
വയനാട്: ഇസ്രായേലിൽ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയ വയനാട് സ്വദേശി ജിനേഷിന്റെ ഭാര്യ രേഷ്‌മ വിഷം ഉള്ളിൽച്ചെന്ന് മരിച്ചു. ഇസ്രായേലിൽ കെയർ ഗിവർ ആയിരുന്ന ബത്തേരി കോളിയാടിപെലക്കുത്ത് സ്വദേശി ജിനേഷ് പി സുകുമാരനെ (38) അഞ്ച് മാസം മുമ്പാണ് ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്. ചികിത്സയിലിരിക്കെയാണ് കോളേരി സ്വദേശിനിയായ രേഷ്‌മ (34) മരിച്ചത്. ദമ്പതികൾക്ക് ഒരു പെൺകുഞ്ഞുണ്ട്, ആരാധ്യ.
ജറുസലേമിന് സമീപം മേവസേരേട്ട് സിയോനിൽ ജോലി ചെയ്‌തിരുന്ന വീട്ടിലെ മുറിക്കുള്ളിലാണ് ജിനേഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടുടമസ്ഥയായ 80കാരി വീടിനുള്ളിൽ കുത്തേറ്റ് മരിച്ച നിലയിൽ കിടക്കുകയായിരുന്നു. ഇവരുടെ ഭർത്താവിനെ പരിചരിക്കുന്ന ജോലിയായിരുന്നു ജിനേഷിന്. ഇവരുടെ ബന്ധുക്കൾ വീട്ടിൽ എത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്.
ഇരുവരെയും ആരെങ്കിലും കൊലപ്പെടുത്തിയതാണോ അതോ ജിനേഷ് ജീവനൊടുക്കിയതാണോ എന്നത് സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ഇസ്രായേലിലുള്ള മലയാളി സുഹൃത്തുക്കളെയും അധികാരികളെയും രേഷ്‌മ നിരന്തരം ബന്ധപ്പെട്ടിരുന്നതായി ബന്ധുക്കൾ പറഞ്ഞു. വയനാട്ടിൽ മെഡിക്കൽ റെപ്രസന്റേറ്റീവായി ജോലി ചെയ്യുന്നതിനിടെയാണ് ജിനേഷ് ഇസ്രായേലിലേക്ക് പോയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |