SignIn
Kerala Kaumudi Online
Wednesday, 07 January 2026 12.26 PM IST

ലഹരിക്കടത്തിലെ മുഖ്യകണ്ണികൾക്കായി വലവിരിച്ചു എം.ഡി.എം.എയുമായി ഡോക്ടറും ടെക്കിയുമടക്കം 7 പേർ പിടിയിൽ ജീപ്പിൽ കാറിടിച്ച് കടന്നു, വീടുവളഞ്ഞ് പിടികൂടി

Increase Font Size Decrease Font Size Print Page
1

തിരുവനന്തപുരം/കഴക്കൂട്ടം: തിരുവനന്തപുരം നഗരത്തിൽ ലഹരി മരുന്ന് വിതരണം ചെയ്യുന്ന മുഖ്യകണ്ണികളെ തേടിയിറങ്ങിയ പൊലീസിന്റെ വലയിൽ കുടുങ്ങിയത്

ഡോക്ടറും ബി.ഡി.എസ് വിദ്യാർത്ഥിനിയും ഐ.ടി ജീവനക്കാരനുമടക്കം അടക്കം ഏഴുപേർ. ഒരാഴ്ചയായി നടത്തുന്ന ശ്രമത്തിനൊടുവിലാണ് ഇവർ കുടുങ്ങിയത്. കഴിഞ്ഞ ദിവസം നെടുമങ്ങാടുവച്ച് പൊലീസ് ജീപ്പിൽ കാറിടിച്ച് രക്ഷപ്പെട്ട സംഘത്തെ കണിയാപുരത്തെ വാടക വീടുവളഞ്ഞാണ് പിടികൂടിയത്.

നെടുമങ്ങാട് മണ്ണൂർക്കോണം സ്വദേശി അസിം (29), അട്ടക്കുളങ്ങര സ്വദേശി ഡോ.വിഗ്നേഷ് ദത്തൻ (34), കൊട്ടാരക്കര സ്വദേശിയും ബി.ഡി.എസ് വിദ്യാർത്ഥിയുമായ ഹലീന (27), കൊല്ലം ആയൂർ സ്വദേശിയായ ഐ.ടി ജീവനക്കാരൻ അവിനാഷ് (29), തൊളിക്കോട് സ്വദേശി അജിത്ത് (30), പാലോട് സ്വദേശിനി അൻസിയ (37), കൊല്ലം ഇളമാട് സ്വദേശി ഹരീഷ് (29) എന്നിവരാണ് അറസ്റ്റിലായത്. ആറ്റിങ്ങൽ, നെടുമങ്ങാട് റൂറൽ ഡാൻസാഫ് സംഘങ്ങൾ സംയുക്തമായാണ് പ്രതികളെ കുടുക്കിയത്.

ഇവരിൽനിന്ന് നാല് ഗ്രാം എം.ഡി.എം.എ, ഒരു ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, നൂറുഗ്രാം സാധാരണ കഞ്ചാവ് എന്നിവ പിടിച്ചെടുത്തു. രണ്ട് കാറുകൾ, രണ്ട് ബൈക്കുകൾ, പത്ത് മൊബൈൽ ഫോണുകൾ എന്നിവയും പിടിച്ചെടുത്തു.

എം.ഡി.എം.എ കടത്തു കേസിൽ 10 വർഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ടശേഷം ജാമ്യത്തിലിറങ്ങിയ അസിമിനെയും അജിത്തിനെയും പിടികൂടുന്നതിനായി ഒരാഴ്ചയായി നടത്തിയ ശ്രമത്തിനൊടുവിലാണ് സംഘം പിടിയിലായത്. ഇരുവരും ലഹരിമരുന്ന് വിതരണത്തിന്റെ മുഖ്യകണ്ണികളാണ്. അഞ്ചു വർഷം ശിക്ഷ അനുഭവിച്ചശേഷം ഹൈക്കോടതിയിൽ നിന്ന് ജാമ്യംനേടി പുറത്തിറങ്ങിയ ഇവർ വീണ്ടും ലഹരിക്കടത്ത് നടത്തുകയായിരുന്നു. അസിമിന്റെയും അജിത്തിന്റെയും ജാമ്യം റദ്ദാക്കാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകും.

നർക്കോട്ടിക് ഡിവൈ.എസ്.പിയുടെ മേൽനോട്ടത്തിൽ എസ്.ഐമാരായ ഓസ്റ്റിൻ, ഫയാസ്, ഗ്രേഡ് എസ്.ഐമാരായ സതികുമാർ, അനൂപ്, സീനിയർ സി.പി.ഒമാരായ ഉമേഷ്‌ ബാബു, അനീഷ്, അഖിൽ, രാജേഷ്, രാജീവ്‌, റിയാസ്, ഷിജു, നന്ദു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

ഫോൺ ഓണായി,

സംഘം വലയിലായി

അസിമിനെ പിടികൂടാൻ ഡാൻസാഫ് സംഘം പലതവണ ശ്രമിച്ചെങ്കിലും വലയിലാകാതെ രക്ഷപ്പെട്ടു. കഴിഞ്ഞദിവസം നെടുമങ്ങാടുണ്ടെന്ന് വിവരം ലഭിച്ചതോടെ പിന്തുടർന്നു. അതിനിടെയാണ് പൊലീസ് ജീപ്പിൽ കാറിടിച്ചശേഷം രക്ഷപ്പെട്ടത്. ഇയാളുടെ സ്വിച്ച് ഓഫായിരുന്ന ഫോൺ ഇന്നലെ പുലർച്ചെ കണിയാപുരം തോപ്പിൽ ഭാഗത്തുവച്ച് ഓണായതോടെ വാടകവീട് കണ്ടെത്തി സംഘത്തെ പിടികൂടുകയായിരുന്നു.

എത്തിക്കുന്നത്

ബംഗളൂരുവിൽ നിന്ന്

അസിം, അജിത്ത്, അൻസിയ എന്നിവർ ചേർന്ന് ബംഗളൂരുവിൽ നിന്നാണ് ലഹരിമരുന്ന് എത്തിക്കുന്നത്. പ്രൊഫഷണൽ വിദ്യാർത്ഥികൾക്കും ഡോക്ടർമാർക്കുമടക്കം വിതരണം ചെയ്യും. ലഹരിയുടെ ഉറവിടം തേടി ബംഗളൂരു കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിക്കാനാണ് പൊലീസിന്റെ തീരുമാനം.

TAGS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY