തൃശൂർ: മറ്റത്തൂർ പഞ്ചായത്തിൽ ഭരണം നിലനിറുത്താൻ കോൺഗ്രസ് വിമതനെ കൂടെക്കൂട്ടാൻ സി.പി.എം നടത്തിയ ശ്രമവും ഇതിനെതിരെ കോൺഗ്രസ് മെമ്പർമാരും ബി.ജെ.പിയും നടത്തിയ തിരിച്ചടിയുമെല്ലാം ആർക്ക് അനുകൂലമാകുമെന്ന ചർച്ച സജീവമാകുന്നു.
കാൽനൂറ്റാണ്ടോളം പഞ്ചായത്ത് ഭരിച്ച സി.പി.എമ്മിന് ഭരണം നഷ്ടപ്പെടുമെന്ന് ഉറപ്പായതോടെ കോൺഗ്രസ് വിമതനായി മത്സരിച്ച് ജയിച്ച കെ.ആർ. ഔസേപ്പിനെ ചാക്കിട്ട് പിടിച്ച് പ്രസിഡന്റാക്കാനായിരുന്നു സി.പി.എം തീരുമാനം. കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുത്ത ഔസേഫ് മറുകണ്ടം ചാടിയതിനുള്ള മറുപടിയായാണ് കോൺഗ്രസ് അംഗങ്ങൾ രാജിവച്ച് ബി.ജെ.പിയുടെ സഹായത്തോടെ തങ്ങളുടെ പ്രതിനിധിയായി ടെസി ജോസിനെ പ്രസിഡന്റാക്കിയത്. എന്നാൽ കോൺഗ്രസ് അംഗങ്ങൾ കൂട്ടത്തോടെ രാജിവച്ച് ബി.ജെ.പിയിൽ ചേർന്നുവെന്ന് വ്യാപക പ്രചാരണം സി.പി.എം നടത്തിയെങ്കിലും
പാർട്ടിയിൽ ചേർന്നിട്ടില്ലെന്ന് ബി.ജെ.പി നേതാക്കൾ തന്നെ വ്യക്തമാക്കിയതോടെ ആരോപണത്തിന് കഴമ്പില്ലാതായി. കോൺഗ്രസ് അംഗങ്ങളായിരുന്നുവരെ ബി.ജെ.പിയിലെത്തിക്കാനുള്ള ശ്രമങ്ങളാണ് ഇടത് നേതാക്കൾ നടത്തുന്നതെന്ന് ആക്ഷേപമുണ്ട്.
തങ്ങൾ മരിക്കുന്നതുവരെ ബി.ജെ.പിയിൽ ചേരില്ലെന്ന് രാജിവച്ച കോൺഗ്രസ് മെമ്പർമാർ പ്രഖ്യാപിച്ചിരുന്നു. സി.പി.എമ്മിന്റെ ധാർഷ്ട്യത്തിന് മറുപടി നൽകുക മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്ന് രാജിവച്ച കോൺഗ്രസ് മെമ്പർമാർ വ്യക്തമാക്കിയിരുന്നു.
പരമാവധി ലൈവാക്കാൻ നീക്കം
കോൺഗ്രസ് അംഗങ്ങൾ പാർട്ടിയിൽ നിന്ന് രാജിവച്ചെങ്കിലും ബി.ജെ.പിയുമായി ഒത്തൊരുമിച്ചാണെന്ന പ്രചാരണം എത്രത്തോളം നീണ്ടു നിൽക്കുമെന്ന കാര്യത്തിൽ പാർട്ടിക്കുള്ളിൽ തന്നെ അഭിപ്രായ വ്യത്യാസമുണ്ട്.
കോൺഗ്രസ് അംഗങ്ങൾക്കെതിരെ പാർട്ടി നടപടി സ്വീകരിക്കുകയും ബി.ജെ.പിയുമായി സഹകരിച്ച് ഭരണം നടത്താനുള്ള നീക്കത്തെയും എതിർക്കുകയാണ് ഡി.സി.സി നേതൃത്വം. നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.എം ഈ വിഷയം ചർച്ചയാക്കുമെന്ന തിരിച്ചറിവാണ് ഇതിനെതിരെ ശക്തമായ നടപടികളുമായി ഡി.സി.സി മുന്നോട്ടുവന്നത്. അവർക്കെതിരേ കൂറുമാറ്റ നിയമ നടപടിയെടുക്കാനുമുള്ള തയ്യാറെടുപ്പിലാണ് നേതൃത്വം. പക്ഷേ പഞ്ചായത്തിലെ നിലവിലെ സ്ഥിതി കണക്കിലെടുത്ത് കാൽനൂറ്റാണ്ട് കാലത്തെ ഭരണം അവസാനിപ്പിക്കാനുള്ള തന്ത്രം മാത്രമാണ് തങ്ങൾ സ്വീകരിച്ചതെന്ന് നേതാക്കളെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ബി.ജെ.പിയുമായി ഒരു ബന്ധത്തിനും തയ്യാറല്ലാത്ത തങ്ങളെ ബി.ജെ.പിയുമായി കൂട്ടിക്കെട്ടാൻ ആരു ശ്രമിച്ചാലും അത് നടക്കില്ലെന്നും പുറത്താക്കപ്പെട്ട കോൺഗ്രസ് അംഗങ്ങൾ വ്യക്തമാക്കി. ആറു മാസത്തേക്കെങ്കിലും സി.പി.എമ്മിനെ ഭരണത്തിൽ നിന്നകറ്റി നിറുത്താൻ കഴിയുന്നത് തന്നെ വിജയമായി കണക്കാക്കുമെന്നും ഇവർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |