ചാരുംമൂട് : കനത്ത വേനലിൽ നാട് വരൾച്ചയിലേക്ക് നീങ്ങുമ്പോഴും കല്ലട ഇറിഗേഷൻ പദ്ധതിയുടെ കനാൽ ശുചീകരിക്കാത്തതിൽ പ്രതിഷേധം വ്യാപകം. വേനൽ കടുത്തതോടെ ചാരുംമൂട് മേഖലയിൽ കുടിവെള്ളക്ഷാമം രൂക്ഷമാണ്. കെ.ഐ.പി കനാൽ തുറന്നു വിടാതെ ജലക്ഷാമം പരിഹരിക്കാൻ കഴിയില്ല.
എന്നാൽ കഴിഞ്ഞ മൂന്നുവർഷമായി ശുചീകരിക്കാത്തതിനാൽ കനാൽ കാടുപിടിച്ചുകിടക്കുകയാണ്. പലേടത്തും മാലിന്യക്കൂമ്പാരവും നിറഞ്ഞിട്ടുണ്ട്. ഇത് വൃത്തിയാക്കാതെ വെള്ളം തുറന്നു വിടുന്നത് പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കും.
കനാൽ വൃത്തിയാക്കണമെന്ന് നാനാഭാഗത്തുനിന്നും ആവശ്യമുയർന്നെങ്കിലും തണുപ്പൻ സമീപനമാണ് അധികൃതർ സ്വീകരിക്കുന്നതെന്നാണ് ആക്ഷേപം . ജനുവരി പകുതിയോടെ കനാൽ തുറക്കുമെന്നാണ് പറയുന്നത്.
ശുചീകരണത്തിന് തടസം ഫണ്ടിന്റെ അപര്യാപ്തത
കെ.ഐ .പിയുടെ തനത് ഫണ്ടിന്റെ അപര്യാപ്തത കൊണ്ടാണ് ശുചീകരണം വൈകുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു
മുമ്പ് പ്രവർത്തിച്ചിരുന്നതും പിന്നീട് മാറ്റിയതുമായ കെ.ഐ .പി ചാരുംമൂട് സെക്ഷൻ ഓഫീസ് പുനരാരംഭിക്കണമെന്നും ആവശ്യമുയരുന്നു
പഴകുളം മുതൽ ചാരുംമൂട് വരെയുള്ള 9 കി.മി മാത്രമാണ് ചാരുംമൂട് സെക്ഷൻ ഓഫീസ് കൈകാര്യം ചെയ്യുന്നത്
കനാലിന്റെ ചാരുംമൂട് മേഖലയിലെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി ശ്രദ്ധിക്കുന്നതിന് മുമ്പ് ഇവിടെ പ്രവർത്തിച്ചിരുന്ന സെക്ഷൻ ഓഫീസ് തിരികെ കൊണ്ടുവരണം.
-വി.വിഷ്ണു, ബി.ജെ.പി മണ്ഡലം സെക്രട്ടറി
ബി ജെ പി നിവേദനം നൽകി
കാടു മൂടി മാലിന്യം നിറഞ്ഞ കെ .ഐ.പി കനാൽ എത്രയും വേഗം വൃത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ചാരുംമൂട് മണ്ഡലം കമ്മിറ്റി കെ.ഐ.പി കരുനാഗപ്പള്ളി സെക്ഷൻ ഓഫീസിലും, ചാരുംമൂട് ഓഫീസിലും നിവേദനം നൽകി. ചാരുംമൂട് മണ്ഡലം പ്രസിഡന്റ് കെ സഞ്ജു, ജില്ലാ - മണ്ഡലം ഭാരവാഹികളായ അനിൽ വള്ളികുന്നം അഡ്വ പീയൂഷ് ചാരുംമൂട്, സന്തോഷ് ചത്തിയറ, ശ്രീമോൻ നെടിയത്ത്, വിഷ്ണു വി, ദീപ ജ്യോതിഷ്, അനിൽ കുമാർ, ബിജോഷ്, ജ്യോതിഷ് തുടങ്ങി യവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |