
ജയ്പൂർ: പുതുവത്സരവുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിൽ സ്‌ഫോടകവസ്തുക്കൾ നിറച്ച കാർ പിടികൂടിയതോടെ രാജസ്ഥാനിൽ അതീവ ജാഗ്രത. ടോങ്ക് ജില്ലയിൽ നിന്നാണ് 150 കിലോ അമോണിയം നൈട്രേറ്റുമായി മാരുതി സിയാസ് കാർ പിടികൂടിയത്. യൂറിയ വളത്തിന്റെ ചാക്കിൽ ഒളിപ്പിച്ച അമോണിയം നൈട്രേറ്റും 1100 മീറ്റർ ഫ്യൂസ് വയറും (ആറു കെട്ടുകളായി) 200 ബുള്ളറ്റുകളും പൊലീസ് പിടിച്ചെടുത്തു.
സംഭവവുമായി ബന്ധപ്പെട്ട് സുരേന്ദ്ര മോച്ചി, സുരേന്ദ്ര പത്വ എന്നിവർ അറസ്റ്റിലായി. ബുന്ദിയിൽനിന്ന് ടോങ്കിലേക്ക് സ്‌ഫോടകവസ്തുക്കൾ കൊണ്ടുപോകുന്നെന്ന വിവരം ലഭിച്ചതിന് പിന്നാലെ കാർ തടഞ്ഞുനിറുത്തി പരിശോധിക്കുകയായിരുന്നു. പ്രതികളെ ചോദ്യം ചെയ്യുകയാണെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
പുതുവർഷത്തലേന്ന് വലിയ അളവിൽ സ്‌ഫോടകവസ്തുക്കൾ പിടികൂടിയത് ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ അമോണിയം നൈട്രേറ്റാണ് ഉപയോഗിച്ചത്. ഹരിയാനയിലെ ഫരീദാബാദിൽ 2,900 കിലോ സ്‌ഫോടകവസ്തുക്കൾ കണ്ടെത്തിയതിന് പിന്നാലെയായിരുന്നു ഡൽഹി സ്‌ഫോടനം. രാജസ്ഥാനിൽ സ്‌ഫോടക വസ്‌തു പിടിച്ച പശ്‌ചാത്തലത്തിൽ ഡൽഹി അടക്കം മെട്രോ നഗരങ്ങളിൽ പരിശോധന കൂട്ടി.
രഹസ്യാന്വേഷണ ഏജൻസികൾക്ക് ലഭിച്ച വിവരത്തെത്തുടർന്ന് പ്രധാന ഓപ്പറേഷൻ നടത്തി. രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണ്. കേസിലെ എല്ലാ വശങ്ങളും അന്വേഷിച്ചുവരികയാണ്.
-ഡി.എസ്.പി
മൃത്യുഞ്ജയ് മിശ്ര
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |