കഞ്ചിക്കോട്: ദേശീയ പാതയോരങ്ങളിലെയും കോരയാർ പുഴയിലും കുമിഞ്ഞു കൂടുന്ന മാലിന്യം പുതുശ്ശേരി പഞ്ചായത്തിലെ പുതിയ ഭരണ സമിതിക്ക് തലവേദനയാകുന്നു. പുതുശ്ശേരി മുതൽ വാളയാർ വരെ ദേശീയപാതയുടെ ഇരുവശങ്ങളിലും മാലിന്യം കുമിഞ്ഞ് കൂടി കിടക്കുകയാണ്. കോരയാർ പുഴയിലും മാലിന്യം നിറയുന്നുണ്ട്. പഞ്ചായത്തിലെ കഴിഞ്ഞ ഭരണ സമിതി അഭിമുഖീകരിച്ച വലിയൊരു പ്രശ്നവും ഇത് തന്നെയായിരുന്നു. കഴിഞ്ഞ ഭരണസമിതി ക്ലീൻ കേരള പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിനെ മാലിന്യ വിമുക്തമാക്കാൻ നിരവധി പദ്ധതികൾ ആവിഷ്‌കരിച്ചിരുന്നു. വീടുകളിലെ മാലിന്യങ്ങൾ കൃത്യമായി നീക്കാനും ഗ്രാമങ്ങളിൽ ശുചിത്വം ഉറപ്പ് വരുത്താനും കഴിഞ്ഞു. പക്ഷെ ദേശീയ പാതയോരത്തെ മാലിന്യനിർമ്മാർജനം പഞ്ചായത്തിന് വലിയൊരു കടമ്പയായിരുന്നു. മറ്റ് പ്രദേശങ്ങളിലുള്ളവർ രാത്രികാലങ്ങളിൽ വാഹനങ്ങളിൽ മാലിന്യം കൊണ്ട് തള്ളുന്നതാണ് ദേശീയപാതയിലെ പ്രധാന പ്രശ്നം. പുതുശ്ശേരിക്കാർക്ക് ഇതിൽ യാതൊരു പങ്കുമില്ലെങ്കിലും ഇതിന്റെ ഉത്തരവാദിത്വം മുഴുവൻ പഞ്ചായത്തിനാണ്. വൻ തോതിൽ മാലിന്യം തള്ളുന്ന സ്ഥലങ്ങളിൽ സി.സി.ടി.വി കാമറകൾ സ്ഥാപിച്ചെങ്കിലും ഉദ്ദേശിച്ച ഫലം കിട്ടിയില്ല. സി.സി.ടി.വി ഇല്ലാത്ത മറ്റ് സ്ഥലങ്ങളിൽ മാലിന്യം തള്ളിത്തുടങ്ങി. റോഡരികിലെ മാലിന്യങ്ങൾ തെരുവ് നായ്ക്കൾ റോഡിൽ കൊണ്ടിടുന്നതും ഇവിടെ പതിവ് കാഴ്ച്ചയാണ്. ദേശീയ പാതയിലുടനീളം സി.സി.ടി വി സ്ഥാപിക്കുകയെന്നത് പ്രായോഗികമല്ല. രാത്രിയിൽ കാവൽക്കാരെ നിയോഗിക്കണമെങ്കിൽ ഒരു പാട് ജോലിക്കാർ വേണ്ടി വരും. നിലവിലെ സാഹചര്യത്തിൽ ഇതും പ്രായോഗികമല്ല. പുതിയ ഭരണ സമിതി ഈ വിഷയം എങ്ങിനെ കൈകാര്യം ചെയ്യുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കോരയാർ പുഴയിൽ മാലിന്യം കുമിഞ്ഞ് കൂടി വെള്ളത്തിന്റെ നിറം തന്നെ മാറിയിട്ടുണ്ട്. വാളയാർ ഡാമിൽ നിന്നും ഒഴുകി വരുന്ന ശുദ്ധജലം കഞ്ചിക്കോട് എത്തുമ്പോഴേക്കും മലിനമാവുകയാണ്. ഉപയോഗശൂന്യമായ സാധനങ്ങൾ പുഴയിൽ തള്ളുന്നത് ഇവിടെ പതിവാണ്. ഫാക്ടറികളിൽ നിന്നും വീടുകളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നുമുള്ള അഴുക്കുകൾ പുഴയിലേക്ക് ഒഴുക്കുന്നുണ്ട്. പുഴ മാലിന്യ വിമുക്തമാക്കുന്നതിന് പഞ്ചായത്ത് എന്ത് നടപടി സ്വീകരിക്കും എന്നും നാട്ടുകാർ ഉറ്റുനോക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |