
തിരുവനന്തപുരം: ആന്റണിരാജു എം.എൽ.എ നിയമ നടപടികളിൽ കുരുങ്ങിയതോടെ, തിരുവനന്തപുരം അസംബ്ളി സീറ്റ് സി.പി.എം ഏറ്റെടുത്തേക്കും. ആന്റണി രാജുവിന്റെ ജനാധിപത്യ കേരള കോൺഗ്രസിന് ഇടതു മുന്നണി ഒരു സീറ്റാണ് നൽകിയിട്ടുള്ളത്. തുടർഭരണം ലക്ഷ്യമിടുന്ന എൽ.ഡി.എഫിനെ സംബന്ധിച്ച് ഓരോ സീറ്റും നിർണ്ണായകമാണ്. അതിനാൽ സ്ഥാനാർത്ഥിയുടെ ജയ സാദ്ധ്യതയും കണക്കിലെടുക്കും. തന്റെ സീറ്റിൽ മറ്റൊരാളെ നിറുത്തി മത്സരിപ്പിക്കാൻ ആന്റണിരാജു തയ്യാറാവുമോ എന്നതും പ്രധാനമാണ്. തത്കാലത്തേക്കെങ്കിലും സീറ്റ് സി.പി.എമ്മിന് വച്ചൊഴിയാനും സാദ്ധ്യതുണ്ട്.
കഴിഞ്ഞ തവണ ഇവിടെ യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന വി.എസ്.ശിവകുമാർ മണ്ഡലത്തിൽ സജീവമാണ്. യു.ഡി.എഫ് ഘടകക്ഷിയായ സി.എം.പിക്ക് തിരുവനന്തപുരം സീറ്റ് നൽകിയേക്കുമെന്ന് സൂചനയുണ്ട്. ഇത് മുൻകൂട്ടിക്കണ്ടാണ് ശിവകുമാറിന്റെ നീക്കം. ജനാധിപത്യ കേരള കോൺഗ്രസിന്റെ നീലപാടിനെ ആശ്രയിച്ചാവും സി.പി.എം തീരുമാനത്തിലെത്തുക. നിലവിൽ ജില്ലയിൽ കോവളം ഒഴികെയുള്ള 13 മണ്ഡലങ്ങളും ഇടതുപക്ഷത്തിന്റെ കൈവശമാണ്.
ഹസനെ തോല്പിച്ച് സഭയിൽ
1996ൽ കേരള കോൺഗ്രസ് (ജോസഫ്) പ്രതിനിധിയായി മത്സരിച്ച ആന്റണി രാജു 6,894 വോട്ടുകൾക്ക് കോൺഗ്രസിന്റെ എം.എം.ഹസനെ തോൽപ്പിച്ചാണ് ആദ്യം നിയസഭയിലെത്തിയത്. പിന്നീട് അദ്ദേഹം 2021ലാണ് സിറ്റിംഗ് എം.എൽ.എ വി.എസ്.ശിവകുമാറിനെ 7,089 വോട്ടുകളുടെ വ്യത്യാസത്തിൽ പരാജയപ്പെടുത്തി നിയമസഭാംഗവും മന്ത്രിയുമായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |