
കൊല്ലം: ജില്ലയിലെ പല റെയിൽവേ സ്റ്റേഷനുകളിലും പാർക്കിംഗ് കരാറെടുത്തവർ വൻ തുക വാങ്ങി മോശം സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് ആക്ഷേപം. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങൾ വന്നുപോകുന്ന റെയിൽവേ സ്റ്റേഷനുകളിലെ പാർക്കിംഗ് ഗ്രൗണ്ടിൽ അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കാതെയാണ് ഫീസ് പിരിക്കുന്നത്.
മഴയും വെയിലും കൊള്ളുന്ന തുറസായ മൈതാനത്താണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. മേൽക്കൂരയോ, പാർക്കിംഗ് ഷെഡോ നിർമ്മിച്ചിട്ടില്ല. ഇതിനെതിരെ പരാതി ശക്തമായിട്ട് വർഷങ്ങളായി. മഴക്കാലമെത്തിയാൽ പാർക്കിംഗ് സ്ഥലം വെള്ളക്കെട്ടാകും. തൃശൂർ റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് സ്ഥലത്ത് ബൈക്കുകളും സ്കൂട്ടറുകളും കത്തിനശിച്ച സാഹചര്യത്തിലാണ് ആരോപണം ഉയരുന്നത്. ആവശ്യത്തിന് ഫയർ പ്രതിരോധ സംവിധാനങ്ങൾ ഇല്ലാതിരുന്നതിനാൽ 500ൽ അധികം ഇരുച്ചക്ര വാഹനങ്ങളാണ് കത്തിനശിച്ചത്.
കൊല്ലം റെയിൽവേ സ്റ്റേഷനോട് ചേർന്നുള്ള പാർക്കിംഗ് കേന്ദ്രത്തിൽ ചിന്നക്കട മേൽപ്പാലത്തോട് ചേർന്നുള്ള ഭാഗത്ത് മാലിന്യവും മരച്ചില്ലകളും കുറ്രിച്ചെടികളും ഉണങ്ങിയത് കൂടിക്കിടക്കുകയാണ്. ഇതിനോട് ചേർന്ന് നിരവധി കാറുകൾ പാർക്ക് ചെയ്തിട്ടുണ്ട്. പാലത്തിലെ നടപ്പാതയിലൂടെ പോകുന്നവർ സിഗരറ്റ് കത്തിച്ചതോ മറ്റോ അബദ്ധത്തിൽ ഇവിടേക്ക് ഉപേക്ഷിച്ചാൽ വലിയ ദുരന്തമാകും ഉണ്ടാവുക. കൂടാതെ വാഹനങ്ങൾക്ക് മുകളിലൂടെയുള്ള കേബിൾ വയറുകളും അപകടഭീഷണി ഉയർത്തുന്നു.
8 മുതൽ 24 മണിക്കൂർ വരെ ഇരുചക്ര വാഹനം പാർക്ക് ചെയ്യാൻ ഈടാക്കുന്നത് 30 രൂപ മുതൽ മുകളിലേക്കാണ്. കാറുകൾക്ക് 70-80 രൂപവരെ വാങ്ങുന്നുണ്ട്. അഞ്ച് ദിവസം വരെ കാറുകൾക്ക് 600 രൂപയാണ് ഈടാക്കുന്നത്. പിന്നീട് ഓരോ ദിവസവും 200 രൂപ അധികം കൂടിക്കൊണ്ടിരിക്കും.
സ്ഥിരമായി ട്രെയിൻ യാത്ര നടത്തുന്ന ജീവനക്കാരാണ് കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. കൊല്ലം റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് ഏരിയ വളരെ ചെറുതായതിനാൽ കുറച്ച് വാഹനങ്ങൾ മാത്രമേ പാർക്ക് ചെയ്യാൻ സാധിക്കുന്നുള്ളൂ. അധികം വരുന്ന വാഹനങ്ങൾ റോഡരികിലും മറ്റും പാർക്ക് ചെയ്യുന്നതിനാൽ മറ്റു വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്.
പരിശോധന ശക്തമാക്കി
തൃശൂരിലെ അപകടത്തിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ റെയിൽവേ സ്റ്റേഷനുകളിലെ പാർക്കിംഗ് കേന്ദ്രങ്ങളുടെ സുരക്ഷ ആർ.പി.എഫ്, പൊലീസ്, ഫയർ ഫോഴ്സ് വകുപ്പുകൾ സംയുക്തമായി വിലയിരുത്തി. സി.സി.ടി.വി സ്ഥാപിച്ചിട്ടുണ്ടോ, സ്റ്റോറേജ് സംവിധാനം പ്രവൃത്തിക്കുന്നുണ്ടോ, രജിസ്റ്റർ സൂക്ഷിക്കുന്നുണ്ടോ, രജിസ്റ്ററിൽ വാഹന ഉടമകളുടെ പേര്, മൊബൈൽ നമ്പർ എന്നിവ രേഖപ്പെടുത്തുന്നുണ്ടോ, അഗ്നിശമന ഉപകരണം പ്രവർത്തിക്കുന്നുണ്ടോ, പാർക്കിംഗ് ഏരിയയുടെ മുകളിലൂടെ ഇലക്ട്രിക് ലൈനുകൾ കടന്നുപോകുന്നുണ്ടോ, നടത്തിപ്പിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതിയുണ്ടോ, പാർക്കിംഗ് കേന്ദ്രങ്ങൾ ഇൻഷ്വർ ചെയ്തിട്ടുണ്ടോ, കൂടുതൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നുണ്ടോ എന്നിവയാണ് പരിശോധിച്ചത്. പിഴവുകൾ പരിഹരിക്കാനും നിർദേശം നൽകി. തിരുവനന്തപുരം റെയിൽവേ പൊലീസ് സുപ്രണ്ട് ഷഹൻഷായുടെ നിർദേശ പ്രകാരമായിരുന്നു പരിശോധന.
ഒരു മാനദണ്ഡവുമില്ലാതെയാണ് പാർക്കിംഗ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. പലയിടങ്ങളിലും മേൽക്കൂര ഇല്ല. പേരിന് ക്യാമറ ഉണ്ടെങ്കിലും അതും വെറുതെയാണ്.
അമേയ പ്രദീപ്, സ്ഥിരം യാത്രക്കാരി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |