പഴയതിന്റെ തുടർച്ചയാണെങ്കിലും പയ്യോളി വികസനത്തിന്റെ പുതിയ ട്രാക്കിലോടുമെന്ന് മുനിസിപ്പൽ ചെയർപേഴ്‌സൺ എൻ.സാഹിറയുടെ വാഗ്ദാനം. പയ്യോളിയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി, വ്യത്യസ്ത മേഖലകളിൽ പ്രാവീണ്യം നേടിയവരേയും പൊതു പ്രവർത്തരേയും വിളിച്ചു ചേർത്തുകൊണ്ട് വിഷൻ പയ്യോളിക്ക് മാസ്റ്റർ പ്ലാൻ തയ്യാറാക്കുകയാണ് ആദ്യലക്ഷ്യം. ചെയർപേഴ്‌സൺ കേരളകൗമുദിയുമായി സംസാരിക്കുന്നു.
@ കുടിവെള്ളപ്രശ്‌നത്തിന്
പരിഹാരം എങ്ങനെ?
തീരദേശത്ത് പതിറ്റാണ്ടുകളായി കുടിവെള്ളത്തിന്റെ പ്രയാസമനുഭവിക്കുന്നവർക്ക് ആശ്വാസമാകുന്ന തീരദേശ കുടിവെള്ള പദ്ധതിയും കിഴക്കൻ മേഖലയിലെ അമൃത് കുടിവെള്ള പദ്ധതിയും യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തീകരിക്കും.
@ യാത്രാക്ലേശത്തിന്
പരിഹാരം?
പയ്യോളിയിലെ ജനങ്ങൾ ഏറെക്കാലമായി അനുഭവിക്കുന്ന യാത്രാക്ലേശത്തിന് പരിഹാരമായി റോഡുകൾ നവീകരിക്കും.
പയ്യോളിയിലെ റെയിൽവേ ക്രോസിംഗുകളിൽ അനുഭവപ്പെടുന്ന തിരക്കൊഴിവാക്കാൻ മേൽപ്പാലം പണിയാനുള്ള ശ്രമങ്ങൾക്ക് ലോക്സഭാ രാജ്യസഭാ അംഗങ്ങളുടെ സേവനം പ്രയോജനപ്പെടുത്തും.
@ പാർക്കിംഗ് പ്രശ്‌നത്തിന്
എന്താണ് പോംവഴി?
ദേശീയ പാത നിർമ്മാണത്തോടെ താളം തെറ്റിയ ടൗണിൽ വാഹനങ്ങളുടെ പാർക്കിംഗ് പ്രശ്‌നം പരിഹരിക്കാൻ എലിവേറ്റഡ് ഹൈവേയുടെ ഫില്ലറുകൾക്കിടയിൽ പാർക്കിംഗ് പ്ലേസ് ഏർപ്പെടുത്താൻ ഉതകുന്ന രീതിയിൽ നിർമ്മാണ പ്രവർത്തനം ത്വരിതപ്പെടുത്താൻ ഹൈവേ അതോറിറ്റിയോട് ആവശ്യപ്പെടും.
@ ഫിഷ് മാർക്കറ്റിന്റെ സ്ഥിതിയെന്താകും?
പണി പൂർത്തിയായി കൊണ്ടിരിക്കുന്ന ഷോപ്പിംഗ് കോംപ്ലക്‌സിന്റെ പണി പൂർത്തീകരിക്കുന്നതോടൊപ്പം ഫിഷ് മാർക്കറ്റും ആധുനിക സൗകര്യത്തോടെ പൊതു ജനങ്ങൾക്ക് പ്രാപ്യമാക്കും. എല്ലാ വർഷവും വ്യാപാരികളുടെ സഹകരണത്തോടെ പയ്യോളി ഫെസ്റ്റ് വിനോദത്തിനു കൂടി പ്രാമുഖ്യം നൽകി നടത്തും. വ്യാപാരികൾക്കും നഗരസഭയ്ക്കും വരുമാനം വർദ്ധിക്കാൻ ഉതകുന്ന ദ്വിമുഖ പദ്ധതിയാണ് ലക്ഷ്യം വെക്കുന്നത്.
@ കായിക രംഗത്ത്
എന്ത് മുന്നേറ്റം?
കിഴൂരിലെ നായനാർ സ്മാരക സ്റ്റേഡിയം പുനരുദ്ധരിച്ച് കായിക പ്രതിഭകൾക്ക് പ്രയോജനപ്പെടുത്തും. ടൂറിസം മേഖലയിൽ കൂടുതൽ കരുത്തു പകരാനായി വടകര മുനിസിപ്പാലിറ്റിയുടെ കൂടി സഹകരണത്തോടെ കോട്ടക്കൽ കുഞ്ഞാലി മരക്കാർ മ്യൂസിയം സാന്റ് ബാങ്ക് ,മിനി ഗോവ എന്നിവ ഉൾപ്പെടുത്തിക്കൊണ്ടുള്ള ടൂറിസം പദ്ധതിക്ക് രൂപം നൽകും. ഇതിലൂടെ ലഭിക്കുന്ന വിനോദ നികുതി മുനിസിപ്പാലിറ്റിയ്ക്ക് മുതൽ കൂട്ടാവും. പയ്യോളി മുനിസിപ്പാലിറ്റി നവീനമാക്കുന്നതിന്റെ ഭാഗമായി ഹാപ്പിനസ് പാർക്കും ഷീ ടോയ്ലറ്റും സ്ഥാപിക്കും.
വ്യാപാര തൊഴിൽ മേഖലയിൽ ഉണർവ് നൽകുന്ന പദ്ധതികൾക്ക് രൂപം നൽകും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |