ആലപ്പുഴ: സംസ്ഥാനത്തെ ക്ഷേമപെൻഷൻ 4000 രൂപയാക്കി ഉയർത്തണമെന്ന ആവശ്യവുമായി ഏഴാം ക്ലാസുകാരൻ ഇന്നുമുതൽ സെക്രട്ടേറിയറ്റ് പടിക്കൽ സമരം നടത്തും. ആലപ്പുഴ ചെട്ടികാട് സ്വദേശിയായ കെ.ബി.ഗുഡ്മാനാണ് സമരത്തിനിറങ്ങുന്നത്. ഒരാഴ്ച രാവിലെ 10മുതൽ വൈകിട്ട് 5വരെയാണ് സമരം.
സാമൂഹ്യനന്മയ്ക്കായി പ്രവർത്തിക്കണമെന്നാണ് ആഗ്രഹമെന്ന് തുമ്പോളി സെന്റ് തോമസ് ഹൈസ്കൂളിൽ രജിസ്റ്റർ ചെയ്ത് ഹോം സ്കൂളിംഗ് ചെയ്യുന്ന ഗുഡ്മാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സാമൂഹ്യപെൻഷൻ അവകാശമല്ലെന്ന വാർത്ത ഒരിക്കൽ വായിച്ചപ്പോൾ അതു ശരിയാണോയെന്ന് അച്ഛനോട് തിരക്കി. അങ്ങനെ പറയാനാവില്ലെന്ന് അച്ഛൻ പറഞ്ഞതാണ് പ്രതിഷേധത്തിലേക്ക് വഴിവച്ചത്. വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ വിജയിക്കുന്നവർ ആദ്യമാസം പെൻഷൻ തുക 3000 ആക്കി വർദ്ധിപ്പിക്കണം. തുടർന്ന് ഘട്ടങ്ങളായി 4000 രൂപയാക്കണം. അതാണ് ഗുഡ്മാന്റെ ആഗ്രഹം.
ഇന്ത്യൻ ബുക്ക് ഒഫ് റെക്കാഡ്, അമേരിക്കൻബുക്ക് ഒഫ് റെക്കാഡ് എന്നിവ നേടിയിട്ടുണ്ട്. അച്ഛൻ: ബോണി സെബാസ്റ്റ്യൻ, അമ്മ: കാതറിൻ ജോസഫ്. സഹോദരൻ : അനിയൻ ഗോഡ്മാൻ.
സ്വയം അറിവ് നേടാൻ ഹോം സ്കൂളിംഗ്
കൂടുതൽ വായിക്കുന്നതിനും കളികൾക്കായി കൂടുതൽ സമയം കണ്ടെത്തുന്നതിനുമായാണ് സ്കൂളിലേക്ക് പോയുള്ള പഠനം ഒഴിവാക്കിയത്. വീട്ടിൽ ഇരുന്ന് പഠിക്കുന്നതിന് സ്കൂളിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. ജെ.ഇ.ഇ പരീക്ഷയിൽ ഒന്നാംറാങ്കാണ് സ്വപ്നം. അതിനായി ഇപ്പോഴേ പഠിക്കുന്നുണ്ട്. വീട്ടിലിരുന്ന് പഠിച്ചുതന്നെ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾ എഴുതും.
അച്ഛനാണ് ഗുരു. അച്ഛൻ നടത്തുന്ന സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിപ്പിക്കുന്നുമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |