സംസ്ഥാന സെൻട്രൽ സ്‌കൂൾ കായികമേളയിൽ നിലവിലെ ചാമ്പ്യന്മാരെ പിന്തള്ളി തൃശൂർ മുന്നേറുന്നു. പൂച്ചട്ടി ഭവൻസ്, ദേവമാത സി.എം.ഐ പബ്ലിക് സ്‌കൂൾ, പറമേക്കാവ് വിദ്യാമന്ദിർ എന്നീ സ്‌കൂളുകളുടെ മികച്ച പ്രകടനമാണ് തൃശൂരിന് കരുത്തായത്. ആദ്യ ആറു സ്ഥാനങ്ങളിൽ മൂന്നെണ്ണവും തൃശൂരിലെ സ്‌കൂളുകളാണ്. ഒമ്പത് സ്വർണം, അഞ്ച് വെള്ളി, അഞ്ച് വെങ്കലം എന്നിവയടക്കം 174 പോയിന്റാണ് ഒന്നാം സ്ഥാനത്തുള്ള തൃശൂരിന്റെ സമ്പാദ്യം. അഞ്ച് സ്വർണവും ഏഴ് വെള്ളിയും അഞ്ച് വെങ്കലവുമടക്കം 142 പോയിന്റുമായി ആതിഥേയരായ എറണാകുളമാണ് രണ്ടാം സ്ഥാനത്ത്. ആറ് സ്വർണം, നാല് വെള്ളി, നാല് വെങ്കലം എന്നിവയടക്കം 103 പോയിന്റുമായി ഇടുക്കി മൂന്നാം സ്ഥാനത്താണ്. പാലക്കാട് (85), ആലപ്പുഴ (58), പത്തനംതിട്ട (55), കോഴിക്കോട് (44) എന്നിങ്ങനെയാണ് മറ്റ് ജില്ലകളുടെ പോയിന്റ് നില.
സ്‌കൂളുകളിൽ അടിമാലി വിശ്വദീപ്തി പബ്ലിക് സ്‌കൂളാണ് മുന്നിൽ. രണ്ട് സ്വർണം, മൂന്ന് വെള്ളി, ഒരു വെങ്കലം എന്നിവയടക്കം 54 പോയിന്റാണ് ഇവർ നേടിയത്. തൃശൂർ പൂച്ചട്ടി ഭവൻസ് വിദ്യാലയമാണ് തൊട്ടുപിന്നിൽ. 50 പോയിന്റും സ്വർണമെഡലിലൂടെയാണ് ഈ സ്കൂളിന്റെ അക്കൗണ്ടിലെത്തിയത്. രണ്ട് സ്വർണം, ഒരു വെള്ളി, ഒരു വെങ്കലം എന്നിവയടക്കം 38 പോയിന്റുള്ള ഇടുക്കി രാജകുമാരി സെന്റ് മേരീസ് സെൻട്രൽ സ്‌കൂളാണ് മൂന്നാമത്. എറണാകുളം വടുതല ചിന്മയ വിദ്യാലയ (29), കടയിരിപ്പ് സെന്റ് പീറ്റേഴ്‌സ് സീനിയർ സെക്കൻഡറി സ്‌കൂൾ (26), തൃശൂർ പറമേക്കാവ് വിദ്യാമന്ദിർ (23) എന്നിവരാണ് ആദ്യ സ്ഥാനങ്ങളിലുള്ള മറ്റ് സ്‌കൂളുകൾ.
മേളയുടെ ആദ്യദിനം ഒരു ഇരട്ട സ്വർണനേട്ടം മാത്രമാണ് പിറന്നത്. അടിമാലി വിശ്വദീപ്തി സി.എം.ഐ പബ്ലിക് സ്‌കൂളിലെ ജെസ്ബിൻ ജെയിംസാണ് ഈ നേട്ടം കൈവരിച്ചത്. അണ്ടർ 19 ആൺകുട്ടികളുടെ വിഭാഗത്തിൽ ലോംഗ് ജമ്പ്, 100 മീറ്റർ എന്നിവയിലാണ് ജെസ്ബിൻ പൊന്നണിഞ്ഞത്. പത്തനംതിട്ട ചെന്നീക്കര കേന്ദ്രീയ വിദ്യാലയയിലെ പ്ലസ് വൺ വിദ്യാർത്ഥിനി ഭൂമിക സഞ്ജീവും തൃശൂർ കൊടുങ്ങല്ലൂർ ഭാരതീയ വിദ്യാഭവനിലെ പ്ലസ് വൺ വിദ്യാർത്ഥി ദേവസായ് കൃഷ്ണയുമാണ് മീറ്റിലെ വേഗതാരങ്ങൾ. സീനിയേഴ്‌സിനെ മറികടക്കുന്ന പ്രകടനമാണ് ഇരുവരും പുറത്തെടുത്തത്.
കായികമേള ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി അദ്ധ്യക്ഷത വഹിച്ചു. രാവിലെ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ ഫ്‌ലാഗ് ഓഫ് ചെയ്തു. നാഷണൽ കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്‌കൂൾസ് സെക്രട്ടറി ജനറലും അത്‌ലറ്റിക്‌സ് ജനറൽ കൺവീനറുമായ ഡോ. ഇന്ദിര രാജൻ സന്നിഹിതയായിരുന്നു. മേളയുടെ സമാപനദിനമായ ഇന്ന് 25 ഇനങ്ങളിൽ ഫൈനൽ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |