മലപ്പുറം: ഭിന്നശേഷിക്കാർക്കുള്ള ഏകീകൃത തിരിച്ചറിയൽ കാർഡും (യു.ഡി.ഐ.ഡി) ഡിസബിലിറ്റി സർട്ടിഫിക്കറ്റും അനുവദിക്കുന്നത് വേഗത്തിലാക്കാൻ താലൂക്ക് അടിസ്ഥാനത്തിൽ ക്യാമ്പുകൾ സംഘടിപ്പിക്കാൻ ആരോഗ്യ വകുപ്പിന്റെ തീരുമാനം. ഒന്നര മാസം കൊണ്ട് അപേക്ഷകൾ തീർപ്പാക്കും. നിലവിൽ 4,865 അപേക്ഷകളുണ്ട്. ഇതിൽ 2,913 പേരുടെ അപേക്ഷകൾ ആറ് മാസത്തിന് മുകളിലായി കെട്ടിക്കിടക്കുന്നുണ്ട്. ഏഴ് ആശുപത്രികളിലും ജില്ലാ മെഡിക്കൽ ഓഫീസിലുമാണ് നിലവിൽ അപേക്ഷകൾ ഓൺലൈനായി സ്വീകരിക്കുന്നത്. മഞ്ചേരി മെഡിക്കൽ കോളേജിലാണ് കൂടുതൽ അപേക്ഷകളും ലഭിക്കുന്നത്. 1,347 പേരാണ് അപേക്ഷിച്ചത്. ഇതിൽ 888 അപേക്ഷകളും ആറ് മാസത്തിൽ കൂടുതൽ പഴക്കമുള്ളവയാണ്. എണ്ണം കുറവുള്ള ആശുപത്രികളിലേക്ക് അപേക്ഷകൾ മാറ്റിനൽകാൻ ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കളുടെ സംഘടനകളോട് ആരോഗ്യ വകുപ്പ് അഭ്യർത്ഥിച്ചിട്ടുണ്ട്. എല്ലാ ആശുപത്രികളിലേക്കും ഒരുപോലെ അപേക്ഷകൾ വീതംവയ്ക്കപ്പെടുമ്പോൾ സർട്ടിഫിക്കറ്റുകൾ കൂടുതൽ വേഗത്തിൽ അനുവദിക്കാനാവും എന്നാണ് ആരോഗ്യ വകുപ്പിന്റെ നിലപാട്.
എണ്ണം കൂടുതൽ മഞ്ചേരിയിൽ
രോഗികളുടെ ബാഹുല്യത്തിന് അനുസരിച്ച് മഞ്ചേരി മെഡിക്കൽ കോളേജിൽ ആവശ്യത്തിന് സ്പെഷലിസ്റ്റ് ഡോക്ടർമാർ ഇല്ലെന്നത് വലിയ പ്രതിസന്ധി തീർക്കുന്നുണ്ട്. ഇതിനൊപ്പം ഡിസബിലിറ്റി സർട്ടിഫിക്കറ്റ് അനുവദിക്കുന്ന പ്രക്രിയ കൂടി വരുന്നതോടെ ജോലിഭാരം ഇരട്ടിക്കും. അസ്ഥിരോഗം, ഇ.എൻ.ടി, നേത്രരോഗങ്ങൾ, മാനസികാരോഗ്യം വിഭാഗങ്ങളിൽ നിന്നുള്ളവ ഡോക്ടർമാർ ഉൾപ്പെട്ട മെഡിക്കൽ ബോർഡ് ചേർന്നുവേണം ഡിസബിലിറ്റി സർട്ടിഫിക്കറ്റ് അനുവദിക്കാൻ. മെഡിക്കൽ കോളേജിലെ തിരക്ക് മൂലം മെഡിക്കൽ ബോർഡ് സമയബന്ധിതമായി ചേരാൻ സാധിക്കുന്നില്ല. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 273 അപേക്ഷകളാണ് തീർപ്പാക്കാനായത്. ഇക്കാലയളവിൽ ജില്ലയിൽ ആകെ 1,937 അപേക്ഷകൾ തീർപ്പാക്കിയിട്ടുണ്ട്
ആശുപത്രി ..................................... അപേക്ഷകൾ ............. ആറ് മാസത്തിൽ കൂടുതൽ പഴക്കം
മഞ്ചേരി മെഡിക്കൽ കോളേജ്......... 1,347 ......................................... 888
തിരൂർ ജില്ലാശുപത്രി ....................... 732 ............................................ 415
പെരിന്തൽമണ്ണ ജില്ലാശുപത്രി ....... 417 ............................................ 222
നിലമ്പൂർ ജില്ലാശുപത്രി .................. 735 ........................................... 453
മലപ്പുറം താലൂക്കാശുപത്രി ........... 705 ............................................ 472
പൊന്നാനി താലൂക്കാശുപത്രി ..... 153 ............................................ 52
തിരൂരങ്ങാടി താലൂക്കാശുപത്രി .... 776 .......................................... 298
ജില്ലാ മെഡിക്കൽ ഓഫീസ് ............. 705 ............................................. 585
ഭിന്നശേഷി സർട്ടിഫിക്കറ്റ് എത്രയും വേഗത്തിൽ നൽകാനാണ് തീരുമാനം.
ജില്ലാ മെഡിക്കൽ ഓഫീസർ, ഡോ.ടി.കെ. ജയന്തി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |