
പ്രതി പൊതുപ്രവർത്തകൻ
അല്ലെന്ന വ്യാഖ്യാനം തെറ്റ്
വ്യാഖ്യാനത്തിൽ സംശയം
ഉന്നയിച്ച് സുപ്രീംകോടതിയും
ന്യൂഡൽഹി: ഉന്നാവ് കേസിലെ പ്രതിയായ മുൻ എം.എൽ.എ കുൽദീപ് സിംഗ് സെൻഗറിന്റെ ശിക്ഷ മരവിപ്പിച്ച ഡൽഹി ഹൈക്കോടതിക്ക് തെറ്റുപറ്റിയെന്ന് സി.ബി.ഐ സുപ്രീംകോടതിയിൽ. കുൽദീപിനെ പൊതുപ്രവർത്തകനായി കാണാൻ കഴിയില്ലെന്നും അതിനാൽ പോക്സോ നിയമത്തിലെ ശിക്ഷയ്ക്ക് വിധേയനാകേണ്ടതില്ലെന്ന ഡൽഹി ഹൈക്കോടതിയുടെ നിയമ വ്യാഖ്യാനത്തെ അതിനിശിതമായി സി.ബി.ഐ സുപ്രീംകോടതിയിൽ എതിർത്തു. വിചാരണ കോടതി ജീവപര്യന്തം ശിക്ഷ നൽകിയിരുന്നു.
ഉന്നാവ് കേസിലെ പ്രതിയായ മുൻ എം.എൽ.എയെ പൊതുപ്രവർത്തകനായി കാണാൻ കഴിയില്ലെന്നും അതിനാൽ പോക്സോ നിയമത്തിലെ ഗുരുതര ശിക്ഷയ്ക്ക് വിധേയനാകേണ്ടതില്ലെന്ന ഡൽഹി ഹൈക്കോടതിയുടെ നിയമ വ്യാഖ്യാനത്തെ അതിനിശിതമായാണ് സുപ്രീംകോടതിയിൽ സി.ബി.ഐ എതിർത്തത്. വിചാരണ കോടതി ജീവപര്യന്തം ശിക്ഷ നൽകിയിരുന്നു.
എം.എൽ.എയെയും എം.പിയെയും പൊതുപ്രവർത്തകൻ എന്ന നിർവചനത്തിൽ നിന്ന് ഒഴിവാക്കാൻ കഴിയുമോയെന്ന് സുപ്രീംകോടതിയും സംശയമുന്നയിച്ചു. ഈ വ്യാഖ്യാനം സ്വീകരിച്ചാൽ പൊലീസുകാരനും വില്ലേജ് ഉദ്യോഗസ്ഥനും പൊതുപ്രവർത്തകനെന്ന ഗണത്തിൽ വരുകയും എം.എൽ.എയും എം.പിയും ഒഴിവാകുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാകുമെന്ന് സുപ്രീം കോടതിയും നിരീക്ഷിച്ചു.
ബി.ജെ.പി മുൻ എം.എൽ.എ കുൽദീപ് സിംഗ് സെൻഗറിന്റെ ശിക്ഷ മരവിപ്പിക്കുകയും ജാമ്യം അനുവദിക്കുകയും ചെയ്‌ത ഡൽഹി ഹൈക്കോടതിക്ക് തെറ്റുപറ്റിയെന്ന് സി.ബി.ഐയ്‌ക്കു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കിയ കേസാണ്. ഇന്ത്യൻ ശിക്ഷാനിയമം, പോക്സോ എന്നിവയിലെ വകുപ്പുകളിലാണ് ശിക്ഷിച്ചത്. പോക്‌സോ നിയമം കുട്ടികൾക്കെതിരെയുള്ള ബലാത്സംഗവും ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ടതാണ്. പോക്‌സോ നിയമത്തിൽ 'പൊതുപ്രവർത്തകൻ' എന്നത് നിർവചിച്ചിട്ടില്ല. സന്ദർഭോചിതമായാണ് അതു ഉൾക്കൊള്ളേണ്ടത്. കുറ്റകൃത്യം നടക്കുന്ന കാലയളവിൽ പ്രദേശത്തെ അതിശക്തനായ എം.എൽ.എ ആയിരുന്നു കുൽദീപ്. ആ ആധിപത്യമാണ് 15 വയസുണ്ടായിരുന്ന ഇരക്കെതിരെ പ്രയോഗിച്ചത്. പോക്‌സോ നിയമപ്രകാരം കുൽദീപിനെ പൊതുപ്രവർത്തകനായിട്ടു തന്നെ കാണണം. ആ സ്ഥാനം ദുരുപയോഗം ചെയ്യുന്നത് പോക്‌സോ നിയമത്തിലെ കുറ്റങ്ങൾ ക്ഷണിച്ചുവരുത്തുമെന്നും സി.ബി.ഐ വാദിച്ചു. അതിജീവിതയുടെ പിതാവിനെയും മറ്റു പലരെയും കൊലപ്പെടുത്തിയതിന് ശിക്ഷിക്കപ്പെട്ട വ്യക്തിയാണ് കുൽദീപ്. കുറ്റകൃത്യത്തിന് ഇരയായ അന്നത്തെ 15കാരിയോട് ഉത്തരം പറയാൻ തങ്ങൾ ബാദ്ധ്യസ്ഥരാണെന്നും സി.ബി.ഐ കൂട്ടിച്ചേർത്തു.
അതിജീവിതയ്‌ക്ക്
നിയമസഹായം
ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്യാൻ അതിജീവിതയ്‌ക്ക് നിയമപരമായി അവകാശമുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇരയ്‌ക്ക് പ്രത്യേക ഹർജി സമർപ്പിക്കാം. ഇക്കാര്യത്തിൽ പ്രത്യേക അനുമതി ആവശ്യമില്ല. സൗജന്യ നിയമസഹായം ആവശ്യമുണ്ടെങ്കിൽ സുപ്രീംകോടതിയുടെ ലീഗൽ സർവീസസ് കമ്മിറ്റി അതു ഉറപ്പാക്കണം. അഭിഭാഷകൻ വഴിയും അപ്പീൽ നൽകാം. 2017ൽ കുൽദീപ് സിംഗ് സെൻഗറും കൂട്ടാളികളും ചേർന്ന് 15കാരിയെ തട്ടിക്കൊണ്ടു പോയി കൂട്ടമാനഭംഗത്തിനിരയാക്കിയെന്നാണ് സി.ബി.ഐ കേസ്. മാനഭംഗത്തിനു ശേഷം പെൺകുട്ടിയെ 60,000 രൂപയ്‌ക്ക് വിറ്റെന്നും ആരോപണമുയർന്നു.
ഭർത്താവിനെ അപായപ്പെടുത്തുമെന്ന്
സുപ്രീംകോടതിക്ക് നന്ദി അറിയിച്ച ഉന്നാവ് അതിജീവിത, തന്റെ ഭർത്താവിനെ അപായപ്പെടുത്തുമോയെന്ന് ആശങ്കയുന്നയിച്ചു. ഭർത്താവിന്റെ സാമൂഹിക മാദ്ധ്യമ അക്കൗണ്ടിൽ നിന്ന് അദ്ദേഹവുമായി താൻ നിൽക്കുന്നത് അടക്കം ദൃശ്യങ്ങളും ചിത്രങ്ങളുമെടുത്ത് ചിലർ വ്യാപകമായി പ്രചരിപ്പിക്കുന്നു. ഭർത്താവ് ഭയത്തിലാണ്. അദ്ദേഹത്തെ തിരിച്ചറിഞ്ഞ് കൊലപ്പെടുത്തുമോയെന്നാണ് ആശങ്ക. ഇതിനെതിരെ നടപടിയുണ്ടാകുന്നില്ലെന്നും അതിജീവിത ചൂണ്ടിക്കാട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |