
റാന്നി : അറിവില്ലായ്മയ്ക്ക് കെ.എസ്.ഇ.ബി അധികൃതർ അടിച്ചേൽപ്പിച്ച പിഴത്തുകയറിഞ്ഞും കേസിൽപ്പെട്ടും സമാധാനം നഷ്ടമായ ക്രിസ്മസ് കാലമായിരുന്നു വിധവയായ പുഷ്പലതയ്ക്ക് ഇത്തവണ. വീട്ടമ്മയുടെ കഷ്ടതയ്ക്ക് പരിഹാരമൊരുക്കാൻ അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ എത്തിയതോടെ സങ്കീർണമായ പ്രശ്നത്തിന് ശുഭകരമായ പര്യവസാനമുണ്ടായി.
കഴിഞ്ഞ 15നാണ് സംഭവങ്ങളുടെ തുടക്കം. പ്ലാങ്കമൺ കരിംപ്ലാനിൽ പുഷ്പലത ചെങ്ങന്നൂരിൽ വീട്ടുജോലിക്ക് പോയനേരത്താണ് ലൈഫിൽ നിർമ്മിച്ച ഇവരുടെ വീട്ടിലെ വർക്ക് ഏരിയയ്ക്ക് കമ്പിവലയിടുന്നതിനായി തൊഴിലാളികൾ എത്തിയത്. പണികൾക്ക് തങ്ങൾ പുറത്തുനിന്ന് കരണ്ട് എടുത്തുകൊള്ളാം എന്ന് പറഞ്ഞപ്പോൾ പുഷ്പലത സമ്മതിക്കുകയായിരുന്നു. ഈ സമയം മീറ്റർ റീഡിംഗ് എടുക്കാൻ വന്ന ജീവനക്കാരൻ, ഗാർഹിക കണക്ഷനിൽ നിന്ന് അനുമതിയില്ലാതെ കറന്റ് എടുക്കുന്ന കാര്യം റിപ്പോർട്ട് ചെയ്തു. തുടർന്ന് കെ.എസ്.ഇ.ബി അധികൃതർ 57,005 രൂപ പിഴ ഈടാക്കണമെന്ന് നോട്ടീസ് നൽകി, വൈദ്യുത മോഷണത്തിന് പൊലീസിൽ പരാതി നൽകുകയും ചെയ്തു. അന്നുതന്നെ പുഷ്പലതയുടെ വീട്ടിലെത്തി മീറ്റർ ഉൾപ്പെടെ അഴിച്ചുകൊണ്ടുപോയി വൈദ്യുത ബന്ധം വിച്ഛേദിച്ചു.
എന്നാൽ തനിക്ക് അനുമതി എടുക്കുന്ന കാര്യം അറിയില്ലായെന്നും തൊഴിലാളികൾ ചെയ്ത തെറ്റിന് മാപ്പ് നൽകണമെന്നും പുഷ്പലത അപേക്ഷിച്ചെങ്കിലും ഉദ്യോഗസ്ഥർ നിയമനടപടികളിൽ ഉറച്ചുനിന്നു.
തുടർന്ന് പുഷ്പലത, പ്രമോദ് നാരായൺ എം.എൽ.എയെ വിവരം ധരിപ്പിക്കുകയായിരുന്നു.
ദിവസവും 600 രൂപ മാത്രം ലഭിക്കുന്ന തനിക്ക് വലിയ തുക പിഴ നൽകാൻ കഴിയില്ലെന്നും ആത്മഹത്യ അല്ലാതെ മറ്റു മാർഗങ്ങൾ ഇല്ലായെന്ന് പറയുകയും ചെയ്തു. ഇവരുടെ ദുരവസ്ഥ മനസിലാക്കി പിഴ കുറച്ചു നൽകണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടങ്കിലും അധികൃതർ തയ്യാറായില്ല. തുടർന്ന് വൈദ്യുതിമന്ത്രി കെ.കൃഷ്ണൻകുട്ടിയുമായും ഉയർന്ന ഉദ്യോഗസ്ഥരുമായി എം.എൽ.എ നിരന്തരം ബന്ധപ്പെട്ടതിന്റെ ഫലമായി പിഴ 1425 രൂപയായി കുറച്ചു. തിങ്കളാഴ്ച രാവിലെ ഇവരുടെ വീട്ടിലെ വൈദ്യുതബന്ധം പുനസ്ഥാപിച്ചും നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |