
പന്തളം : എം.സി റോഡിൽ കുളനട മാന്തുകയിൽ അഞ്ചു വാഹനങ്ങൾ കൂട്ടിയിടിച്ചു. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. കോഴഞ്ചേരി തെക്കേമല പനച്ചിൽ കൂന്നത്താൽ സജു ടി.ഏബ്രഹാമിന് (56) ആണ് പരിക്കേറ്റത്. കങ്ങഴയിലെ ഗ്രീഗോറിയൻ ഇൻസ്റ്റിറ്റിയൂഷൻ ഗ്രൂപ്പിന്റെ പോളിടെക്‌നിക് കോളേജിലെ ഡ്രൈവറാണ് പരിക്കേറ്റ സജു. അപകടത്തെ തുടർന്ന് ബസിന്റെ ക്യാബിനിൽ കുടുങ്ങിക്കിടന്ന ഡ്രൈവറെ അരമണിക്കൂറോളം കഴിഞ്ഞ ശേഷമാണ് രക്ഷിക്കാനായത്. ഇരുകാലുകൾക്കും ഗുരുതരമായി പരിക്കേറ്റ സജുവിനെ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ്, ലോറി, കാർ എന്നിവയാണ് കൂട്ടിയിടിച്ചത് ചെങ്ങന്നൂർ ഭാഗത്ത് നിന്ന് പന്തളത്തേക്ക് വന്ന ഗ്രിഗോറിയൻ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷന്റെ ബസിൽ എതിരെ വന്ന ലോറി തെറ്റായ ദിശയിൽ വന്നു ഇടിച്ചു കയറുകയായിരുന്നു. ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണം. ബസിന്റെ പിന്നിൽ തൊട്ടുപിറകെ വന്ന കാർ ഇടിച്ചു. ഫയർഫോഴ്‌സ് എത്തി ബസിന്റെ മുൻഭാഗം പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. സ്‌കൂൾ ബസിൽ കുട്ടികൾ ഇല്ലായിരുന്നു. മറ്റു വാഹനങ്ങളിലെ യാത്രക്കാർക്ക് സാരമായ പരിക്കുകൾ ഇല്ല. ഇന്നലെ
രാവിലെ 7 മണിയോടെയാണ് സംഭവം. ഒരു മണിക്കൂറോളം ഗതാഗത തടസം ഉണ്ടായി. ബസിന്റെ പിന്നിൽ ഉണ്ടായിരുന്ന മൂന്ന് കാറുകൾക്കും അപകടത്തിൽ കേടുപറ്റി. പന്തളം പൊലീസും നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |