
സ്വർണം, വെള്ളി, ക്രൂഡ് വില കുതിച്ചേക്കും
കൊച്ചി: വെനസ്വേല ആക്രമിച്ച് പ്രസിഡന്റിനെ തട്ടികൊണ്ടു പോയ അമേരിക്കൻ നീക്കം രാജ്യത്തെ ധന, കമ്പോള വിപണികളെ മുൾമുനയിലാക്കുന്നു. രണ്ട് ദിവസത്തെ അവധിക്ക് ശേഷം വ്യാപാരം ആരംഭിക്കുമ്പോൾ സ്വർണം, വെള്ളി, ക്രൂഡോയിൽ വിലയിൽ കുതിപ്പുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്. രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിനും വെള്ളിക്കും പ്രിയം വർദ്ധിപ്പിക്കും. അതേസമയം ഇന്ത്യൻ ഓഹരി വിപണിയിൽ കാര്യമായ തിരിച്ചടിക്ക് വഴിയില്ല. വെനസ്വേലയുമായി വ്യാപാര ബന്ധമുള്ള കമ്പനികൾ കുറവാണെന്നതാണ് കാരണം.പുതുവർഷത്തിൽ സ്ഥിരതയോടെ നീങ്ങുന്ന സ്വർണ വിപണിക്ക് രാഷ്ട്രീയ പ്രതിസന്ധി ആവേശം പകരും. ഇതോടെ കേരളത്തിൽ പവൻ വില വീണ്ടും ഒരു ലക്ഷം രൂപയ്ക്ക് മുകളിലെത്തിയേക്കും. രാജ്യാന്തര വിപണിയിൽ വെള്ളിയാഴ്ച സ്വർണ വില ഔൺസിന് 4,330 ഡോളറിലാണ് വ്യാപാരം അവസാനിച്ചത്. ക്രൂഡോയിൽ വില ബാരലിന് 61 ഡോളറിലാണ്. അമേരിക്കയ്ക്ക് ക്രൂഡോയിൽ വിപണിയിൽ വിപുലമായ താത്പര്യമുള്ളതിനാൽ വില 60 ഡോളറിലും താഴെ പോകാനിടയില്ല. വെനസ്വേലയിലെ പ്രതിസന്ധി ആഗോള ക്രൂഡോയിൽ സപ്ളൈ ശൃംഖലയെ ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.
പ്രവർത്തന ഫലം കാത്ത് ഓഹരി വിപണി
ഒക്‌ടോബർ മുതൽ ഡിസംബർ വരെയുള്ള മൂന്ന് മാസത്തിലെ കമ്പനികളുടെ പ്രവർത്തന ഫലമാണ് നിക്ഷേപകർ കരുതലോടെ കാത്തിരിക്കുന്നത്. ഇന്ന് മുതൽ കമ്പനികളുടെ ലാഭ, നഷ്ടക്കണക്കുകൾ പുറത്തുവരും. ഇൻഫോസിസ്. ടി.സി.എസ് തുടങ്ങിയ ഐ.ടി കമ്പനികളുടെ വിപണി അവലോകനം ഏറെ പ്രധാനമാണ്. ഇതോടൊപ്പം ആഗോള രാഷ്‌ട്രീയ സംഭവ വികാസങ്ങളും വിപണിയുടെ നീക്കത്തെ സ്വാധീനിക്കും. മൈക്രോ സാമ്പത്തിക കണക്കുകളും വിദേശ ധനകാര്യ കമ്പനികളുടെ നിലപാടും നിക്ഷേപകർ കരുതലോടെ കാത്തിരിക്കുന്നു.
രൂപ ചാഞ്ചാട്ടം തുടർന്നേക്കും
ആഗോള വിപണിയിൽ രാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധി ശക്തമായതിനാൽ ഈ വാരവും രൂപയുടെ മൂല്യത്തിൽ ചാഞ്ചാട്ടം തുടർന്നേക്കും. ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ ശക്തമാകുന്നതിന് സാദ്ധ്യതയേറെയാണ്. അതേസമയം രൂപയ്ക്ക് പിന്തുണ നൽകാൻ റിസർവ് ബാങ്ക് വിപണിയിൽ ഇടപെടുമെന്നാണ് പ്രതീക്ഷ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |