ബീച്ചുകളിൽ വിപുലമായ ആഘോഷ പരിപാടികളും
തിരുവനന്തപുരം: പുതുവർഷത്തെ വരവേൽക്കാൻ വർണാഭമായ ഒരുക്കങ്ങളുമായി തലസ്ഥാന നഗരി. കോവളം,വർക്കല ബീച്ചുകൾ മുതൽ നഗരത്തിലെ ആഡംബര ഹോട്ടലുകൾ വരെ നീളുന്ന വിപുലമായ ആഘോഷ പരിപാടികളാണ് ഇത്തവണയുണ്ടാവുക. തിരുവനന്തപുരം മാനവീയം വീഥിയിൽ യുവജന സംഘടനകളുടെ നേതൃത്വത്തിൽ സാംസ്കാരിക പരിപാടികൾക്കും സംഗീത വിരുന്നും ഇക്കുറിയും നടക്കും.
ബീച്ചുകളിൽ തിരമാലകൾക്കൊപ്പം ആഘോഷം തിരുവനന്തപുരത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ കോവളം, വർക്കല എന്നിവിടങ്ങളിൽ വിദേശ വിനോദസഞ്ചാരികളടക്കം പതിനായിരങ്ങളാണ് പുതുവത്സരം ആഘോഷിക്കാനെത്തുന്നത്. കടൽത്തീരത്തെ റിസോർട്ടുകളും കഫേകളും പ്രത്യേക ലൈവ് മ്യൂസിക് ഷോകളും കരിമരുന്ന് പ്രയോഗങ്ങളും ഒരുക്കിയിട്ടുണ്ട്. ശംഖുംമുഖത്ത് ബീച്ച് ഫെസ്റ്റിന്റെ ഭാഗമായി ഗാന്ധാര ബ്രാന്റിന്റെ സംഗീത നിശയും ഡി.ജെയുമാണ് സംഘടിപ്പിക്കുന്നത്.
വർക്കല ക്ലിഫിലെ കഫേകളിൽ അർദ്ധരാത്രി വരെ നീളുന്ന സംഗീത വിരുന്നുകൾ വിനോദസഞ്ചാരികൾക്ക് പുത്തൻ അനുഭവം നൽകും.
ആഡംബര ഹോട്ടലുകളിൽ ഡി.ജെയും ഡിന്നറും
നഗരത്തിലെ പ്രമുഖ ഹോട്ടലുകളായ ഹയാത്ത് റീജൻസി, വിവാന്ത, ഓ ബൈ താമര, ഹോട്ടൽ മാസ്കോട്ട് തുടങ്ങിയവയിൽ വമ്പൻ പുതുവത്സര പാർട്ടികളാണ് സംഘടിപ്പിക്കുന്നത്.
ഇന്ത്യയിലെ പ്രമുഖ ഡി.ജെകൾ നയിക്കുന്ന മ്യൂസിക് നൈറ്റുകൾ പല ഹോട്ടലുകളിലും ഒരുക്കുന്നുണ്ട്. ഡി.ജെ ജെയ്, ഡി.ജെ മാസ്ക്മെല, ഡി.ജെ സിബിൻ തുടങ്ങിയവരുടെ സംഗീത വിരുന്നുകളാണ് പ്രധാന ആകർഷണം. കൂടാതെ മെന്റലിസ്റ്റ് അനന്തുവിന്റെ പ്രകടനങ്ങളും ഫോം പാർട്ടിയുമാണ് അൽ സാജ് അരീനയിൽ സംഘടിപ്പിച്ചിരിക്കുന്നത്.
ന്യൂ ഇയർ ഓഫറുകൾ
കുടുംബങ്ങൾക്കായി പ്രത്യേക 'ഗാല ഡിന്നർ', കപ്പിൾ എൻട്രികൾക്ക് ഡിസ്കൗണ്ടുകൾ, താമസം ഉൾപ്പെടെയുള്ള പാക്കേജുകൾ എന്നിവയും ലഭ്യമാണ്. 5000- 6500 വരെയാണ് ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ ന്യൂ ഇയർ ആഘോഷത്തിനും ഡി.ജെയ്ക്കുമായുള്ള പ്രവേശന ഫീസ്. കപ്പിളിന് 10000യും നൽകണം. ഇതിനൊപ്പം ടാക്സും. ഇടത്തരം ഹോട്ടലുകളിൽ പ്രവേശനത്തിന് 500-2000 രൂപ വരെയുള്ള ചെറിയ പാർട്ടികളും.
കുട്ടികൾക്ക് ഗെയിം സോണും
പലയിടത്തും ബഫേ ഡിന്നറിനൊപ്പം കുട്ടികൾക്കായി പ്രത്യേക ഗെയിം സോണുകളും ഒരുക്കിയിട്ടുണ്ട്. ബുക്ക് മൈ ഷോയിലൂടെ പാർട്ടിക്കുള്ള സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാനാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |