
അമ്പലപ്പുഴ : കടുത്ത മത്സ്യക്ഷാമം, കടൽക്ഷോഭം, അപ്രതീക്ഷിത മുന്നറിയിപ്പുകളെത്തുടർന്നുള്ള തൊഴിൽ നഷ്ടം... എന്നിങ്ങനെ ദുരിതത്തിന്റെ കാണാക്കയത്തിലായിരുന്നു 2025ൽ ജില്ലയിൽ മത്സ്യത്തൊഴിലാളികൾ. കപ്പലിൽ നിന്ന് കടലിൽ പതിച്ച കണ്ടെയ്നറുകൾ തൊഴിലുപകരണങ്ങൾക്കുണ്ടാക്കിയ നാശത്തെത്തതുടർന്നുണ്ടായ നഷ്ടം വേറെയും.
2026ലെങ്കിലും നല്ലൊരു കോളു ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വള്ളംഉടമകളും, മത്സ്യത്തൊഴിലാളികളും. വറുതിയിൽ നിന്ന് കരകയറാൻ ജില്ലയിലെ തീരദേശത്തെ എന്നും തുണച്ചിരുന്ന ചാകര പ്രത്യക്ഷപ്പെടാതെ പോയ വർഷമാണ് കടന്നുപോയത്. വിവിധ കാരണങ്ങളാൽ മത്സ്യ ബന്ധനം കുറഞ്ഞതോടെ വള്ളവുംവലയും കരയ്ക്കുകയറ്റി വിശ്രമത്തിലാണ് മിക്ക തൊഴിലാളികളും. തോട്ടപ്പള്ളി ഹാർബറിൽ നിന്നു മത്സ്യബന്ധനത്തിന് പോകുന്ന നൂറു കണക്കിനു ചെറുതും വലുതുമായ വള്ളങ്ങൾക്ക്ഇന്ധന ചെലവിനുള്ള മീൻ പോലും കിട്ടുന്നില്ലെന്നാണ് തൊഴിലാളികൾ പറയുന്നത്. ഒരാൾ പണിയെടുക്കുന്ന പൊന്തുവള്ളക്കാരുടെ അവസ്ഥയും പരിതാപകരം.
ചന്തക്കടവുകൾ നിശ്ചലമായി
1. വളർച്ചയെത്താത്ത മത്തി ലഭിച്ചെങ്കിലും ഇതിന് ആവശ്യക്കാർ ഇല്ലാത്തതിനാൽ കിട്ടുന്ന വിലയ്ക്ക് കൊടുക്കണം
2. മത്സ്യലഭ്യത കുറഞ്ഞതോടെ തോട്ടപ്പള്ളിയടക്കം ജില്ലയിലെ ചന്തക്കടവുകളുടെ പ്രവർത്തനം നിലച്ചിരുന്നു
3. ആളൊഴിഞ്ഞതോടെ ഇവിടെ പ്രവർത്തിച്ചിരുന്ന ചെറുകിട കച്ചവട സ്ഥാപനങ്ങളും തുറന്നുപ്രവർത്തിക്കുന്നില്ല
4. തോട്ടപ്പള്ളിയിൽ മീൻ ഇല്ലാതെ വന്നതോടെ അന്യസംസ്ഥാനത്തു നിന്നെത്തിച്ച മീനുകളാണ് വിപണി കീഴടക്കിയത്
ചാകര പോലും ഇത്തവണ ലഭിച്ചില്ല. 7 മാസത്തോളം തുടർച്ചയായി മഴയുംകാറ്റും വന്നതും മത്സ്യബന്ധനത്തിന് തടസമായി. മറിഞ്ഞ കപ്പലിൽ നിന്ന് കടലിൽ വീണ കണ്ടെയിനറിന്റെ അവശിഷ്ടങ്ങളും വിനയായി. മത്സ്യത്തൊഴിലാളികളുടെ ജീവിതം വളരെ ബുദ്ധിമുട്ടിലാണ്
- അഖിലാനന്ദൻ, മത്സ്യതൊഴിലാളി , പുന്നപ്ര
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |