
ഹൈദരാബാദ്: ട്വന്റി-20 ലോകകപ്പിനുള്ള തയ്യാറെടുപ്പുകൾക്കിടെ ഇന്ത്യൻ ടീമിനെ ആശങ്കയിലാഴ്ത്തി പരിക്ക്. യുവതാരം തിലക് വർമ്മയ്ക്കാണ് പരിക്കേറ്റത്. വിജയ് ഹസാരെ ട്രോഫിയിൽ ഹൈദരാബാദിനായി കളിക്കുന്നതിനിടെയാണ് താരത്തിന് അപ്രതീക്ഷിതമായി ശാരീരിക അസ്വസ്ഥതകൾ ഉണ്ടായത്.
പരിശോധനയിൽ ടെസ്റ്റിക്യുലാർ ടോർഷൻ സ്ഥിരീകരിക്കുകയും ഉടൻ തന്നെ ശസ്ത്രക്രിയക്ക് വിധേയനാകാൻ ഡോക്ടർമാർ നിർദ്ദേശിക്കുകയുമായിരുന്നു. ഇതോടെ കിവീസിനെതിരായ പരമ്പരയും തിലകിന് നഷ്ടമാകും. അതേസമയം, തിലകിന്റെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായെന്നാണ് ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
നിലവിൽ താരം സുഖം പ്രാപിച്ചു വരുന്നുണ്ട്. ഇനി എത്രനാൾ വിശ്രമം ആവശ്യമുണ്ടെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ മെഡിക്കൽ പാനലുമായി ചർച്ച ചെയ്ത ശേഷം കൂടുതൽ വിവരങ്ങൾ അറിയിക്കുമെന്നും ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു.
തിലക് വർമ്മയ്ക്ക് പകരക്കാരനായി ആര് വരുമെന്ന ചർച്ചകൾ സജീവമാണെങ്കിലും, ശുഭ്മാൻ ഗില്ലിനെ ട്വന്റി-20 ടീമിലേക്ക് പരിഗണിക്കാൻ സാദ്ധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുത്.
നിലവിലെ ടെസ്റ്റ്, ഏകദിന ക്യാപ്ടനായ ഗില്ലിനെ ടീമിൽ ഉൾപ്പെടുത്തിയിട്ട് മത്സരങ്ങൾ കളിപ്പിക്കാതിരിക്കുന്നത് ഉചിതമല്ലെന്നാണ് സെലക്ടർമാരുടെ വിലയിരുത്തൽ. കൂടാതെ, പരമ്പരയുടെ അവസാന ഘട്ടത്തിൽ തിലക് തിരിച്ചെത്തിയാൽ ഗില്ലിനെ ഒഴിവാക്കേണ്ടി വരുന്ന സാഹചര്യം ഇല്ലാതാക്കാനായിരിക്കും സെലക്ടർമാർ ആഗ്രഹിക്കുന്നത്.
അതേസമയം, ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് ആശ്വാസമായി ശ്രേയസ് അയ്യർ പൂർണ കായികക്ഷമത തെളിയിച്ചു. വിജയ് ഹസാരെ ട്രോഫിയിൽ മുംബയ്ക്ക് വേണ്ടി കളിച്ച അയ്യർ, ഹിമാചൽ പ്രദേശിനെതിരെ 53 പന്തിൽ 82 റൺസ് നേടി ഫോം തെളിയിച്ചു. പരിക്കിന്റെ ലക്ഷണങ്ങളൊന്നുമില്ലാതെ ബാറ്റ് ചെയ്ത അയ്യർ ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിൽ ടീമിനൊപ്പം ചേരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |