
വാളയാർ: പലിശപ്പിരിവിനെത്തിയ ഗുണ്ടാസംഘം യുവാവിനെ പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ചു. ആൾക്കൂട്ട മർദ്ദനത്തിൽ വാളയാറിൽ അതിഥി തൊഴിലാളി മരിച്ചതിന്റെ നടുക്കം മാറുംമുമ്പാണ് 15 കിലോമീറ്റർ അകലെ എലപ്പുള്ളിയിൽ സമാന ആക്രമണം. ഒകരപള്ളം സ്വദേശി വിപിനെയാണ് (30) നാട്ടുകാരുടെയും ബന്ധുക്കളുടെയും മുന്നിലിട്ട് ക്രൂരമായി മർദ്ദിച്ചത്.
മർദ്ദന ദൃശ്യം പുറത്തുവന്നതിനു പിന്നാലെ സ്വമേധയാ കേസെടുത്ത കസബ പൊലീസ്, രണ്ടുപേരെ അറസ്റ്റുചെയ്തു. ക്രമിനൽ കേസ് പ്രതികളും വിപിന്റെ സുഹൃത്തുക്കളുമായ ഒകരപള്ളം സ്വദേശി ശ്രീകേഷ് (24), ആലാമരം സ്വദേശി ഗിരീഷ് (38) എന്നിവരാണ് എലപ്പുള്ളിയിൽ നിന്ന് പിടിയിലായത്. വാളയാർ ആൾക്കൂട്ട കൊലപാതകത്തിന് സമാനമായ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
കഴിഞ്ഞ പതിനേഴിന് വാളയാർ അട്ടപ്പള്ളത്ത് ഛത്തീസ്ഗഢ് സ്വദേശി രാം നാരായൺ കൊല്ലപ്പെട്ട അതേരാത്രിയിലാണ് വിപിനും മർദ്ദനമേറ്റത്. ഇതിന്റെ ദൃശ്യങ്ങൾ ഇന്നലെയാണ് പുറത്തുവന്നത്. ഒരുസംഘം ബലമായി കൈയും കാലും തോർത്ത് ഉപയോഗിച്ച് കെട്ടിയ ശേഷം റോഡിലെ പോസ്റ്റിൽ വിപിനെ കെട്ടിയിട്ടു. തുടർന്ന് വടി ഉൾപ്പെടെ ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നു. പരിക്കേറ്റ വിപിൻ ഭീഷണി ഭയന്ന് പൊലീസിൽ പരാതി നൽകാനോ ആശുപത്രിയിൽ ചികിത്സ തേടാനോ തയ്യാറായില്ല. കേസെടുത്തതിന് പിന്നാലെയാണ് വിപിൻ പരാതി നൽകിയത്. അറസ്റ്റിലായവരും മർദ്ദനമേറ്റയാളും അടിപിടി ഉൾപ്പെടെയുള്ള കേസുകളിൽ പ്രതികളാണെന്നും ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയുടെ ഭാഗമായാണ് ആക്രമണമെന്നും പൊലീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |