
തിരുവനന്തപുരം: ബി.ജെ.പി കൗൺസിലറും മുൻ ഡി.ജി.പിയുമായ ആർ. ശ്രീലേഖയുമായി ഉണ്ടായ തർക്കത്തിന് പിന്നാലെ വി.കെ. പ്രശാന്ത് എം.എൽ.എ ശാസ്തമംഗലത്തെ കോർപ്പറേഷൻ കെട്ടിടത്തിലെ ഓഫീസ് ഒഴിയുന്നു. മരുതംകുഴിയിലാണ് പുതിയ ഓഫീസ്. അനാവശ്യ വിവാദങ്ങൾ വേണ്ട എന്നതുകൊണ്ടാണ് മാറുന്നതെന്ന് പ്രശാന്ത് പ്രതികരിച്ചു.
വ്യക്തിപരമായ തീരുമാനമാണിത്. വിവാദങ്ങളുണ്ടാക്കി നടത്തിക്കൊണ്ടിരിക്കുന്ന കാര്യങ്ങൾ വിസ്മൃതിയിലാക്കാനും അപവാദം പ്രചരിപ്പിക്കാനും പലരും ഉപയോഗിച്ചു. ഏഴ് വർഷമായി ശാസ്തമംഗലത്തെ മുൻ കൗൺസിലർമാരുമായി ഒരു തർക്കവും ഉണ്ടായിരുന്നില്ല. വിവാദങ്ങൾക്ക് ഇനി സ്ഥാനമില്ല. വികസനത്തിനു വേണ്ടിയാണ് ജനം ഞങ്ങളെ തിരഞ്ഞെടുത്തത്. ഓഫീസിൽ ജനം വരുന്നത് രാഷ്ട്രീയത്തിനല്ല. ഈ വിവാദങ്ങളെ ഉപയോഗിച്ച് തനിക്കെതിരെ വ്യക്തിപരമായി അപവാദം പ്രചരിപ്പിക്കാൻ ശ്രമമുണ്ടായി. നിയമസഭയിൽ നിന്ന് 25,000 രൂപ വാടക അലവൻസ് കിട്ടുന്നുണ്ടെന്ന് പ്രചരിപ്പിച്ചെന്നും പ്രശാന്ത് പറഞ്ഞു.
പ്രശാന്ത് എം.എൽ.എ ഓഫീസ് ഒഴിയണമെന്നാവശ്യപ്പെട്ട് കൗൺസിലർ ശ്രീലേഖ നേരത്തെ രംഗത്തെത്തിയത് വിവാദമായിരുന്നു. ശ്രീലേഖയുടെ വാർഡായ ശാസ്തമംഗലത്തെ കോർപ്പറേഷൻ കെട്ടിടത്തിലാണ് പ്രശാന്തിന്റെ ഓഫീസ് പ്രവർത്തിച്ചിരുന്നത്. സ്ഥലസൗകര്യമില്ലെന്നും അതിനാൽ തന്റെ ഓഫിസ് പ്രവർത്തിപ്പിക്കുന്നതിനായി പ്രശാന്ത് ഓഫീസ് ഒഴിയണമെന്നായിരുന്നു ശ്രീലേഖയുടെ ആവശ്യം.
എന്നാൽ, ഓഫീസ് ഒഴിയാൻ തയ്യാറല്ലെന്നും വാടകക്കാലാവധി കഴിയുന്നതുവരെ തുടരുമെന്നും പ്രശാന്ത് പറഞ്ഞിരുന്നു. വിവാദങ്ങൾക്കു പിന്നാലെ താൻ ഓഫീസ് ഒഴിയാൻ അഭ്യർത്ഥിക്കുക മാത്രമാണ് ചെയ്തതെന്നുപറഞ്ഞ് ശ്രീലേഖ പ്രശാന്തിനെ കാണാൻ ഓഫീസിലെത്തിയിരുന്നു. പ്രശ്നം പരിഹരിച്ചെന്നും പ്രശാന്ത് തുടരുന്നതിൽ തനിക്ക് എതിർപ്പില്ലെന്നും വ്യക്തമാക്കിയിരുന്നു. പിന്നാലെ എം.എൽ.എ ബോർഡിന് മുകളിൽ കൗൺസിലറുടെ ബോർഡ് സ്ഥാപിച്ച് ഓഫീസ് പ്രവർത്തനവും ആരംഭിച്ചിരുന്നു. അതിനിടെയാണ് പ്രശാന്ത് തന്റെ ഓഫീസ് ഒഴിയാൻ തീരുമാനിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |