
തൃശൂർ നഗരത്തിലെ റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് കേന്ദ്രത്തിലുണ്ടായ വൻ തീപിടിത്തത്തിൽ മുന്നൂറോളം ബൈക്കുകൾ കത്തിനശിച്ച സംഭവം ഇത്തരം പാർക്കിംഗ് സ്ഥലങ്ങളിലെ ഗുരുതരമായ വീഴ്ചകളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതു കൂടിയാണ്. കേരളത്തിൽ നൂറുകണക്കിന് റെയിൽവേ യാത്രക്കാർ ബൈക്കുകൾ ഇത്തരം റെയിൽവേ ഷെഡുകളിൽ പാർക്ക് ചെയ്തിട്ടാണ് യാത്ര പോകുന്നത്. ഇതിനായി റെയിൽവേ നിശ്ചയിച്ചിട്ടുള്ള പാർക്കിംഗ് ഫീസും നൽകുന്നു. എന്നാൽ ഇത്തരം ഷെഡുകളിൽ മിനിമം വേണ്ട സൗകര്യങ്ങൾ ഒരുക്കാൻ റെയിൽവേയോ അവർ കരാർ ഏല്പിച്ചിരിക്കുന്നവരോ ഒരു നടപടിയുമെടുക്കാറില്ല. ഹെൽമറ്റ് മോഷണവും പെട്രോൾ ഊറ്റലും മറ്റും നടക്കുന്നുണ്ടെന്ന് ഇത്തരം ചില കേന്ദ്രങ്ങളെ ചുറ്റിപ്പറ്റി യാത്രക്കാർ നിരവധി പരാതികൾ നൽകിയിട്ടുണ്ടെങ്കിലും അതൊന്നും പരിശോധിക്കാനും പരിഹരിക്കാനും റെയിൽവേ അധികൃതർ ശ്രമിച്ചിട്ടില്ല.
ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്യുന്നവരുടെ പരാതികളിൽ നടപടികൾ തക്കസമയത്ത് എടുത്തിരുന്നെങ്കിൽ തൃശൂരിലെ അപകടം ഒഴിവാക്കാമായിരുന്നതാണ്. ഇത്തരം സ്ഥലങ്ങളിൽ നിശ്ചിത കാലയളവിൽ ഫയർ ഓഡിറ്റിംഗ് നടത്തിയാൽത്തന്നെ പല വീഴ്ചകളും കണ്ടെത്തി പരിഹരിക്കാനാവുമായിരുന്നു. തൃശൂരിലെ പാർക്കിംഗ് കേന്ദ്രത്തിൽ ഞായറാഴ്ച രാവിലെ ആറരയോടെയാണ് തീപിടിത്തമുണ്ടായത്. രണ്ടാം ഗേറ്റിലെ പാർക്കിംഗ് കേന്ദ്രത്തിനു മുകളിലൂടെ പോകുന്ന റെയിൽവേ ഇലക്ട്രിക് ലൈനിൽ നിന്ന് തീപ്പൊരി വീണതാണ് വൻ തീപിടിത്തത്തിന് ഇടയാക്കിയതെന്നാണ് പാർക്കിംഗ് കേന്ദ്രത്തിലെ ജീവനക്കാരി മൊഴി നൽകിയിരിക്കുന്നത്. അതേസമയം, തീപിടിത്തം റെയിൽവേ ഇലക്ട്രിക് ലൈൻ കാരണമല്ലെന്ന് ദക്ഷിണ റെയിൽവേ അന്വേഷണത്തിൽ ഉറപ്പിച്ചിട്ടുണ്ട്. റെയിൽവേ ഇലക്ട്രിക് ലൈനിൽ നിന്ന് പാലിക്കേണ്ട മിനിമം അകലം പാർക്കിംഗ് ഏരിയയ്ക്കില്ല എന്ന് സ്ഥലം സന്ദർശിക്കുന്ന ആർക്കും ബോദ്ധ്യമാകുന്നതാണ്.
രണ്ടാം കവാടത്തിലെ ടിക്കറ്റ് കൗണ്ടറിലേക്കും സ്റ്റേഷൻ യാർഡിലെ ട്രാക്കിൽ നിറുത്തിയിട്ടിരുന്ന റെയിൽവേ എൻജിനിലേക്കും തീ പടരുകയുണ്ടായി. ടിക്കറ്റ് കൗണ്ടറിലെ കമ്പ്യൂട്ടർ ഉപകരണങ്ങളും കത്തിനശിച്ചു. റെയിൽവേ എൻജിനും ഭാഗികമായി കത്തി. അഗ്നിരക്ഷാ സേനയുടെ അഞ്ച് യൂണിറ്റുകൾ ഉടൻതന്നെ സ്ഥലത്തെത്തിയതിനാൽ ഒരു മണിക്കൂറിനുള്ളിൽ തീയണയ്ക്കാനായത് കൂടുതൽ അത്യാഹിതങ്ങൾ ഒഴിവാക്കി. തീപിടിത്തത്തിന്റെ കാരണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തേണ്ടത് ഇതുപോലുള്ള മറ്റ് പാർക്കിംഗ് ഷെഡുകളിലും സമാനമായ സാഹചര്യം ഒഴിവാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ ആവശ്യമാണ്. സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ നേരിട്ടെത്തി സ്ഥലം സന്ദർശിക്കുകയുണ്ടായി. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചെന്നും, കേരളത്തിലെ തിരക്കുള്ള മുഴുവൻ 'പേ ആൻഡ് പാർക്ക്" കേന്ദ്രങ്ങളിലെയും സുരക്ഷ പരിശോധിക്കാൻ നിർദ്ദേശം നൽകിയെന്നുമാണ് ഡി.ജി.പി അറിയിച്ചത്.
കരാർ കമ്പനികൾ ഏറ്റെടുത്ത് നടത്തുന്ന ഇത്തരം പാർക്കിംഗ് ഏരിയകളിൽ ചില സ്ഥലങ്ങൾ സാമൂഹ്യവിരുദ്ധർ താവളമാക്കുന്നുണ്ടെന്നും നേരത്തേ പരാതികൾ ഉണ്ടായിരുന്നതാണ്. തമ്പാനൂരിലെ റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് കേന്ദ്രത്തിലും ഗുരുതരമായ വീഴ്ചകളുണ്ടെന്ന് പലതവണ മാദ്ധ്യമ വാർത്തകൾ വന്നിരുന്നതാണ്. റെയിൽവേ എസ്.പിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കരാർ അനുവദിച്ച പരിധിക്കു പുറത്തുള്ള പ്രദേശങ്ങളിലും പാർക്കിംഗ് നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഒരു ബൈക്ക് ഒരു ദിവസം പാർക്ക് ചെയ്യുന്നതിന് ഏതാണ്ട് മുപ്പതു രൂപയാണ് യാത്രക്കാരൻ നൽകേണ്ടിവരുന്നത്. തീപിടിക്കാൻ സാദ്ധ്യതയുള്ള പേപ്പറുകളും പ്ളാസ്റ്റിക്കുകളും മറ്റുമടങ്ങിയ മാലിന്യക്കൂമ്പാരങ്ങളും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. അതിനാൽ തൃശൂരിലേതു പോലുള്ള തീപിടിത്ത ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ പ്രധാനപ്പെട്ട എല്ലാ പാർക്കിംഗ് കേന്ദ്രങ്ങളിലും സുരക്ഷാ നടപടികൾ ഉറപ്പാക്കാൻ റെയിൽവേ അടിയന്തര നടപടികൾ എടുക്കേണ്ടതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |