മലപ്പുറം: പ്രതിപക്ഷമില്ലാത്ത ജില്ലാ പഞ്ചായത്തിന്റെ പ്രസിഡന്റ് പദ്ധവിയിലേക്ക് പി.എ.ജബ്ബാർ ഹാജിയും വൈസ് പ്രസിഡന്റായി എ.പി.സ്മിജിയും എത്തുമ്പോൾ മലപ്പുറം മോഡൽ നടപ്പാക്കി നല്ല അടയാളപ്പെടുത്തലുകൾ ജില്ലയിലുണ്ടാക്കുമെന്ന ഉറപ്പാണ് ഇരുവരും നൽകുന്നത്. മാത്രമല്ല, ഇതുവരെ കടന്ന് ചെല്ലാത്ത മേഖലകളിലെത്തി സർവ തലങ്ങളിലും മലപ്പുറം നമ്പർ വൺ എന്ന നിലയിലെത്തിക്കും. അഴിമതികളുടെ കഥ ഭരണക്കാലയളവിൽ ഒരിക്കൽപ്പോലും കേൾപ്പിക്കില്ലെന്ന് ഇവർ പറയുന്നു. സൗഹൃദാന്തരീക്ഷം നിലനിർത്തിക്കൊണ്ടുള്ള വികസന പ്രവർത്തനങ്ങളാണ് പുതിയ ഭരണസമിതി വിഭാവനം ചെയ്യുന്നത്.
> പി.എ.ജബ്ബാർ ഹാജി- ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
പ്രതിപക്ഷമില്ലാത്ത ഭരണസമിതിയെ എങ്ങനെ നോക്കിക്കാണുന്നു?
പ്രതിപക്ഷമില്ലാതെ അഭിമാനകരമായ വിജയം നേടാനായതിൽ സന്തോഷമുണ്ട്. പ്രതിപക്ഷ അംഗങ്ങളില്ലെങ്കിലും പ്രതിപക്ഷ പാർട്ടികളുമായി കാര്യങ്ങൾ ചർച്ച ചെയ്യും. ഇതേക്കുറിച്ച് മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ കൃത്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഏകപക്ഷീയമായി പോകാൻ താല്പര്യമില്ല. ആറ് മാസം കൂടുമ്പോൾ വികസനസഭ എന്ന പേരിൽ പ്രതിപക്ഷ പാർട്ടികളെയടക്കം വിളിച്ച് ചേർത്ത് ചർച്ചകൾ നടത്തും.
കൂടുതൽ പരിഗണന നൽകുന്ന മേഖല?
വ്യാവസായിക മുന്നേറ്റത്തിന് പ്രഥമ പരിഗണന നൽകും. ജില്ലയിൽ അഭ്യസ്ഥ വിദ്യരായവരും അടിസ്ഥാന സൗകര്യങ്ങളും ഉണ്ടെങ്കിലും വ്യാവസായികമായി ഏറെ പിന്നിലാണ്. ഇതിനൊരു പരിഹാരമായി വിദേശ വിപണിയിൽ പോലും സ്വീകാര്യത ലഭിക്കും വിധത്തിലുള്ള വ്യവസായ ഹബ് നിർമ്മിക്കുന്നത് പരിഗണനയിലുണ്ട്. നിരവധി പേർക്ക് ഇതുവഴി തൊഴിൽ ലഭിക്കും.
പ്രവാസികൾക്കായി പദ്ധതികൾ പരിഗണനയിലുണ്ടോ?
ഏറ്റവും കൂടുതൽ പ്രവാസികളുള്ള ജില്ല മലപ്പുറമാണ്. ജോലി ചെയ്യാൻ സാധിക്കാത്ത ഘട്ടത്തിൽ നാട്ടിലെത്തുന്ന ഇവർ ഒറ്റപ്പെടുന്ന അവസ്ഥയാണ് സാധാരണ കാണാറുള്ളത്. ഇതിനൊരു പരിഹാരമെന്ന നിലയിൽ പ്രത്യേക പ്രവാസി പാക്കേജുകൾക്കുള്ള പദ്ധതികൾ ആലോചിക്കുന്നുണ്ട്.
വിദ്യാഭ്യാസ മേഖലയിൽ വരാൻ പോകുന്ന മാറ്റം?
നേരത്തെ വിദ്യാഭ്യാസ രംഗത്ത് പിന്നാക്കമായ ജില്ല ഇന്ന് ഒന്നാമതെത്തിയത് അഭിമാനകരമാണ്. എന്നാൽ, വിദ്യാഭ്യാസത്തിനായി മലപ്പുറം ജില്ലയിൽ നിന്നാണ് മറ്റ് ജില്ലകളിലേക്കും അന്യ സംസ്ഥാനത്തേക്കും കൂടുതൽ പേർ പോവുന്നത്. അതിനാൽ ഉന്നത പഠന സംവിധാനം ജില്ലയിൽ നടപ്പിലാക്കാനുള്ള പദ്ധതികൾ വിഭാവനം ചെയ്യും.
ആരോഗ്യ മേഖലയിൽ നടപ്പിലാക്കുന്ന പദ്ധതികൾ?
കൊവിഡിന് ശേഷം സ്‌ട്രോക്ക് വന്നവരുടെ എണ്ണം ജില്ലയിൽ വളരെ കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവരെ ജീവിതത്തിലേക്ക് തിരികെ എത്തിക്കുന്നതിനായി സ്‌ട്രോക്ക് റീഹാബിലിറ്റേഷൻ സെന്റർ ഒരുക്കും. കൂടാതെ, കാൻസർ രോഗ നിർണയ കേന്ദ്രം ഒരുക്കാനും ആലോചനയുണ്ട്. ഉന്നത നിലവാരമാമുള്ള റേഡിയഷൻ തെറാപ്പി സൗകര്യമൊരുക്കും. മരുന്ന് വാങ്ങാൻ പോലും സാധിക്കാത്ത കിഡ്നി രോഗികൾ ജില്ലയിലുണ്ട്. ഇവർക്ക് സഹായം നൽകുന്നത് പുനഃസ്ഥാപിക്കും.
കായിക മേഖലയ്ക്ക് പ്രാധാന്യമുള്ള ജില്ലയിൽ മികച്ച സിന്തറ്റിക്ക് ട്രാക്ക് അനിവാര്യമാണ്. ജില്ലയിലെ സംസ്ഥാന കായിക മേള വരെ പാലക്കാട് നടത്തേണ്ട സാഹചര്യമായിരുന്നു. ഇതിന് പരിഹാരം കാണുമോ?
തീർച്ചയായും പരിഗണിക്കപ്പെടേണ്ട വിഷയമാണിത്. മികച്ച സിന്തറ്റിക്ക് ട്രാക്ക് ജില്ലയിൽ നിർമ്മിക്കുന്നത് പദ്ധതിയിൽ ഉൾപ്പെടുത്തും. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത് പരിഹാരം കാണും.
ടൂറിസം മേഖലയായി ജില്ലയെ ഉയർത്തുമോ?
100 ടൂറിസം കേന്ദ്രങ്ങൾ ജില്ലയിൽ ഒരുക്കുകയാണ് ലക്ഷ്യമിടുന്നത്. ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളുടെ സഹകരണത്തോടെ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പദ്ധതി നടപ്പിലാക്കും. വയോജനങ്ങൾക്ക് ഉൾപ്പെടെ ഇരിക്കാൻ സൗകര്യമൊരുക്കും. ഓപ്പൺ ജിമ്മും ഇവിടങ്ങളിൽ സ്ഥാപിക്കാൻ പദ്ധതിയുണ്ട്.
ഭിന്നശേഷിക്കാർക്കായി ഫണ്ട് നീക്കി വെക്കുമോ?
ഭിന്നശേഷി ഉന്നമനത്തിന് വലിയ പ്രാധാന്യം നൽകും. നിലവിൽ ചില പഞ്ചായത്തുകൾ ഭിന്നശേഷിക്കാർക്കായി ഫണ്ട് നീക്കിവെയ്ക്കുന്നില്ല. ഈ സ്ഥിതിയ്ക്ക് മാറ്റം കൊണ്ടുവരും. ഇതിൽ പുനരവധിസിപ്പിക്കേണ്ടവരുണ്ടെങ്കിൽ സൗകര്യമൊരുക്കും.
ആദിവാസി മേഖലയെ പരിഗണിക്കുമോ?
ആദിവാസി ഉന്നതിക്കായി പ്രത്യേക പാക്കേജ് കൊണ്ടുവരും. അവർക്ക് കേന്ദ്ര-സംസ്ഥാന ഫണ്ടുണ്ടെങ്കിലും ഫലപ്രദമായി ഉപയോഗിക്കാത്ത സ്ഥിതിയാണ്. ഇതിന് പരിഹാരം കാണാൻ കൂടുതൽ ചർച്ച നടത്തും.
ജില്ലയിൽ തെരുവുനായകളെ വന്ധ്യംകരിക്കുന്നതിനുള്ള എ.ബി.സി കേന്ദ്രം നടപ്പായിട്ടില്ല. പരിഹാരം കാണുമോ?
തീർച്ചയായും. ജില്ലയിൽ എ.ബി.സി കേന്ദ്രം ഒരുക്കും. ഇതേക്കുറിച്ച് കൂടുതൽ പഠിച്ച് വേണ്ട തീരുമാനമെടുക്കും.
--------------------------------
ഫുഡ് ഹബ് സ്റ്റേഷൻ ഒരുക്കും: എ.പി.സ്മിജി
താനാളൂർ ഡിവിഷനിൽ നിന്നാണ് വിജയിച്ചത്. തീരദേശ മേഖല ഉൾപ്പെടുന്ന പ്രദേശമാണിത്. ഉണ്ണിയാൽ കടപ്പുറം ഉൾപ്പെടെ ഇവിടെയുണ്ട്. ഇവിടെ ഫുഡ് ഹബ് സ്റ്റേഷൻ ഒരുക്കുന്നതിനായി പദ്ധതി വിഭാവനം ചെയ്യും. ഇതുവഴി ടൂറിസം മേഖലയും പുനരുജ്ജീവിപ്പിക്കാനാവും. വിദ്യാഭ്യാസത്തിനും വരുമാനത്തിനും പ്രാധാന്യം നൽകിയുള്ള ബഡ്സ് സ്‌കൂൾ നിർമ്മിക്കും. ആദിവാസി, എസ്.സി, എസ്.ടി മേഖലയിലെ നിരവധി കുട്ടികൾ വിദ്യാഭ്യാസത്തിൽ പിന്നാക്കമാണ്. അവരെ മുന്നാക്കമെത്തിക്കാൻ ഐ.എ.എസ് ഉദ്യോഗസ്ഥരെ അടക്കം ഉൾപ്പെടുത്തിയുള്ള പദ്ധതി രൂപീകരിക്കും. രോഗികളെ പുനരവധിപ്പിക്കാൻ ആവശ്യമായ സംവിധാനമൊരുക്കും. ഇതിന് പുതിയ കെട്ടിടങ്ങൾ ഉൾപ്പെടെ ആവശ്യമായ സാഹചര്യത്തിൽ അധികൃതരുമായി സംസാരിച്ച് മികച്ച പ്രവർത്തനം കാഴ്ച്ചവെയ്ക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |