SignIn
Kerala Kaumudi Online
Thursday, 08 January 2026 7.13 AM IST

വെള്ളാപ്പള്ളി നടേശനുമായി സംഭാഷണം: 'പിണറായിയെ അങ്ങനെ എഴുതിത്തള്ളാനാവില്ല'

Increase Font Size Decrease Font Size Print Page
sa

 മുസ്ളിം സമുദായത്തെ എതിർത്ത് സംസാരിച്ചിട്ടില്ല

 തുറന്നുകാട്ടിയത് മുസ്ളിം ലീഗിന്റെ വ‍ഞ്ചന

 ബിനോയ് വിശ്വത്തിന്റേത് വിവരമില്ലായ്മ

 രാജീവ് ചന്ദ്രശേഖർ സത്യസന്ധനായ നേതാവ്

നീതിക്കായി ശബ്ദമുയർത്തിയ തന്നെ വർഗീയവാദിയാക്കി,​ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്ന് എസ്.എൻ.ഡി.പി യോഗം ജന. സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഒരിക്കൽ തന്റെ സൗജന്യം പറ്റിയ മുസ്ലീം ലീഗാണ് ഇതിന് നേതൃത്വം നൽകുന്നതെന്നും,​ ഇന്ന് ക്രിസ്ത്യാനികൾ പോലും ഭയത്തോടെയാണ് ലീഗിനെ കാണുന്നതെന്നും 'കേരളകൗമുദി ന്യൂസി"ന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ വെള്ളാപ്പള്ളി തുറന്നടിച്ചു. അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ:

?​ വിവാദങ്ങൾ താങ്കൾക്ക് പുത്തരിയല്ലെങ്കിലും വളഞ്ഞിട്ട് ആക്രമിക്കുന്നത് ആദ്യമാണെന്നു തോന്നുന്നു...

 മുസ്ലീം ലീഗ് നേതാക്കൾ എന്നെ ഒറ്റപ്പെടുത്തി ആക്രമിക്കുവാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്. അവരുടെ പിൻബലത്തിൽ ടിവി ചാനലുകളും എന്നെ വേട്ടയാടുന്നു. ലീഗിന്റെ വഞ്ചന തുറന്നുകാട്ടുകയല്ലാതെ മുസ്ലീം സമുദായത്തെ എതിർത്ത് ഞാൻ ഒരിക്കലും സംസാരിച്ചിട്ടില്ല.

പണ്ട് ലീഗിനൊപ്പം ഉറച്ചുനിന്ന ആളായിരുന്നു ഞാൻ. യു.ഡി.എഫിനെ അധികാരത്തിലെത്തിക്കാൻ സഹായിച്ചാൽ സാമുദായിക സംവരണത്തിൽ ഉചിതമായ തീരുമാനം എടുക്കാമെന്ന് അന്ന് ലീഗ് നൽകിയ ഉറപ്പിൽ വിശ്വസിച്ചായിരുന്നു അത്. പക്ഷെ, അധികാരത്തിൽ എത്തിയപ്പോൾ എല്ലാ ഉറപ്പും അവർ മറന്നു. അക്കാലത്ത് നായർ- ഈഴവ ഐക്യത്തിനായുള്ള ശ്രമങ്ങളെപ്പോലും അവർ അട്ടിമറിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു വേണ്ടി പലവട്ടം അപേക്ഷ നൽകിയെങ്കിലും അവഗണിച്ചു. അതോടെ ലീഗുമായി അകന്നു. അധികാരം നഷ്ടപ്പെട്ട ശേഷം ലീഗ് നേതാക്കൾ ബന്ധം പുനസ്ഥാപിക്കാൻ ഇങ്ങോട്ട് സമീപിച്ചെങ്കിലും അവഗണിച്ചു. അതോടെ എന്നെ വേട്ടയാടുക എന്നതായി അവരുടെ രീതി.

?​ പണ്ട് ആർ. ശങ്കറും മന്നത്ത് പത്മനാഭനും ചേർന്ന് ഹിന്ദു ഐക്യത്തിന് രംഗത്തിറങ്ങിയപ്പോൾ അവരെ വർഗീയവാദികളെന്ന് മുദ്രകുത്തി ആക്രമിച്ചു. ഇപ്പോൾ താങ്കൾ ഒരു ചുവടു കൂടി കടന്ന് 'നായാടി മുതൽ നസ്രാണി വരെ" ഒരുമിച്ചു നിൽക്കണമെന്ന് പറഞ്ഞു. ഇതാണോ എതിരാളികളെ ചൊടിപ്പിക്കുന്നത്.

 സത്യമാണ്. ഹിന്ദുക്കളും ക്രിസ്ത്യാനികളും ഒരുമിച്ചു നിന്നാൽ വലിയ കരുത്താണ്. അത് നന്നായി അറിയാവുന്ന ലീഗുകാർ എന്നെ ആക്രമിക്കുന്നു. മതമാണ് വലുതെന്ന് കെ.എം ഷാജി പ്രസംഗിച്ചതിനെ ഭയത്തോടെയാണ് ക്രിസ്ത്യാനികൾ കാണുന്നത്. തീവ്ര നിലപാടുള്ള ചില മുസ്ലീം സംഘടനകൾ ചെയ്യുന്നതെല്ലാം എല്ലാവരും കാണുകയല്ലേ.

?​ ഇക്കാരണങ്ങൾകൊണ്ടാണോ വീണ്ടും യു.ഡി.എഫ് അധികാരത്തിൽ വന്നാൽ മാറാട് പോലുള്ള കലാപങ്ങൾ നടക്കുമെന്നു പറഞ്ഞത്.

 അതെ. ഇത്രയൊന്നും വർഗീയ വേർതിരിവ് സമൂഹത്തിൽ ഇല്ലാതിരുന്ന സമയത്താണ് മാറാട് കലാപം നടന്നത്. ഇന്ന് സാഹചര്യം മാറിയിരിക്കുന്നു. വർഗീയത ഊതിവീർപ്പിച്ച് കരുത്താർജ്ജിച്ച ലീഗിനെയാണ് നമുക്ക് കാണാൻ കഴിയുന്നത്. അതുകൊണ്ട്, ഇനി യു.ഡി.എഫിന് അധികാരം കിട്ടിയാൽ ഒന്നല്ല, മാറാട് കലാപത്തിനു സമാനമായ പല കലാപങ്ങൾ നടക്കും.

? സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കടുത്ത വിമർശനമാണല്ലോ ഉന്നയിച്ചത്.

 സി.പി.ഐ അനാവശ്യമായി വിവാദം ഉണ്ടാക്കുകയാണ്. പി.എം ശ്രീ വിഷയത്തിലും അതല്ലേ അവർ ചെയ്തത്. പി.കെ.വിയെയും പി.എസ്. ശ്രീനിവാസനെയും ടി.വി. തോമസിനെയും പോലെ മഹാന്മാരായ നേതാക്കൾ വളർത്തിയ പ്രസ്ഥാനമാണ് സി.പി.ഐ. ഇപ്പോഴത്തെ സെക്രട്ടറി അവരെയൊക്കെ കണ്ടുപഠിക്കണം.

? ബിനോയ് വിശ്വം എന്തുകൊണ്ടാവും താങ്കളെ ഇത്തരത്തിൽ വിമർശിക്കുന്നത് എന്നാണ് കരുതുന്നത്.

 വിവരമില്ലായ്മ. അല്ലാതെന്തു പറയാൻ! ഈവഴർ ഉൾപ്പെടെ പിന്നാക്ക സമുദായങ്ങളുടെ കരുത്തിലാണ് സി.പി.ഐയും സി.പി.എമ്മും നിലനില്‍ക്കുന്നത്. ആ തിരിച്ചറിവ് പിണറായി വിജയനുണ്ട്. രാഷ്ട്രീയ പക്വത ഇല്ലാത്തതുകൊണ്ടാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി ഇത്തരത്തിൽ സംസാരിക്കുന്നത്.

? നിലവിലെ സാഹചര്യത്തിൽ മൂന്നാം പിണറായി സർക്കാരിന് സാദ്ധ്യതയുണ്ടോ.

 പിണറായി വിജയനെ അങ്ങനെ എഴുതിത്തള്ളാൻ കഴിയില്ല. ഘടകകക്ഷികളെ ഇത്രയും മികച്ച രീതിയിൽ ഒറ്റക്കെട്ടായി നിറുത്തുന്നു. കോൺഗ്രസിൽ അനൈക്യമാണ്. എത്ര പേരാണ് മുഖ്യമന്ത്രിയാകാൻ നടക്കുന്നത്? കൂടാതെ, മുസ്ലീം ലീഗിന്റെ പ്രമാണിത്തവും.

?​ ഈഴവർ പ്രബല വിഭാഗമാണെങ്കിലും ബി‌.ഡി.ജെ.എസിന് കരുത്ത് തെളിയിക്കാൻ കഴിഞ്ഞില്ലല്ലോ.

 ബി.ഡി.ജെ.എസ് വേണ്ടത്ര വളർന്നിട്ടില്ല. ബി.ജെ.പിയിൽ നിന്ന് അവർക്ക് കാര്യമായ പരിഗണന കിട്ടിയിട്ടില്ല. പലരെയും കേന്ദ്ര സഹമന്ത്രിയാക്കിയിട്ടും ബി.ജെ.പി സംസ്ഥാന നേതൃത്വം ബി.ഡി.ജെ.എസിനെ പരിഗണിച്ചില്ല. എന്നാൽ രാജീവ് ചന്ദ്രശേഖർ എത്തിയശേഷം കാര്യങ്ങൾക്ക് മാറ്റമുണ്ട്. അദ്ദേഹം സത്യസന്ധനായ നേതാവാണ്.

?​ മുപ്പത് വർഷമായി എസ്.എൻ.ഡി.പി യോഗത്തെ നയിക്കുന്നു. എന്താണ് മനസിൽ.

 സന്തോഷവും സങ്കടവുമുണ്ട്. സമുദയത്തിലെ ഐക്യമില്ലായ്മ വല്ലാതെ വിഷമിപ്പിക്കുന്നു. ആത്മാർത്ഥമായി പ്രവർത്തിക്കുന്ന എനിക്കെതിരെ എന്റെ സമുദായക്കാർ തന്നെ കേസും വഴക്കുമായി വരുന്നു. സമുദായത്തിനകത്ത് ശത്രുക്കളുണ്ടെങ്കിലും സംഘടനയ്ക്കകത്ത് എല്ലാവരും ഒറ്റക്കെട്ടായി ഒപ്പം നിൽക്കുന്നത് വലിയ കരുത്താണ്. ഇനിയും ശക്തമായിത്തന്നെ സമുദായത്തിനു വേണ്ടി പ്രവർത്തിക്കും.

(അഭിമുഖം പൂർണമായി കേൾക്കാൻ ക്യു.ആർ കോഡ് സ്കാൻ ചെയ്യുക)​

TAGS: INTERVIEW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.