
ഹരിപ്പാട് :ആറുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ആനയുടെ കൊമ്പിൽ ഇരുത്തുകയും കുട്ടി വീഴുകയും ചെയ്ത സംഭവത്തിൽ ദേവസ്വം പാപ്പാൻ പുനലൂർ കുമരംകുടി മാമൂട്ടിൽ വീട്ടിൽ ജിതിൻരാജ് (39) അറസ്റ്റിൽ. ഹരിപ്പാട് ക്ഷേത്രത്തിലെ സ്കന്ദൻ നാലുപേരെ കൊന്നിട്ടുള്ള ആനയാണെന്ന് പൊലീസ് പറഞ്ഞു. കാൽച്ചുവട്ടിലേക്കാണ് കുഞ്ഞു വീണതെങ്കിലും ഭാഗ്യംകൊണ്ടു രക്ഷപ്പെട്ടു.
ദൃശ്യങ്ങൾ പുറത്തുവന്നതോടെ, ഹരിപ്പാട് പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. കുട്ടിയുടെ അച്ഛനും പാപ്പാന്റെ സഹായിയുമായ കൊട്ടിയം സ്വദേശി അഭിലാഷ് ഒളിവിൽപ്പോയി.
മൃഗങ്ങളെ ഉപയോഗിച്ചുള്ള ആക്രമണം, ജീവഹാനിക്കിടയാക്കുന്ന പ്രവൃത്തികൾ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. ജുവനൈൽ ജസ്റ്റിസ് പ്രകാരവും കേസെടുത്തു.
ഈ മാസം മൂന്നിനായിരുന്നു സംഭവം. സ്കന്ദന്റെ താത്കാലിക പാപ്പാനായ അഭിലാഷ് സ്വന്തം കുഞ്ഞിനെ ആനയ്ക്ക് കീഴിലൂടെ വലം വയ്പിച്ചു. ഇതിനുശേഷം ആനയുടെ കൊമ്പിൽ ഇരുത്തുന്നതിനിടെ കുട്ടി താഴെ വീഴുകയായിരുന്നു.
ഓണത്തിന് ശേഷം ആനയെ പുറത്തെഴുന്നള്ളിക്കുകയോ പുറത്തിറക്കുകയോ ചെയ്യാതെ ആനത്തറയിൽ തളച്ചിരിക്കുകയാണ്.
ജിതിൻ രാജ് ആനയുടെ ചുമതല ഏറ്റെടുത്തിട്ട് ഒന്നര മാസമേ ആയിട്ടുള്ളുവെന്നും സ്ഥിരമായി ഒരു പാപ്പാനും തയ്യാറാകുന്നില്ലെന്നും പൊലീസ് പറഞ്ഞു. പുറത്തെഴുന്നള്ളിക്കുന്നതും പൊതുജനങ്ങളുമായി ബന്ധമുള്ള സ്ഥലത്ത് പ്രദർശിപ്പിക്കുന്നതും പൊലീസ് വിലിക്കിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |