കോഴിക്കോട്: കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി നേരിട്ട കോഴിക്കോട് ജില്ലയിൽ ഇത്തവണ വിജയമുറപ്പിക്കാൻ കോൺഗ്രസും യു.ഡി.എഫും. 25 വർഷമായി കൈപ്പത്തി ചിഹ്നത്തിൽ ആരും ജയിക്കാത്ത ജില്ലയിൽ മുതിർന്ന നേതാക്കളെ രംഗത്തിറക്കി മൂന്ന് സീറ്റെങ്കിലും ജയിക്കുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം. കഴിഞ്ഞ തവണ ലഭിച്ച രണ്ട് സീറ്റ് എട്ടായെങ്കിലും ഉയർത്തുകയാണ് യു.ഡി.എഫ് ഉന്നം. എന്നാൽ സീറ്റ് നിർണയമാണ് പ്രധാന വെല്ലുവിളി. 2021ൽ ബേപ്പൂർ, കോഴിക്കോട് നോർത്ത്, കൊയിലാണ്ടി, ബാലുശ്ശേരി, നാദാപുരം മണ്ഡലങ്ങളിലാണ് കോൺഗ്രസ് മത്സരിച്ചത്. നേരത്തെ കോൺഗ്രസ് മത്സരിച്ച വടകര ആർ.എം.പിയും കുന്ദമംഗലം ലീഗ് സ്വതന്ത്രനായി കോൺഗ്രസ് നേതാവ് ദിനേഷ് പെരുമണ്ണയുമായിരുന്നു ജനവിധി തേടിയത്. എലത്തൂർ മാണി.സി കാപ്പന്റെ നാഷണലിസ്റ്റ് കോൺഗ്രസ് കേരള പാർട്ടിക്കും വിട്ടുകൊടുത്തു. ഇത്തവണ കോൺഗ്രസ് ആറു സീറ്റിൽ മത്സരിക്കുമെന്ന് ഉറപ്പിച്ചിരിക്കുകയാണ്. കൊയിലാണ്ടി, കോഴിക്കോട് നോർത്ത്, ബാലുശ്ശേരി, എലത്തൂർ ഒഴികെ മറ്റ് സീറ്റുകൾ ഏതെന്ന് തീരുമാനമായിട്ടില്ല. കുറ്റ്യാടി, കോഴിക്കോട് സൗത്ത്, കൊടുവള്ളി, കുന്ദമംഗലം സീറ്റുകളിൽ ലീഗ് സ്ഥാനാർത്ഥികൾ ഉറപ്പാണ്. വടകര ആർ.എം.പി സ്ഥാനാർത്ഥിയായി കെ.കെ രമ തന്നെ എത്തും. ബേപ്പൂരിൽ പി.വി അൻവർ വരട്ടെയെന്നാണ് കോൺഗ്രസ്, ലീഗ് സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായം. തിരുവമ്പാടി സീറ്റിൽ പിടിമുറുക്കിയിരിക്കുകയാണ് സി.എം.പി. സീറ്റ് കിട്ടിയാൽ സി.പി ജോണിനെ മത്സരിപ്പിക്കാനാണ് ആലോചന.
വെച്ചുമാറൽ എളുപ്പമല്ല
നാദാപുരം നിലനിർത്താനും തിരുവമ്പാടി മുസ്ലിംലീഗിൽ നിന്ന് ഏറ്റെടുക്കാനുമാണ് കോൺഗ്രസ് നീക്കം. എന്നാൽ പേരാമ്പ്രയും നാദാപുരവും വെച്ചുമാറാനാണ് ലീഗിന് താത്പര്യം. തിരുവമ്പാടി വിട്ടുനൽകില്ലെന്ന നിലപാടിലാണ് ലീഗ്. ജില്ലാ ജനറൽ സെക്രട്ടറി ടി.ടി ഇസ്മയിലിനെ നാദാപുരത്ത് മത്സരിപ്പിക്കാനാണ് ലീഗ് ആലോചന. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും അയ്യായിരത്തിൽ താഴെ വോട്ടിന് തോറ്റ കോൺഗ്രസ് ഇത്തവണ മികച്ച സ്ഥാനാർത്ഥിയെ ഇറക്കി മണ്ഡലം പിടിക്കാനാണ് ലക്ഷ്യമിടുന്നത്. ബേപ്പൂർ പി.വി അൻവറിന് നൽകുമ്പോൾ തിരുവമ്പാടിയോ പേരാമ്പ്രയോ കൂടിയേ തീരൂവെന്നാണ് ഡി.സി.സി നേതൃത്വത്തിന്റെ നിലപാട്.
.സാദ്ധ്യത പട്ടിക
നാദാപുരം- കെ.എം അഭിജിത്ത് (കോൺ), ടി.ടി ഇസ്മയിൽ(ലീഗ്)
കുറ്റ്യാടി- പാറക്കൽ അബ്ദുള്ള(ലീഗ്)
വടകര- കെ.കെ രമ (ആർ.എം.പി.ഐ)
പേരാമ്പ്ര- മുല്ലപ്പള്ളി രാമചന്ദ്രൻ (കോൺ), സി.എച്ച് ഇബ്രാഹിം കുട്ടി
കൊയിലാണ്ടി- കെ.പ്രവീൺകുമാർ, മുല്ലപ്പള്ളി രാമചന്ദ്രൻ (കോൺ)
ബാലുശ്ശേരി- രമ്യ ഹരിദാസ്, വി.ടി സൂരജ് (കോൺ)
എലത്തൂർ- നിജേഷ് അരവിന്ദ്, വിദ്യാ ബാലകൃഷ്ണൻ, പി.പി നൗഷീർ (കോൺ)
കോഴിക്കോട് നോർത്ത്- കെ.ജയന്ത്
കോഴിക്കോട് സൗത്ത്- എം.കെ മുനീർ, ഫാത്തിമ തെഹ്ല
കുന്ദമംഗലം- തീരുമാനമായില്ല
കൊടുവള്ളി- പി.കെ ഫിറോസ്
തിരുവമ്പാടി- വി.എസ് ജോയ് (കോൺ), സി.കെ കാസിം ലീഗ്), സി.പി ജോൺ (സി.എം.പി)
ബേപ്പൂർ- പി.വി അൻവർ, ആദം മുൽസി, കെ.പി നൗഷാദലി (കോൺ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |