കോഴിക്കോട്: അറ്റകുറ്റപണികൾ പൂർത്തിയാക്കി മാനാഞ്ചിറ എൽ.ഐ.സി – കോംട്രസ്റ്റ് റോഡ് ഗതാഗതത്തിനായി തുറന്നു. പുതുവർഷം ആഘോഷിക്കാൻ നഗരത്തിലേക്ക് കൂട്ടമായി ആളുകളെത്തിയതോടെ നഗരം ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടിയതോടെയാണ് ഉദ്ഘാടനം കാത്തു നിൽക്കാതെ റോഡ് തുറന്ന് നൽകിയത്. നിയന്ത്രിക്കാനാവാത്ത തിരക്കനുഭവപ്പെട്ട ഞായറാഴ്ച രാത്രി റോഡ് ഭാഗികമായി തുറന്ന് ചെറുവാഹനങ്ങൾ കടത്തി വിട്ടിരുന്നു. ഇന്നലെ ബസുകൾ ഉൾപ്പെടയുള്ളവ കടത്തി വിട്ട് റോഡ് പൂർണ്ണമായും തുറന്നു നൽകി. 50 ലക്ഷം ചെലവഴിച്ചാണ് കോർപ്പറേഷൻ മാനാഞ്ചിറ പട്ടാള പള്ളി മുതൽ വൈക്കം മുഹമ്മദ് ബഷീർ റോഡ് ജംഗ്ഷൻ വരേയുള്ള ഭാഗം ഇന്റർലോക്കിട്ട് നവീകരിച്ചത്. പുതുവർഷത്തിൽ നിർമ്മാണം പൂർത്തിയാക്കിയ മറ്റ് റോഡുകൾക്കൊപ്പം ഈ റോഡും ഉദ്ഘാടനം ചെയ്യാനായിരുന്നു തീരുമാനം. എന്നാൽ തിരക്ക് കൂടിയതോടെ റോഡ് തുറന്നു നൽകാൻ ട്രാഫിക് പൊലീസ് നിർദ്ദേശിക്കുകയായിരുന്നു. ഇന്റർലോക്ക് വിരിച്ചു കഴിഞ്ഞതോടെ റോഡിലെ ബാരിക്കേഡ് മാറ്റി ജനങ്ങൾ ഈ ഭാഗങ്ങളിൽ വാഹന പാർക്കിംഗും ആരംഭിച്ചു.
വെള്ളം തങ്ങിനിൽക്കാതിരിക്കാൻ ചരിച്ച് പ്രവൃത്തി
ഈ ഭാഗത്തെ ടാറിംഗ് ഇളക്കിയെടുത്ത് കോൺക്രീറ്റ് മിശ്രിതം ഉപയോഗിച്ച് ഉയർത്തി നിരപ്പാക്കുകയും വെള്ളം കെട്ടി നിൽക്കാതെയിരിക്കാൻ മുകളിൽ ജി.എസ്.പി (ഗ്രാനുലാർ സബ് ബേസ്) വിരിച്ച് അതിന് മുകളിൽ ബേബി മെന്റൽ പാകിശേഷമാണ് കട്ടകൾ വിരിച്ചത്. ഇവ ഇളകിപ്പോകാതിരിക്കാൻ കോൺക്രീറ്റ് മിശ്രിതം ഉപയോഗിച്ച് ഉറപ്പിക്കുകയും ചെയ്തു. റോഡിൽ വെള്ളം തങ്ങി നിൽക്കാതെയിരിക്കാനായി സ്പോർട്സ് കൗൺസിൽ ഹാളിനു മുന്നിലും എൽ.ഐ.സി മെയിൽ ഗേറ്റിന് മുന്നിലും ചരിച്ചാണ് പ്രവൃത്തി പൂർത്തിയാക്കിയത്. എൽ.ഐ.സി മുതൽ ടൗൺ ഹാൾ വരേയുള്ള റോഡ് ഇന്റർലോക്കിടാനായി രണ്ട് മാസം മുൻപാണ് പട്ടാളപ്പള്ളി മുതൽ വൈക്കം മുഹമ്മദ് ബഷീർ റോഡ് ജംഗ്ഷൻ വരെ അടച്ച് ഗതാഗതം നിരോധിച്ചത്. റോഡ് നിർമാണം ആരംഭിച്ചതോടെ മിഠായിത്തെരുവ് ഭാഗത്തേക്ക് ഗതാഗതം തടയുകയും വാഹനങ്ങൾ പാവമണി ജംഗ്ഷൻ വഴി തിരിച്ചു വിടുകയും ചെയ്തു. ഒയിറ്റി-ടൗൺ ഹാൾ വൺ വേ റോഡ് ടു വേ ആക്കിയതോടെ നഗരം ഗതാഗതക്കുരുക്കിലുമമർന്നു. 20 ദിവസം കൊണ്ട് റോഡ് പ്രവൃത്തി വേഗത്തിൽ തീർത്ത് ഗതാഗതം പുനസ്ഥാപിക്കാൻ കഴിയുമെന്നാണ് കോർപ്പറേഷൻ കരുതിയിരുന്നത്. എന്നാൽ ക്വാറി, ക്രഷ്രർ സമരം കാരണം നിർമ്മാണ വസ്തുക്കൾ കിട്ടാൻ വൈകിയതോടെ പ്രവൃത്തി നീണ്ടു പോകുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |