
തുറവൂർ: കെ.എസ്.എഫിയുടെ തുറവൂർ ബ്രാഞ്ചിൽ വ്യാജ ആധാർ കാർഡുപയോഗിച്ച് മുക്കുപണ്ടം പണയം വച്ച് 1,40,000 തട്ടിയെടുത്ത സംഘം പിടിയിൽ.
എറണാകുളം ജില്ലയിൽ രായമംഗലം പഞ്ചയാത്ത് 11-ാ വാർഡിൽ പുല്ലുവഴി കാളംമാലിയിൽ എൽദോവർഗീസ് (50),ഞെഴുവങ്കൻ വീട്ടിൽ ജിബി (48), 10 -ാം വാർഡിൽ വാരപ്പെട്ടി പാറയിൽ കുടിചാലിൽ ബിജു (48) എന്നിവരെയാണ് കുത്തിയതോട് പൊലീസ് അറസ്റ്റുചെയ്തത്. 17ന് ഉച്ചയ്ക്ക് രണ്ടേ മുക്കാലിനാണ് പ്രതികൾ തട്ടിപ്പു നടത്തിയത്.
കുത്തിയതോട് സ്വദേശി മത്തായി വർഗ്ഗീസ് എന്ന് പരിചയപ്പെടുത്തി എൽദോ വർഗീസ് രണ്ട് സ്വർണവളകൾ എന്ന വ്യാജേന മുക്കുപണ്ടവുമായി ബ്രാഞ്ചിലെത്തി. വ്യാജ ആധാർ കാർഡ് നൽകുകയും ചെയ്തു. വീട് സ്ഥിതി ചെയ്യുന്ന സ്ഥലം ചോദിച്ചപ്പോൾ സാസാരിക്കാൻ പ്രയാസമുള്ളതായി പെരുമാറി.തുടർന്ന്
ഇയാളുടെ സഹായിയെന്ന നിലയിൽ കൂടെയെത്തിയ ജിബി, കുത്തിയതോടാണ് സ്ഥലമെന്നു പറഞ്ഞ് പരിചയപ്പെടുത്തി.ഇവരുടെ ഇടപെടലിൽ പ്രത്യേകിച്ച് സംശയമൊന്നും തോന്നാതിരുന്നതിനാൽ ജീവനക്കാർ വളകൾ വാങ്ങിയശേഷം 1,40,000 നൽകുകയായിരുന്നു. പിന്നീട് സംശയം തോന്നിയ ബ്രാഞ്ച് മാനേജർ നടത്തിയ പരിശോധനയിൽ വളകൾ മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞു.
പരാതിയുടെ അടിസ്ഥാനത്തിൽ പിടിയിലായ പ്രതികളെ ചോദ്യം ചെയ്തതോടെ
വ്യാജ ആധാർ കാർഡും വളകളും നിർമ്മിച്ചു നൽകിയത് ബിജുവാണെന്ന് കണ്ടെത്തി. ഉരച്ചുനോക്കിയാൽ പോലും സ്വർണമല്ലെന്ന് തിരിച്ചറിയാൻ കഴിയാത്ത വിധമാണ് വളകൾ നിർമ്മിച്ചിരിക്കുന്നതെന്നും പ്രതികൾക്കെതിരെ എറണാകുളം, ആലപ്പുഴ, ഇടുക്കി, കോട്ടയം ജില്ലകളിലായി ഇരുപതോളം മുക്കുപണ്ട പണയകേസുകളുണ്ടെന്നും പൊലീസ് പറഞ്ഞു. കുത്തിയതോട് പൊലീസ് സബ് ഇൻസ്പെക്ടർ ബജിത്ത് ലാൽ, സിവിൽ പൊലീസ് ഓഫീസർമാരായ വിജേഷ് , അമൽരാജ്, സാജൻ എന്നിവരാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |