
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഎമ്മിലും കോൺഗ്രസിലും ബിജെപിയിലും ആരൊക്കെയാണ് സ്ഥാനാർത്ഥികളാകേണ്ടതെന്ന ചർച്ച സജീവമായിരിക്കുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ വിജയം ആവർത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ കോൺഗ്രസ് കളത്തിലിറങ്ങുന്നത്. പാലക്കാട് മണ്ഡലത്തിൽ ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ സ്ഥാനാർത്ഥിയാകണമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
പാലക്കാട് തങ്കപ്പനെ മത്സരിപ്പിക്കണമെന്നാണ് കോൺഗ്രസിന്റെ ജില്ലാ നേതൃയോഗത്തിൽ ആവശ്യം ഉയർന്നത്. കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള ദീപാ ദാസ് മുൻഷിയെ ഇക്കാര്യം അറിയിച്ചു. പാലക്കാട് വീണ്ടും മത്സരിക്കാൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ കരുക്കൾ നീക്കുന്നതിനിടെയാണ് എ തങ്കപ്പൻ മത്സരിക്കണമെന്ന നിലപാടിൽ ജില്ലാ കോൺഗ്രസ് മുന്നോട്ട് വരുന്നത്.
തൃത്താലയിൽ വിടി ബൽറാമും ഇത്തവണ സ്ഥാനാർത്ഥിയാകുമെന്നാണ് വിവരം. എന്നാൽ പട്ടാമ്പി സീറ്റ് ലീഗിന് കൊടുക്കില്ലെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. പട്ടാമ്പി സീറ്റ് ലീഗിന് കൊടുക്കില്ലെന്നും പട്ടാമ്പി കോൺഗ്രസിന് തന്നെ വേണമെന്നും നേതൃയോഗത്തിൽ ആവശ്യമുയർന്നു. പട്ടാമ്പി ലീഗിന് വിട്ടു കൊടുത്താൽ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുമെന്ന് മുൻ എംഎൽഎ സിപി മുഹമ്മദ് ഭീഷണി ഉയർത്തിയെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സന്നദ്ധത അറിയിച്ച് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യരും രംഗത്തെത്തിയിട്ടുണ്ട്. പാർട്ടി പറഞ്ഞാൽ എവിടെയും മത്സരിക്കുമെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |