കട്ടപ്പന: ഉത്പാദനം കൂടിയതോടെ കാപ്പി വിലയിൽ നേരിയ ഇടിവ്. 225 രൂപ ലഭിച്ചിരുന്ന തൊണ്ടോടു കൂടിയ കാപ്പിക്കുരുവിന്റെ വില 190 രൂപയായും 400 രൂപയിലധികം ലഭിച്ചിരുന്ന കാപ്പി പരിപ്പിന്റെ വില 375 രൂപയുമായാണ് താഴ്ന്നത്. ഒരാഴ്ചയായി കട്ടപ്പന കമ്പോളത്തിൽ അധികമായി കാപ്പിക്കുരു എത്തുന്നുണ്ട്. വിളവെടുപ്പ് ചെലവ് താങ്ങാൻ കഴിയാതിരുന്നതും ആവശ്യത്തിന് തൊഴിലാളികളെ ലഭിക്കാനില്ലാത്തതും വൻകിട കാപ്പിത്തോട്ടങ്ങളിലെ വിളവെടുപ്പിനെ ബാധിച്ചിട്ടുണ്ട്. എന്നാൽ ഉയർന്ന വില ലഭിക്കാൻ തുടങ്ങിയതോടെ ചെറുകിട കർഷകർ സ്വയം വിളവെടുത്തതും വിളവിന്റെ പാതി എന്ന വ്യവസ്ഥയിൽ വിളവെടുപ്പിച്ചതും ഇത്തവണ ഉത്പാദനം വർദ്ധിക്കാൻ കാരണമായി. അന്യസംസ്ഥാന തൊഴിലാളികൾക്ക് 800 രൂപയും പ്രാദേശിക തൊഴിലാളികൾക്ക് 1000 രൂപയുമാണ് വിളവെടുപ്പ് കൂലി നൽകേണ്ടത്. രണ്ട് തവണ വിളവെടുപ്പ് നടത്തേണ്ടി വരുന്നതോടെ കൂലി നൽകി വിളവെടുത്ത കാപ്പിക്കുരു വിറ്റാൽ വിളവെടുപ്പ് കൂലി പോലും ലഭിക്കാൻ കഴിയാത്ത അവസ്ഥയിലായി. ഇതോടെ വൻകിട തോട്ടങ്ങളിൽ വിളവിന്റെ വലിയൊരു ശതമാനം കാപ്പിക്കുരു പറിച്ചുമാറ്റാൻ കഴിയാതെ ഉപേക്ഷിക്കേണ്ടി വരുന്നുണ്ട്.
വിലയേറും,
കുറയും
അഞ്ചു വർഷം മുമ്പ് ഇടുക്കിയുടെ വിവിധ പ്രദേശങ്ങളിൽ ധാരാളം കാപ്പിത്തോട്ടങ്ങൾ ഉണ്ടായിരുന്നു. എന്നാൽ 2019ൽ ഏലക്കയ്ക്ക് റെക്കാഡ് വില ലഭിച്ചതോടെ കർഷകർ കാപ്പിത്തോട്ടങ്ങൾ ഉഴുതു മറിച്ച് ഏലത്തട്ടകൾ നട്ടു. ഇതോടെയാണ് ജില്ലയിൽ കാപ്പിക്കുരു ഉത്പാദനം ഇടിഞ്ഞത്. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഉത്പാദനം ഇടിഞ്ഞതിന് പിന്നാലെ വിലയും ഉയർന്നു.
=2022 തുടക്കത്തിൽ 70 രൂപ വിലയുണ്ടായിരുന്ന കാപ്പിക്കുരുവിന് 225 രൂപയും 150 രൂപ വിലയുണ്ടായിരുന്ന കാപ്പി പരിപ്പിന് 400 രൂപയിലധികവും ലഭിച്ചിരുന്നു.
എന്നാൽ കാലാവസ്ഥാ വ്യതിയാനം കർഷകർക്ക് തിരിച്ചടിയായി. ഇടവിട്ടുള്ള മഴകാരണം കാപ്പിക്കുരു ഒരുമിച്ച് പാകമാകാത്തത് കർഷകരെ പ്രതിസന്ധിയിലാക്കി. ഒരു ചെടിയിൽ തന്നെ പച്ചയും വിളഞ്ഞതുമായ കാപ്പിക്കുരു കായ്ച്ചു നിൽക്കുന്നത് രണ്ട് തവണ വിളവെടുപ്പ് നടത്തേണ്ട സാഹചര്യം ഉണ്ടാക്കും. ഇത് കർഷകർക്കും തോട്ടം ഉടമകൾക്കും വലിയ ബാദ്ധ്യയുണ്ടാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |