ആലപ്പുഴ : പക്ഷിപ്പനിബാധയെത്തുടർന്ന് ജില്ലയിൽ കോഴിയിറച്ചി വിഭവങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരെ പ്രതിഷേധം ശക്തമാക്കി കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ. ഇന്ന് ജില്ലയിലെ 1500ലധികം ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കും. വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ വ്യതാസമില്ലാതെ ഹോട്ടലുകൾ അടച്ചിടും. സമരത്തിന് ബേക്കേഴ്സ് അസോസിയേഷന്റെയും വ്യാപാരികളുടെയും പിന്തുണയും കെ.എച്ച്.ആർ.എ തേടിയിട്ടുണ്ട്. നിലവിലെ നിരോധനം ബുധനാഴ്ച അവസാനിക്കും. അന്ന്, ജില്ലാഭരണകൂടം നിരോധനം നീട്ടിയാൽ സംസ്ഥാന വ്യാപകമായി തുടർസമരം ശക്തമാക്കാനാണ് കെ.എച്ച്.ആർ.എയുടെ തീരുമാനം.
ശീതീകരിച്ച മാംസത്തിനുപോലും നിരോധനം ഏർപ്പെടുത്തിയ ടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഹോട്ടലുടമ സംഘടന ഭാരവാഹികൾ ജില്ലാ കളക്ടർക്ക് നിവേദനം നൽകി. എന്നാൽ 31വരെയുള്ള പരിശഓധനാഫലം പരിശോധിച്ച ശേഷം നടപടി സ്വീകരിക്കാമെന്ന നിലപാടാണ് കളക്ടർ സ്വീകരിച്ചത്. ഇതോടെയാണ് ഹോട്ടൽ ഉടമകൾ സൂചന പണിമുടക്ക് പ്രഖ്യാപിച്ചത്. ഹോട്ടലുകളിൽ ശീതീകരിച്ച കോഴിയിറച്ചി ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യാൻ അനുവദിക്കണമെന്നാണ് പ്രധാന ആവശ്യം. പക്ഷിപ്പനി പ്രതിരോധിക്കുന്നതിന് നിശ്ചിത കാലയളവിൽ താറാവ് കൃഷിക്ക് നിരോധനം ഏർപ്പെടുത്തണമെന്ന് കെ.എച്ച്.ആർ.എ ജില്ലാ പ്രസിഡന്റ് നാസർ ബി.താജ്, സെക്രട്ടറി മനാഫ് എസ്.കുബാബ എന്നിവർ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
നിരോധനം നാളെ വരെ
പക്ഷിപ്പനിബാധയെ തുടർന്ന് ബാധിതമേഖലയുടെ 10 കിലോമീറ്റർ ചുറ്റളവിലാണ് ജില്ലാഭരണകൂടം കോഴിയിറച്ചി,മുട്ട തുടങ്ങിയവയുടെ വിൽപ്പന നിരോധിച്ചത്
ഇതിന്റെ അടിസ്ഥാനത്തിൽ ഹോട്ടലുകളിൽ പരിശോധന ശക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് കെ.എച്ച്.ആർ.എ ഇളവുകൾ ആവശ്യപ്പെട്ടത്
വൻകിട ബ്രാൻഡഡ് സ്ഥാപനങ്ങളുടെ ഫ്രൈഡ് ചിക്കൻ വിൽപ്പന കേന്ദ്രങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തിയിട്ടില്ലെന്ന് വ്യാപാരികൾ കുറ്റപ്പെടുത്തി
ഇവിടങ്ങളിൽ വിൽപ്പന തുടരുകയാണ്. അവർക്ക് എന്താണ് ഈ നിയമം ബാധകമാകാത്തതെന്ന് അധികൃതർ വ്യക്തമാക്കണമെന്നാണ് ഹോട്ടലുടമകളുടെ ആവശ്യം
നിലവിലത്തെ സാഹചര്യത്തിൽ ഹോട്ടലുകാരുടെ ആവശ്യം അംഗീകരിക്കാനാകില്ല. ഫ്രൈഡ് ചിക്കൻ വിഭവം വിൽക്കുന്ന സ്ഥാപനങ്ങൾക്കും നിരോധനം ബാധകമാണ്. ഇവിടെയും പരിശോധന നടത്തും
-അലക്സ് വർഗീസ്, ജില്ലാ കളക്ടർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |