
ചേർത്തല: സി.പി.ഐക്കെതിരെ നടത്തിയ 'ചതിയൻ ചന്തു" പരാമർശത്തിൽ ഉറച്ചുനിൽക്കുന്നതായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കണിച്ചുകുളങ്ങരയിലെ വസതിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെള്ളാപ്പള്ളിക്ക് കൈ കൊടുക്കുമെന്നും ചിരിക്കുമെന്നും എന്നാൽ കാറിൽ കയറ്റില്ലെന്നും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറയുന്നു. എന്റെ മുന്നിൽ വന്ന് കൈനീട്ടുന്നതിനും കാശുമേടിക്കുന്നതിനും കുഴപ്പമില്ലെന്നാണോ? നാലു മാസം മുമ്പും വന്നു കാശുവാങ്ങി. അദ്ദേഹം ഉദ്ദേശിച്ചതിലും മൂന്നിരട്ടിയാണ് കൈയിൽ കൊടുത്തത്. അന്ന് അദ്ദേഹം പറഞ്ഞത് മുഴുവനും താനിപ്പോൾ പുറത്ത് പറയുന്നില്ല.
ബിനോയ് വിശ്വത്തിന്റെ കാറിൽ കയറേണ്ട കാര്യം എനിക്കില്ല. എന്റെ കാറുകൾ പ്രഗത്ഭ സി.പി.ഐ നേതാക്കളായിരുന്ന പി.കെ.വിയും പി.എസ്.ശ്രീനിവാസനും മറ്റും കൊണ്ടുനടന്നതാണ് ചരിത്രം.
തദ്ദേശ തോൽവി: മുഖ്യ
പങ്ക് സി.പി.ഐക്ക്
പ്രശ്നങ്ങൾ മുന്നണിയിൽ പരിഹരിക്കുന്നതിന് പകരം പരസ്യമായി പറഞ്ഞ് വിവാദം സൃഷ്ടിച്ച സി.പി.ഐ നിലപാട് തദ്ദേശതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ദോഷം ചെയ്തു. കേന്ദ്രസർക്കാർ വിദ്യാഭ്യാസമേഖലയിൽ സംസ്ഥാനങ്ങൾക്ക് നേട്ടമുണ്ടാകുന്ന പദ്ധതി കൊണ്ടുവന്നപ്പോൾ അതിനെതിരെ സി.പി.ഐ രംഗത്ത് വന്നു. തിരഞ്ഞെടുപ്പിൽ തോറ്റതിൽ സി.പി.ഐയ്ക്ക് മുഖ്യപങ്കുണ്ട്. അത് ചൂണ്ടിക്കാട്ടിയപ്പോൾ തേജോവധം ചെയ്യാനാണ് ബിനോയ് ശ്രമിച്ചത്. കേന്ദ്രനയങ്ങളോട് വിയോജിപ്പുള്ളപ്പോഴും ചിലതെല്ലാം സംസ്ഥാനം നടപ്പാക്കേണ്ടി വരും.
അതുൾക്കൊള്ളാതെ പരസ്യവിവാദത്തിന് ശ്രമിച്ചത് ചതിയൻ ചന്തുവിന്റെ സമീപനമാണ്. തദ്ദേശതിരഞ്ഞെടുപ്പിൽ എത്ര സീറ്റ് ലഭിച്ചെന്ന് സി.പി.ഐ പരിശോധിക്കുന്നത് നന്നായിരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |