
തൃശൂർ: ദേശീയപാതയിൽ യാത്രക്കാർ വിശ്രമിക്കുന്ന സമയം, ആക്രമിച്ച് കവർച്ചയ്ക്ക് തയ്യാറെടുത്ത അഞ്ചംഗ സംഘത്തെ ആയുധങ്ങളുമായി പൊലീസ് പിടികൂടി. ചങ്ങനാശ്ശേരി ഫാത്തിമപുരം വെട്ടുകുഴിയിൽ വീട്ടിൽ സിജോ (31), പള്ളിവീട് വീട്ടിൽ അഫാൻ (24), തൃശൂർ നാട്ടിക എ.കെ.ജി നഗർ സുജീഷ് (28), പട്ടാട്ട് വീട്ടിൽ മിഥുൻ (22), തൃശൂർ പെരിങ്ങോട്ടുകര ചിറയത്ത് വീട്ടിൽ ധനേഷ് (38) എന്നിവരാണ് പിടിയിലായത്.
ദേശീയപാത കുട്ടനെല്ലൂരിൽ ഡിസംബർ 30നായിരുന്നു സംഭവം. പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ ജിൻസ് മാത്യുവും സംഘവും നമ്പർ പ്ലേറ്റില്ലാത്ത വാഹനം കണ്ട് പരിശോധിക്കാനെത്തിയപ്പോൾ പ്രതികൾ വാഹനത്തിൽ കയറി രക്ഷപെട്ടു. പൊലീസ് പിന്തുടർന്നതോടെ പാലിയേക്കര ടോൾ പ്‌ളാസയിലെ ബാരിയർ ഇടിച്ചുതെറിപ്പിച്ച് രക്ഷപെട്ട സംഘത്തെ ആമ്പല്ലൂർ ജംഗ്ഷനിൽ ചേസ് ചെയ്താണ് പിടികൂടിയത്.
വാഹനത്തിൽ നിന്നും ആയുധങ്ങളും കണ്ടെടുത്തു. പ്രതികളെക്കുറിച്ചുള്ള അന്വേഷണത്തിൽ പ്രതികൾ നിരന്തരം ഫോൺ മുഖേന ബന്ധപ്പെട്ടിരുന്നതായും വിവിധ ക്രിമിനൽകേസുകളിൽ ഉൾപ്പെട്ടവരാണെന്നും കണ്ടെത്തി. സിജോ സെബാസ്റ്റ്യൻ കാപ്പ ഉൾപ്പെടെ ഏഴോളം ക്രിമിനൽ കേസിലെ പ്രതിയാണ്. സുജീഷിന് അഞ്ചോളം ക്രിമിനൽ കേസും, അഫാന് രണ്ടും, ധനേഷിന് ഒന്നും മിഥുൻ മൂന്നും കേസിലെ പ്രതികളാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. അസിസ്റ്റന്റ് കമ്മിഷണർ എസ്.പി സുധീരന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ ഇൻസ്‌പെക്ടർ ഇ.ആർ.ബൈജു, എസ്.ഐ ജിസ് മാത്യു, എ.എസ്.ഐ: ഉല്ലാസ്, സി.പി.ഒമാരായ നിരാജ്‌മോൻ എന്നിവരുമുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |