
വിശാഖപട്ടണം: ടാറ്റ നഗർ-എറണാകുളം എക്‌സ്‌പ്രസ് ട്രെയിനിന്റെ രണ്ട് കോച്ചുകളിലുണ്ടായ തീപിടിത്തതിൽ ഒരാൾക്ക് ദാരുണാന്ത്യം. ആന്ധ്ര സ്വദേശിയായ ചന്ദ്രശേഖർ സുന്ദരം (75) ആണ് മരിച്ചത്. ആന്ധ്രാപ്രദേശിലെ അനകപള്ളിക്ക് സമീപം എലമഞ്ചി റെയിൽവേ സ്റ്റേഷനിൽ വച്ച് ഞായറാഴ്ച അർദ്ധരാത്രി 12.45ഓടെയായിരുന്നു തീപിടിത്തം. സംഭവത്തിൽ ബി1, എം2 കോച്ചുകൾ പൂർണമായും കത്തിനശിച്ചു. അതേസമയം, തീപിടിത്തതിന്റെ കാരണം വ്യക്തമല്ല.
ട്രെയിൻ യാത്രക്കിടെ ലോക്കോ പൈലറ്റാണ് ആദ്യം തീ പടരുന്നത് കണ്ടത്. തുടർന്ന് പൈലറ്റ് ട്രെയിൻ നിറുത്തി യാത്രക്കാരെ ഒഴിപ്പിച്ചെങ്കിലും പിന്നീട് നടന്ന പരിശോധനയിൽ ഒരാളുടെ മൃതദേഹം ലഭിക്കുകയായിരുന്നു. തീപിടിത്ത സമയത്ത് ഒരു കോച്ചിൽ 82 പേരും മറ്റൊന്നിൽ 76 യാത്രക്കാരുമായിരുന്നു ഉണ്ടായിരുന്നതെന്നും റെയിൽവേ അധികൃതർ പറഞ്ഞു. അതേസമയം,
കത്തിനശിച്ച കോച്ചുകളിലെ യാത്രക്കാരെ ബസുകളിൽ സമീപത്തെ സ്റ്റേഷനിൽ എത്തിച്ച ശേഷം പുതിയ എ.സി കോച്ചുകൾ ട്രെയിനിൽ ഘടിപ്പിച്ച ശേഷം യാത്ര തുടർന്നെന്നും റെയിൽവേ കൂട്ടിച്ചേർത്തു.
ഞയറാഴ്ച രാവിലെ 5നാണ് ട്രെയിൻ ടാറ്റാ നഗറിൽ നിന്ന് യാത്ര ആരംഭിച്ചത്. എലമഞ്ചിയിൽ രാത്രി ഒമ്പതോടെയാണ് ട്രെയിൻ എത്തേണ്ടിയിരുന്നതെങ്കിലും 3 മണിക്കൂർ വൈകിയിരുന്നു. അതിനിടെ അഗ്നിബാധയുടെ കാരണം കണ്ടെത്താൻ രണ്ട് ഫൊറൻസിക് ടീം കോച്ചുകളിൽ പരിശോധന നടത്തുമെന്ന് പൊലീസും വ്യക്തമാക്കി. റെയിൽവേ ഉന്നത ഉദ്യോഗസ്ഥരും ആന്ധ്ര ആരോഗ്യമന്ത്രിയും സംഭവസ്ഥലം സന്ദർശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |