
രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുവരികയാണ്. സമീപഭാവിയില്‍ തന്നെ ഇ.വി ഉപയോക്താക്കളുടെ എണ്ണം ഇരട്ടിയോളം വര്‍ദ്ധിച്ചേക്കാം. എന്നാല്‍ ഒരു പെട്രോള്‍ - ഡീസല്‍ വാഹനം വാങ്ങുന്നത് പോലെ എളുപ്പത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാന്‍ കഴിയില്ല. വിലയിലുള്ള വ്യത്യാസം തന്നെയാണ് ഇതിന് പ്രധാന കാരണം. ഇപ്പോഴിതാ മലിനീകരണ തോത് കുറയ്ക്കുന്നതിന്റെ ഭാഗമായി ഐസ് എഞ്ചിന്‍ വാഹനങ്ങള്‍ ഇലക്ട്രിക് വാഹനങ്ങളായി മാറ്റുന്നതിനുള്ള സാദ്ധ്യതകള്‍ പരിശോധിച്ച് വരികയാണ് ഡല്‍ഹി സര്‍ക്കാര്‍.
രാജ്യതലസ്ഥാനത്ത് വര്‍ദ്ധിച്ച് വരുന്ന അന്തരീക്ഷ മലിനീകരണതോത് കുറയ്ക്കുകയെന്നത് തന്നെയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. പെട്രോള്‍, ഡീസല്‍ കാറുകള്‍ ഇലക്ട്രിക്കിലേക്ക് മാറ്റുന്നതിന് ഇന്‍സെന്റീവ് അനുവദിക്കാനുള്ള നീക്കത്തിലാണ് ഡല്‍ഹി സര്‍ക്കാര്‍. ഇതിനുള്ള പദ്ധതികള്‍ ഉള്‍പ്പെടുത്തിയായിരിക്കും പുതിയ ഇലക്ട്രിക് വാഹന നയം (ഇ.വി പോളിസി) ഒരുങ്ങുകയെന്നാണ് ചില ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
നിലവില്‍ ഐസ് എഞ്ചിന്‍ ഉപയോഗിക്കുന്ന പെട്രോള്‍ - ഡീസല്‍ വാഹനങ്ങള്‍ ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റുന്നതിന് 50,000 രൂപ വീതം നല്‍കാനാണ് ഡല്‍ഹി സര്‍ക്കാര്‍ ആലോചിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ഇ.വിയിലേക്ക് മാറുന്ന ആദ്യ 1000 വാഹനങ്ങള്‍ക്കായിരിക്കും സര്‍ക്കാര്‍ 50,000 രൂപ വീതം നല്‍കുക. ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയമാണ് ഇത്തരമൊരു നിര്‍ദേശം സംസ്ഥാന സര്‍ക്കാരിന് മുന്നില്‍ വച്ചത്. എന്നാല്‍ പ്രധാന കടമ്പ എന്തെന്നാല്‍ ഈ നിര്‍ദേശത്തിന് ക്യാബിനറ്റ് അംഗീകാരം ലഭിക്കേണ്ടതുണ്ട്.
നിലവില്‍ വാഹനത്തിന് കരുത്തേകുന്ന പെട്രോള്‍-ഡീസല്‍ എന്‍ജിനുകള്‍ നീക്കം ചെയ്ത്, പകരം ഇലക്ട്രിക് മോട്ടോറും ബാറ്ററി പാക്കും നല്‍കിയായിരിക്കും ഈ റെട്രോഫിറ്റിങ് നടപ്പാക്കുന്നത്. ഈ സംവിധാനം മുമ്പ് തന്നെ പരിഗണിച്ചിരുന്നെങ്കിലും ഉയര്‍ന്ന ചെലവും വാഹനങ്ങളുടെ മോഡലുമായിരുന്നു പ്രതിസന്ധി സൃഷ്ടിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |