
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തത് നൂറോളം ചോദ്യങ്ങളുമായി. അതീവ രഹസ്യമായിട്ടായിരുന്നു ചോദ്യം ചെയ്യൽ. ഇന്നലെയാണ് സംഭവം പുറത്തറിഞ്ഞത്. 2019ൽ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളിയെ ശനിയാഴ്ച രാവിലെ 11ന് രഹസ്യകേന്ദ്രത്തിൽ വിളിച്ചുവരുത്തിയാണ് 3 മണിക്കൂർ ചോദ്യം ചെയ്തത്. ഇപ്പോൾ കഴക്കൂട്ടം എം.എൽ.എയും സി.പി.എം സംസ്ഥാനകമ്മിറ്റിയംഗവുമാണ് കടകംപള്ളി. മൂന്നുമാസമായി തുടരുന്ന എസ്.ഐ.ടിയുടെ അന്വേഷണം സർക്കാരിലേക്ക് നീളുമെന്നതിന്റെ വ്യക്തമായ സൂചനയാണിത്.
ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം, സ്വർണക്കൊള്ളയെക്കുറിച്ചുള്ള അറിവ്, ഏതെങ്കിലും തരത്തിൽ അതിൽ ഇടപെട്ടോ തുടങ്ങിയ ചോദ്യങ്ങളാണ് എസ്.ഐ.ടി ഉന്നയിച്ചത്. ശബരിമലയിലെ സ്‌പോൺസറെന്ന നിലയിലടക്കം പോറ്റിയെ അറിയാമെങ്കിലും സ്വർണക്കൊള്ളയെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്ന നിലപാടിൽ കടകംപള്ളി ഉറച്ചുനിന്നു. പോറ്റിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് കടകംപള്ളി നൽകിയ മറുപടിയിൽ അവ്യക്തതയുണ്ടെന്നും വീണ്ടും ചോദ്യം ചെയ്യേണ്ടിവരുമെന്നുമാണ് എസ്.ഐ.ടി നൽകുന്ന സൂചന. പോറ്റിക്ക് സഹായം ചെയ്യാൻ അപേക്ഷയ്ക്ക് മുകളിലെഴുതിയത് സാധാരണ നടപടിക്രമമാണോയെന്നും എസ്.ഐ.ടിക്ക് സംശയമുണ്ട്. പോറ്റിയുമായുള്ള സാമ്പത്തികയിടപാടുകളെക്കുറിച്ചും അവ്യക്തതയുണ്ട്.
ദേവസ്വംബോർഡ് പ്രസിഡന്റായിരുന്ന പി.എസ്. പ്രശാന്തിനെയും ചോദ്യം ചെയ്തു. മുൻ പ്രസിഡന്റുമാരായ എ. പത്മകുമാർ, എൻ. വാസു അടക്കം 10 ഉന്നതർ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്.
ബോർഡിന്റെ ഗൂഢാലോചന
സ്വർണക്കൊള്ളയ്ക്കായി ബോർഡ് ഒന്നടങ്കം ഗൂഢാലോചന നടത്തിയെന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തൽ. കടകംപള്ളി ദേവസ്വം മന്ത്രിയായിരിക്കെ നടന്ന സംഭവത്തെക്കുറിച്ച് അദ്ദേഹത്തിനും അറിവുണ്ടാകാമെന്നാണ് വിലയിരുത്തൽ. കടകംപള്ളിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പത്മകുമാർ, പോറ്റി അടക്കമുള്ളവരെ വീണ്ടും ചോദ്യം ചെയ്യും. കഴക്കൂട്ടം മണ്ഡലത്തിൽ പോറ്റിയുടെ സ്പോൺസർഷിപ്പിൽ വീടുകൾ നിർമ്മിച്ചിരുന്നതിനെക്കുറിച്ചും അന്വേഷണമുണ്ട്.
പോറ്റിയെ കേറ്റാൻ ഇടപെട്ടില്ല
പോറ്റിയെ അറിയാമെങ്കിലും സ്വർണം പൂശൽ പോറ്റിയെ ഏൽപ്പിക്കാനുള്ള ബോർഡ് തീരുമാനത്തിൽ ഇടപെട്ടിട്ടില്ലെന്നാണ് കടകംപള്ളിയുടെ മൊഴി. ബോർഡ് സ്വതന്ത്ര സംവിധാനമായതിനാൽ എല്ലാകാര്യങ്ങളും സർക്കാർ അറിയേണ്ടതില്ല. സ്വർണപ്പാളികൾ കൈമാറാനുള്ള തീരുമാനം പൂർണമായി ബോർഡിന്റേതാണ്. അതിൽ പങ്കാളിയായിട്ടില്ല. പോറ്റിയുമായി മറ്റിടപാടുകളില്ല. സ്വർണം പൂശാനായി ബോർഡോ വ്യക്തികളോ അപേക്ഷ നൽകിയിട്ടില്ല. സ്വർണം പൂശിയ കാര്യം ബോർഡ് സർക്കാരിനെ അറിയിച്ചിട്ടില്ല. മന്ത്രിയെന്ന നിലയിൽ തനിക്ക് ഒരറിവും ഉണ്ടായിരുന്നില്ല.
'ആരെയെങ്കിലും കുറ്റപ്പെടുത്താനോ പഴിചാരാനോ സാധിക്കണമെങ്കിൽ ഇക്കാര്യത്തെക്കുറിച്ച് എനിക്ക് എന്തെങ്കിലുമൊരു അറിവു വേണ്ടേ. എനിക്ക് ഒരു അറിവുമില്ലാത്തൊരു കാര്യത്തെക്കുറിച്ച് എങ്ങനെയാണ് പറയുക".
-കടകംപള്ളി സുരേന്ദ്രൻ
സർക്കാരിന് അറിയാമായിരുന്നെന്ന് പത്മകുമാർ
1. സ്വർണപ്പാളികൾ പോറ്റിക്ക് നൽകിയതിലെ ഉത്തരവാദിത്വം തനിക്കു മാത്രമല്ലെന്നും സർക്കാരിനും ഇക്കാര്യം അറിയാമായിരുന്നെന്നുമാണ് പത്മകുമാറിന്റെ മൊഴി.
2. ബോർഡിന് മാത്രമല്ല, സർക്കാരിനും പോറ്റി അപേക്ഷ നൽകിയിരുന്നു. പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കാനും ആവശ്യമായ സഹായം ചെയ്യാനും സർക്കാർ നിർദ്ദേശിച്ചു. ഇതു കൂടി കണക്കിലെടുത്താണ് ബോർഡ് തീരുമാനമെടുത്തത്.
3. സ്വർണപ്പാളി കൈമാറാനുള്ള ഉത്തരവിന്റെ രേഖകളിൽ ഇക്കാര്യം പരാമർശിച്ചിട്ടുണ്ട്. എന്നാൽ, മന്ത്രിയെന്നനിലയിൽ കിട്ടിയ അപേക്ഷകളിലെല്ലാം പരിശോധിച്ച് നടപടിയെടുക്കാൻ മാത്രമാണ് നിർദ്ദേശിക്കാറുള്ളതെന്നാണ് കടകംപള്ളി പറയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |